ദീര്‍ഘകാലം ടെന്നീസിലെ ചക്രവര്‍ത്തിയായി വാണ സ്വിറ്റ്സര്‍ലാന്‍ഡിന്റെ ഇതിഹാസ ടെന്നീസ്താരം റോജര്‍ ഫെഡറര്‍ കായിക ജീവിതത്തിനു ഔദ്യോഗികമായി വിരാമം കുറിച്ചു. കണ്ണീരണിഞ്ഞാണ് ഫെഡറര്‍ കോര്‍ട്ടിനോട് വിട പറഞ്ഞതെങ്കില്‍ കായിക ലോകം ഏറെ ദുഃഖത്തോടെയും വേദനയോടെയുമാണ് ആ വിരമിക്കല്‍ കണ്ടു നിന്നത്. ചിരവൈരിയായ സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിന് ഒപ്പം ഡബിള്‍സില്‍ കളിച്ചാണ് ഫെഡറര്‍ തന്റെ കരിയറിനു വിരാമമിട്ടത്. കാല് നൂറ്റാണ്ടോളം നീണ്ട കരിയര്‍ തോല്‍വിയോടെ അവസാനിപ്പിക്കാനായിരുന്നു റോജര്‍ ഫെഡററിന്റെ വിധി. മത്സര ശേഷം നടന്ന വിടവാങ്ങല്‍ സംസാരത്തിനിടെ ഫെഡററിന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി, വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി മുഴുമിപ്പിക്കാനാവാതെ വന്നു. സൈഡ് ബെഞ്ചില്‍ ഇരിക്കുകയായിരുന്ന റാഫേല്‍ നദാലിന്റെ കണ്ണുകളും നിറഞ്ഞു. ഗാലറിയില്‍ നിറഞ്ഞ ആയിരക്കണക്കിന് ആരാധകര്‍ കരഘോഷം മുഴക്കി. ഫെഡററിന്റെ കുടുംബവും ആരാധകരും കണ്ണീര് തൂകി. വികാര നിര്‍ഭരമായ വാക്കുകള്‍ക്കുശേഷം ഇരുകൈയും ഉയര്‍ത്തി ഗാലറിയെ അഭിവാദ്യം ചെയ്ത് ഫെഡറര്‍ നടന്നകന്നു.
ബുദ്ധിയും കരുത്തും ഒരേപൊലെ വേണ്ട ടെന്നീസ് കോര്‍ട്ടില്‍ ആര്‍ക്കും തകര്‍ക്കാനാകാത്ത റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് ഫെഡറര്‍ റാക്കറ്റ് താഴെ വെക്കുന്നത്. അഞ്ച് വ്യത്യസ്ത ടൂര്‍ണമെന്റുകളില്‍ 10 തവണ വീതം ഫൈനല്‍ കളിച്ചിട്ടുള്ള താരമാണ് ഫെഡറര്‍. ഇതൊരു അപൂര്‍വ്വ നേട്ടമാണ്. സ്വിസ് ഇന്‍ഡോര്‍സില്‍ 15 തവണ ഫൈനല്‍ കളിച്ച ഫെഡറര്‍, ഹാലെ ഓപ്പണില്‍ 13 തവണയാണ് ഫൈനലിലെത്തിയത്. 12 തവണ വിംബിള്‍ഡണ്‍ ഫൈനലിലും, 10 തവണ വീതം എടിപി ടൂര്‍, ദുബായ് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലും ഫെഡറര്‍ ഫൈനല്‍ കളിച്ചു.
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ആഴ്ചകള്‍ ലോക ഒന്നാം നമ്പരില്‍ തുടന്ന താരവും ഫെഡറര്‍ തന്നെയാണ്. 237 ആഴ്ചക്കാലമാണ് ഒന്നാം നമ്പരില്‍ ഇരുന്നത്. ഇക്കാര്യത്തില്‍ റണ്ടാം സ്ഥാനത്തുള്ള ജിമ്മി കോണേഴ്സ് 160 ആഴ്ചയാണ് ഒന്നാം നമ്പര്‍ സ്ഥാനം അലങ്കരിച്ചതെന്നിടത്ത് വ്യത്യാസം അറിയാനാകും. തുടര്‍ച്ചയായി 23 ഗ്രാന്‍ഡ്സ്ലാമുകളില്‍ സെമിയിലെത്തുന്ന താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡും ഫെഡററിന്റെ പേരിലുണ്ട്. ഇതില്‍ 20 തവണയും ഫൈനലിലെത്തിയ അദ്ദേഹം 14 തവണ കിരീടവും ചൂടി.പുല്‍ക്കോര്‍ട്ടുകളില്‍ അസാമാന്യ പ്രകടനം കാഴ്ച വെച്ചിരുന്ന റോജര്‍ ഫെഡറര്‍ പുല് മൈതാനങ്ങളില്‍ തുടര്‍ച്ചയായി 65 മത്സരങ്ങളിലാണ് ജയം നേടിയത്. 41 തുടര്‍ വിജയങ്ങള്‍ നേടിയ ബ്യോണ്‍ ബോര്ഗാണ് ഇക്കാര്യത്തില്‍ രണ്ടാമത്.ലോക റാങ്കിംഗില്‍ ആദ്യ 10സ്ഥാനങ്ങളിലുള്ള താരങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി 24 മത്സരങ്ങളില്‍ ജയം നേടാന്‍ ഫെഡററിനായി. മറ്റൊരു താരത്തിനും ഇതേവരെ സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമാണ് ഇത്.
ടെന്നീസ് ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി വിരമിക്കുന്ന ഫെഡററിന്റെ ഇനി ആരും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്ഡുകളാണിതൊക്കെ. കളിയിലെ സൗന്ദര്യവും കളത്തിനുപുറത്തെ മാനുഷികസ്നേഹവും കൊണ്ടാണ് ഫെഡറര്‍ ഹൃദയങ്ങളെ കീഴടക്കിയത്. കളിമികവിനൊപ്പം വിജയത്തില്‍ എളിമയും തോല്‍വിയില്‍ സൗമ്യതയും ഒപ്പമുള്ളവരോട് കരുതലും പുലര്‍ത്തിയിരുന്നു എന്നതാണ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത്. ഫോര്‍ബ്സിന്റെ പട്ടികയിലെ ഏറ്റവും സമ്പന്നനായ ടെന്നീസ് താരം ദരിദ്രരായ കുട്ടികളുടെ ഉന്നമനത്തിനായി റോജര്‍ ഫെഡറേഷന് ഫൗണ്ടേഷനും രൂപീകരിച്ചു 18 വര്‍ഷത്തിനിടെ 18 ലക്ഷം കുട്ടികള്‍ക്ക് 422 കോടി രൂപയുടെ സഹായം ഫൗണ്ടേഷന് നല്കി.
ഫെഡററുടെ സ്വപ്നതുല്യമായ ടെന്നീസ് കരിയറില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും വിടാതെ പിന്തുടരുകയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റിലും അദ്ദേഹത്തിനു കളിക്കാനും സാധിച്ചില്ല. നൃത്തച്ചുവടുകളുടെ സൗന്ദര്യത്തോടെ പവര്‍ ടെന്നീസിന്റെ കരുത്തുമായി കളം നിറഞ്ഞു കളിച്ച ഫെഡറര്‍ റാക്കറ്റ് താഴെ വയ്ക്കുമ്പോള്‍ ലോക ടെന്നീസില്‍ ഒരു യുഗത്തിനാണ് തിരശീല വീഴുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: