ബെംഗളൂരു: കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരിച്ചിരുന്ന 2004 മുതല്‍ 2014 വരെയുള്ള പത്ത് വര്‍ഷക്കാലം ഇന്ത്യ സ്തംഭിച്ചുവെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) അഹമ്മദാബാദിലെ വിദ്യാര്‍ത്ഥികളോടും യുവ സംരംഭകരോടും സംവദിക്കുകയായിരുന്നു നാരായണമൂര്‍ത്തി.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ ഭരിച്ച ഇക്കാലത്ത് ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശോചനീയമായിരുന്നു. മാത്രമല്ല ഈ കാലയളവില്‍ പ്രധാന തീരുമാനങ്ങള്‍ എടുത്തത് പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ്ങായിരുന്നില്ലെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. എച്ച് എസ് ബിസി ലണ്ടനിലെ ബോര്‍ഡില്‍ 2008 മുതല്‍ 2012 വരെ താനുണ്ടായിരുന്നെന്നും ഇക്കാലയളവില്‍ ബോര്‍ഡ് റൂമില്‍ യോഗങ്ങളില്‍ ചൈനയുടെ പേര് കൂടെക്കൂടെ ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ (ഏകദേശം 30 തവണയോളം ചൈനയുടെ പേര് ഉയര്‍ന്നുവന്നു) ഇന്ത്യയുടെ പേര് ഒരിയ്ക്കല്‍ മാത്രമാണ് കേട്ടിരുന്നത്. – നാരായണമൂര്‍ത്തി പറഞ്ഞു.
മന്മോഹന് സിങ്ങിനെ എനിക്ക് ബഹുമാനമുണ്ട്. അദ്ദേഹം ഒരു അസാധാരണ വ്യക്തിത്വമാണ്. എങ്കിലും യുപിഎ ഭരണകാലത്ത് ഇന്ത്യ സ്തംഭിച്ചുപോയി. പലപ്പോഴും തീരുമാനങ്ങള്‍ ഉചിതമായ സമയങ്ങളില്‍ എടുക്കപ്പെട്ടില്ല. എല്ലാം വൈകി. – നാരായണമൂര്‍ത്തി പറഞ്ഞു.
ഇന്ത്യയിലെ യുവത്വം ചൈനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പുണ്ട്. ഇനി ഇന്ത്യയുടെ പേര് ഉയര്‍ത്തേണ്ടത് നിങ്ങളുടെ ജോലിയാണ്. എപ്പോഴൊക്കെ അവര്‍ ചൈനയുടെ പേര് ഉയര്‍ത്തുമ്പോള്‍ ഇന്ത്യയുടെ പേരും നിങ്ങള്‍ ഉയര്‍ത്തണമെന്നും നാരായണമൂര്‍ത്തി പുതിയ തലമുറയെ ഉപദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: