കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദിന്റെ നിര്യാണത്തില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന് അനുശോചനം രേഖപ്പെടുത്തി. ഒരു യഥാര്‍ത്ഥ മതേതര വാദിയായി ജിവിക്കുകയും വര്‍ഗ്ഗീയതയെ എക്കാലത്തും എതിര്‍ക്കുകയും ചെയ്ത നേതാവായിരുന്നു ആര്യാടന് മുഹമ്മദെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിം സമൂഹത്തെ റാഡിക്കലൈസേഷന് വിധേയമാക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ആര്യാടനെ പോലെയുള്ള നേതാക്കളുടെ ആവശ്യം ഏറ്റവും ആവശ്യമുള്ള കാലമാണിത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് പി. എന്‍. ഈശ്വരന് അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
ഭാരതത്തിന്റെ തനിമയും ദേശീയതയും ഉറച്ച വക്താവ്: ഗോവ ഗവര്‍ണര്‍
കോഴിക്കോട്: മുതിര്‍ന്ന നേതാവായ ആര്യാടന് മുഹമ്മദിന്റെ വിയോഗത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ദുഃഖം രേഖപ്പെടുത്തി. ഭാരതത്തിന്റെ തനിമയുടേയും ദേശീയതയുടേയും ഉറച്ച വക്താവായി, ഗാന്ധിജിയോടൊപ്പം അണിചേര്‍ന്ന മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ്, ഇ. മൊയ്തു മൗലവി, പി.പി. ഉമ്മര്‍കോയ തുടങ്ങിയവരുടെ പൈതൃകം പിന്തുടര്‍ന്ന വടക്കന്‍ കേരളത്തിലെ ഉന്നത നേതാവായിരുന്നു ആര്യാടനെന്ന് ഗവര്‍ണര്‍ അനുസ്മരിച്ചു. സ്വന്തം മതവിശ്വാസത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നതോടൊപ്പം നാടിന്റെ പാരമ്പര്യവും ആത്മീയദര്‍ശനങ്ങളും കാത്തുസൂക്ഷിക്കാനുള്ള പോരാട്ടത്തില്‍ കനത്ത വെല്ലുവിളികളെ അതിജീവിച്ച അപൂര്‍വ്വം നേതാക്കളിലൊരാളാണ് അദ്ദേഹം.
ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിടുതല്‍ ചെയ്യുന്നതുവരെ ജയിലില്‍ കിടക്കുകയും അപമാനത്തിനിരയാവുകയും ചെയ്ത ചരിത്രമുള്ള നേതാവാണദ്ദേഹം. ഒരു എംഎല്‍എയുടെ മരണമൊഴി വിശ്വസനീയമല്ലെന്ന് കണ്ടു കൊണ്ടാണ് അദ്ദേഹത്തെ ഉന്നതനീതി പീഠം കുറ്റവിമുക്തനാക്കിയത്. അദ്ദേഹവുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു. തത്വാധിഷ്ഠിത നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന ഉന്നത പോരാളിയായി അദ്ദേഹത്തെ വിലയിരുത്തുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടം: കെ.എന്‍.എ. ഖാദര്‍
മലപ്പുറം: ആര്യാടന് മുഹമ്മദിന്റെ വിയോഗം കേരള രാഷ്ട്രിയത്തിന് വലിയ നഷ്ടമാണെന്ന് മുതിര്‍ന്ന ലീഗ് നേതാവ് കെ.എന്‍.എ. ഖാദര്‍. അദ്ദേഹം വളരെ ചെറുപ്പം മുതലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായി ചെറുതും വലുതുമായ അനേകം പദവികളില്‍ ഇരുന്ന് ഏറെ കഷ്ടപ്പെട്ട് സ്വയം വളര്‍ന്ന വ്യക്തിയാണെന്ന് കെ.എന്‍.എ. ഖാദര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹം മന്ത്രിയായും നിയമസഭാ സാമാജികനായും പലവിധ കമ്മിറ്റികളുടെ ചെയര്‍മാനായും പാര്‍ട്ടിയുടെ വിവിധ പദവികള്‍ അലങ്കരിച്ചും നിലനിന്ന വ്യക്തിയാണ്. കക്ഷിരാഷ്ട്രിയമന്വേ എല്ലാ വിഭാഗം ആളുകളോടും ശരിയായ മതേതര സമീപനം സ്വീകരിച്ച വ്യക്തിയായിരുന്നു. കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായ അദ്ദേഹം തൊഴിലാളി പ്രസ്ഥാനത്തിന്റെ വലിയ നേതാവായിരുന്നു. അങ്ങനെ തൊഴിലാളി രംഗത്തും, രാഷ്ട്രീയ രംഗത്തും സേവാദള്‍ രംഗത്തും ഒക്കെ പ്രവര്‍ത്തിച്ച അദ്ദേഹം രാഷ്ട്ര തന്ത്രമുള്ള ആളായിരുന്നു. പ്രശ്നം പരിഹരിക്കാനും കാര്യം നടത്തിക്കൊണ്ടു പോകാനും വലിയ രാഷ്ട്ര തന്ത്രം അറിയുന്ന വ്യക്തിയായിരുന്നു, അനുശോചന സന്ദേശത്തില്‍ കെ.എന്‍.എ. ഖാദര്‍ പറഞ്ഞു.
ദേശീയത ഉയര്‍ത്തിപ്പിടിച്ച നേതാവ്: കെ. സുരേന്ദ്രന്
തിരുവനന്തപുരം: ആര്യാടന് മുഹമ്മദിന്റെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അനുശോചിച്ചു. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. പ്രഗത്ഭനായ വാഗ്മിയും നിയമസഭ സാമാജികനും സമര്‍ത്ഥനായ ഭരണാധികാരിയുമായിരുന്നു അദ്ദേഹം. ഭാരതീയ സംസ്കാരത്തെയും നമ്മുടെ പൈതൃകത്തെയും ഉയര്‍ത്തിപ്പിടിച്ച ദേശീയബോധമുള്ള നേതാവായിരുന്നു ആര്യാടന് മുഹമ്മദ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സഹപ്രവര്‍ത്തകരുടേയും കുടുംബാംഗങ്ങളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: