ഹൈദ്രബാദ്: ആസ്ട്രേലിയക്കെതിരെയുള്ള ട്വന്റി-20 പരമ്പര (2-1) ഇന്ത്യ സ്വന്തമാക്കി. നിര്‍ണ്ണായകമായ മൂന്നാം കളിയില്‍ 6 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. വിരാട് കൊഹ്ലിയും(63) സൂര്യകുമാര്‍ യാദവും (69) ചേര്‍ന്ന് ഉയര്‍ത്തിയ സെഞ്വറി (104)കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയം ഒരുക്കിയത്.
അവസാന ഓവറില്‍ 11 റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. സാംസ് എറിഞ്ഞ ആദ്യ പന്ത് കൊഹ്ലി സിക്സര്‍ പറത്തി. രണ്ടാമത്തെ പന്തില്‍ പുറത്ത്. ഫിഞ്ചാണ് പിടിച്ചത്. ദിനേശ് കാര്‍ത്തിക് വന്നു. ഒരു റണ്‍. ഹാര്‍ദ്ദിക് പാണ്ഡ്യക്ക് നാലാം പന്ത് അടിക്കാനായില്ല. അടുത്ത പന്ത് ബൗണ്ടറി കടത്തി പാണ്ഡ്യ(25) ജയം ഉറപ്പാക്കി.
187 റണ്‍സിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടി കിട്ടി. ഡാനിയല്‍ സാംസ് എറിഞ്ഞ ആദ്യ ഓവറില്‍ അവസാനപന്തില്‍ കെ എല്‍ രാഹുല്‍ (1)പുറത്ത്. ഉയര്‍ത്തിയടിച്ച പന്ത് എഡ്ജ് ചെയ്ത് നേരെ മുകളിലേയക്ക്. ഏറെ ഉയര്‍ന്ന പന്ത് കീപ്പര്‍ മാത്യു വെയ്ഡ് ആയാസപ്പെട്ട് പിടിച്ചു.
സിക്സും ഫോറുകളും അടിച്ച് സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടയില്‍ നായകന് രോഹിത് ശര്‍മ്മയും (17)വീണു. കുമ്മണ്സിനെ ഉയര്‍ത്തി അടിച്ചത് ബൗണ്ടറിലൈനില്‍ ഡാനിയല്‍ സാംസിന്റെ കൈകളില്‍.
പിന്നീടാണ് ഇന്ത്യയുടെ വിജയ കൂട്ടുകെട്ട് പിറന്നത്. വിരാട് കൊഹ്ലി- സൂര്യകുമാര്‍ യാദവ് സഖ്യം 104 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 14-ാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. ജോസ് ഹസല്‍വുഡിനെ ഉയര്‍ത്തിയടിച്ച സൂര്യകുമാര്‍ എക്സ്ട്രാ കവറില്‍ അരോണ്‍ ഫിഞ്ചിന്റെ കൈകളില്‍ എത്തി. 36 പന്തില്‍ 69 റണ്‍സ് ആയിരുന്നു സൂര്യകുമാറിന്റെ സംഭാവന
ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകരെ രോഹിത് ശര്‍മ്മയുടെ ബൗളര്‍മാര്‍ 186/7 എന്ന നിലയില്‍ ഒതുക്കി. ടിം ഡേവിഡ് 27 പന്തില്‍ 54 റണ്‍സെടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 21 പന്തില്‍ 52 റണ്‍സ് നേടി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 18-ാം ഓവറില്‍ ഓസ്ട്രേലിയന്‍ പുതുമുഖം ടിം ഡേവിഡ് തല്ലിത്തകര്‍ത്തു. ബാക്ക്ടുബാക്ക് സിക്സറുകളും പിന്നീട് ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 21 റണ്‍സ്. അരോണ്‍ ഫിഞ്ച്(7) ,സ്റ്റീവ് മിത്ത്(9) , മാക്സ്വെല്(6), മാത്യൂ വെയ്ഡ്(!) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 28 റണ്‍സുമായി ഡാനിയല്‍ സാംസ് പുറത്താകാതെ നിന്നു
ഇന്ത്യക്ക് വേണ്ടി അക്സര്‍ പട്ടേല്‍ മൂന്നും ഹര്‍ഷല്‍, ഭുവനേശ്വര്‍, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും തങ്ങളുടെ പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റം വരുത്തി. ഭുവനേശ്വര്‍ കുമാറിന് വഴിയൊരുക്കി ഇന്ത്യയ്ക്കായി ഋഷഭ് പന്ത് നഷ്ടമായി. ഷോണ്‍ ആബട്ടിന് പകരം ജോഷ് ഇംഗ്ലിസിനെ ഓസ്ട്രേലിയ തിരികെ കൊണ്ടുവന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: