ഇറക്കത്ത് രാധാകൃഷ്ണന്‍
സകല ഭൂതങ്ങളിലും ആത്മാവായിരിക്കുന്ന പരമാത്മാവ് സര്‍വചരാചരങ്ങളിലും കുടികൊള്ളുന്നുവെന്ന ഭഗവദ് തത്വമറിയുന്ന ഭാഗവതോത്തമന്മാര്‍ നിര്‍ഗുണ ഭക്തിക്കാരാണ്. ഈശ്വരനാമമോ രൂപമോ കീര്‍ത്തനമോ ചിന്തിക്കുമ്പോള്‍ തന്നെ പവിത്ര ഗംഗാനദീ പ്രവാഹം പോലെ ഭക്തി ഭഗവാനില്‍ പ്രവഹിക്കുന്ന ഭക്തരെയാണ് നിര്‍ഗുണ ഭക്തിക്കാരെന്നും ഏകാന്ത ഭക്തിക്കാരെന്നും വിശേഷിപ്പിക്കുന്നത്. ഒരു ഫലത്തെയും അവര്‍ കാംക്ഷിക്കുന്നില്ല. ഒന്നിനോടും ഒരു പ്രതിപത്തിയുമില്ല. എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ചു കഴിയുന്നു.
ഭക്തിയെ സാത്ത്വിക ഭക്തിയെന്നും രാജസഭക്തിയെന്നും താമസഭക്തിയെന്നും തിരിച്ചിരിക്കുന്നു. വേദവിധിയെ മാനിച്ചുകൊണ്ടോ പാപനാശത്തിനുവേണ്ടിയോ ഭഗവദ് പ്രാപ്തിയെ ചിന്തിച്ചോ പൂജിക്കുന്നവന്റെ ഭക്തി സാത്വികഭക്തിയാണ്. ധനാദികള്‍, പേരും പ്രശസ്തിയും, ഐശ്വര്യാദികള്‍ കാമാദി വിഷയങ്ങള്‍ എന്നിവ ആഗ്രഹിച്ച് പൂജിക്കുന്നവരുടെ ഭക്തി രാജസഭക്തിയാണ്. അത്തരം ഭക്തിക്കാര്‍ക്ക് രജോഗുണം കൂടുതലാണ്. ഹിംസ, മാത്സര്യം, ഭേദബുദ്ധി, അഹങ്കാരം ഇവയോടെ ഭഗവാനെ ഭജിക്കുന്നവന്റെ ഭക്തി താമസിഭക്തിയാണ്. അന്യന് ഉപദ്രവത്തെ ജനിപ്പിക്കുക മറ്റുള്ളവരെ ഭക്തനെന്ന് ബോധിപ്പിക്കുക. ഉത്തമ ഭക്തരെ കാണുമ്പോള്‍ ഞാനും അത്തരം ഭക്തിയുള്ളവനാണെന്ന സങ്കല്പം വച്ചുകൊണ്ട് പെരുമാറുക, ക്രോധം, വഞ്ചന, മാത്സര്യം എന്നീ ഭാവങ്ങളോടെ ഭജിക്കുന്നവന്റെ ഭക്തി താമസിഭക്തയായി തീരുന്നു.
പരമാത്മാവായ ഭഗവാനില്‍ പരമപ്രേമതല്പരരായി യാതൊരു ഫലത്തെയും ആഗ്രഹിക്കാതെ സകല ജീവജാലങ്ങളിലും ഈശ്വര ചൈതന്യം കുടികൊള്ളുന്നുവെന്ന വിചാരത്തോടെ ഭജിക്കുന്നവരുടെ ഭക്തി ലക്ഷണമുള്ളതാണ്. അവര്‍ സകലതും ഈശ്വരനില്‍ സമര്‍പ്പിക്കുന്നു. ഭഗവദ് പൂജ സ്വന്തം ധര്‍മ്മമെന്ന് വിശ്വസിക്കുന്നു. ദീനരായവരോട് അനുകമ്പ കാണിക്കുക,ശ്രേഷ്ഠരായവരെ ബഹുമാനിക്കുക, നിത്യവും വേദാന്ത വാക്യങ്ങളെ ശ്രവിക്കുക, യമനിയമാദികളോടെ പൂജിക്കുക, ഇത്തരക്കാരുടെ മനസ്സ് എപ്പോഴും പരിശുദ്ധമായിരിക്കും. അതിനാല്‍ ഈശ്വരനെ വേഗത്തില്‍ ദര്‍ശിക്കുവാനും അവര്‍ക്ക് കഴിയും.
സകലഭൂതങ്ങളിലും അന്തര്യാമിയായിട്ടുള്ളത് മനസ്സിലാക്കാതെ പൂജിക്കുന്നവന്റെ ഹോമം, പ്രാണികളെ ഉപദ്രവിച്ച് സമ്പാദിക്കുന്ന ബഹുവിധ ദ്രവ്യങ്ങളെക്കൊണ്ട് ശേഖരിച്ച പൂജാസാധനങ്ങള്‍, ഇവര്‍ എങ്ങനെ ആരാധിച്ചാലും പൂജിച്ചാലും ഭഗവദ് പ്രീതി ലഭിക്കുകയില്ല. ശുദ്ധചിത്തത്തില്‍ മാത്രമേ സ്വരൂപജ്ഞാനം പ്രകാശിക്കുകയുള്ളൂ. തന്നില്‍ വസിക്കു ന്ന ജീവനും എല്ലാ ജീവജാലങ്ങളിലും വസിക്കുന്ന ജീവനും ഒന്നുതന്നെയെന്ന് മനസ്സിലാക്കാതെ നടത്തുന്നവരുടെ പൂജകൊണ്ട് ഒരു ഫലവും കിട്ടുകയില്ല. അവരുടെ സംസാരക്ലേശവും തീരുന്നതല്ല. ഇത്തരക്കാര്‍ക്ക് മുക്തിയും അന്യമാണ്.
മുക്തിഅഞ്ചുവിധമാണ്. സാലോക്യമുക്തി, സാര്‍ഷ്ട്യമുക്തി, സാമീപ്യമുക്തി, സാരൂപ്യമുക്തി, സായുജ്യമുക്തി. ഭഗവാന്‍ വസിക്കുന്ന ലോകത്തില്‍ തന്നെ വസിക്കണമെന്നാഗ്രഹിച്ച് ഭക്തിയോടെ പ്രാര്‍ത്ഥിക്കുന്നവന്‍ സാലോക്യമുക്തിക്കാരാണ്. ഭഗവാനെപ്പോലെ തന്നെ ഐശ്വര്യം പ്രാപിക്കണമെന്നാഗ്രഹിച്ച് നടത്തുന്ന ഭക്തന്‍ സാര്‍ഷ്ട്യമുക്തിക്കാരനാണ്. ഭഗവാനോട് കൂടി ചേരുവാന്‍ ആഗ്രഹി ക്കുന്നവന്‍ സാമീപ്യമുക്തിക്കാരനാണ്. ഭഗവാന്റെ സ്വരൂപം സിദ്ധിക്കുന്നതിന് ആഗ്രഹിക്കുന്നവന്‍ സാരൂപ്യമുക്തിക്കാരനാണ്. ഭഗവാനോട് കൂടിച്ചേരുവാന്‍ ആഗ്രഹിക്കുന്നവന്‍ അതായത് ഒന്നായി ചേരാന്‍ ആഗ്രഹിക്കുന്നവന്‍ സായൂജ്യമുക്തിക്കാരനാണ്. ഈ ഗുണങ്ങളെപ്പോലും നിര്‍ഗുണ ഭക്തിക്കാര്‍ സ്വീകരിക്കുന്നില്ല. ശരീര നാശാന്തരം സായൂജ്യമാണ് അവര്‍ക്ക് ഭഗവാന്‍ നല്‍കുന്നത്.
കര്‍മ്മഭേദത്താല്‍ അനേകവിധ ജന്മങ്ങള്‍ ജീവന്‍മാര്‍ക്ക് സിദ്ധിക്കുന്നു. അചേതനങ്ങളായവ സചേതനങ്ങളായവ ഇങ്ങനെ ഓരോന്നിനും ഓരോ ശ്രേഷ്ഠതകളുണ്ട്. ശ്രേഷ്ഠതകള്‍ കൂടി കൂടി അവസാനം മനുഷ്യജന്മത്തിലെത്തിച്ചേരുന്നു. വൃക്ഷലതാദികളെക്കാള്‍ ശ്രേഷ്ഠര്‍ ചലിക്കുന്ന ജീവികള്‍. ചലിക്കുന്ന ജീവികളെക്കാള്‍ ശ്രേഷ്ഠര്‍ ജ്ഞാനമുള്ള ജീവികള്‍. അവയിലും ശ്രേഷ്ഠരാണ് രൂപരസാദികള്‍ അറിയുന്നവ. സ്പര്‍ശജ്ഞാനം ഉള്ളവയെക്കാള്‍ രസജ്ഞാനം ഉള്ളവ ശ്രേഷ്ഠങ്ങളാണ്. അവയെക്കാള്‍ ശ്രേഷ്ഠമായതാണ് ഗന്ധജ്ഞാനമുള്ളവര്‍ ഗന്ധജ്ഞാനത്തെക്കാള്‍ ശ്രേഷ്ഠമാണ് ശബ്ദജ്ഞാനമുള്ളവ. ശബ്ദജ്ഞാനത്തെക്കാള്‍ ശ്രേഷ്ഠമാണ് രൂപ ജ്ഞാനമുള്ളവ. രൂപജ്ഞാനത്തെക്കാള്‍ ശ്രേഷ്ഠമാണ് ബഹുപാദങ്ങളോടൂകൂടിയവ. ബഹുപാദങ്ങളോടു കൂടിയവയെക്കാള്‍ ശ്രേഷ്ഠമാണ് നാല്‍ക്കാലികള്‍. നാല്ക്കാലികളെക്കാള്‍ ഉത്തമരാണ് – ശ്രേഷ്ഠരാണ് മനുഷ്യര്‍. മനുഷ്യരില്‍ വച്ച് ശ്രേഷ്ഠരാണ് വേദവിജ്ഞാനം നേടിയവര്‍. വേദജ്ഞാനികളെക്കാള്‍ ശ്രേഷ്ഠരാണ് വേദാര്‍ത്ഥജ്ഞാനി. അര്‍ത്ഥജ്ഞാനത്തെക്കാല്‍ ശ്രേഷ്ഠനാണ് സംശയനിവൃത്തി വരുത്തുന്നവന്‍. സംശയച്ഛേതാവിനെക്കാള്‍ ശ്രേഷ്ഠനാണ് സ്വധര്‍മ്മാനുഷ്ഠാനത്തോടുകൂടിയവന്‍. അത്തരക്കാരെക്കാള്‍ ശ്രേഷ്ഠനാണ് യാതൊരു സംഗവുമില്ലാത്തവന്‍. സര്‍വകര്‍മങ്ങളും ഇന്ദ്രിയങ്ങളും മനസ്സും ഭഗവാനില്‍ അര്‍പ്പിച്ച് സമദര്‍ശിയായി കഴിയുന്ന മനുഷ്യരെക്കാള്‍ മറ്റാരും തന്നെയില്ല. സര്‍വചരാചരങ്ങളിലും ഭഗവാന്‍ അധിവസിക്കുന്നെന്ന സത്യം മനസ്സിലാക്കി സര്‍വഭൂതങ്ങളേയും ആദരിക്കുന്നവന് സംസാരമുക്തികൈവരുന്നു. പിന്നെ സായൂജ്യമുക്തിയും ഭഗവാന്‍ നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: