കവിതാ സംഗീത്
നിങ്ങളുടെ ലിമോ കാറില്‍ നിങ്ങളോടൊപ്പം സഞ്ചരിക്കാന്‍ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടാവും. എന്നാല്‍ ഈ ആഡംബര ലിമോ തകരാറിലാകുമ്പോള്‍ നിങ്ങളോടൊപ്പം കാല്നടയ്ക്കു വരുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്.
നല്ല വിത്ത് നല്ല നിലത്തു വീണാല്‍ മുള പൊട്ടി ചെടിയാകും. പിന്നെ ശാഖകളും ഉപശാഖകളും ഉള്ള മരമായി വളര്‍ന്നു അനേകര്‍ക്ക് തണലേകും എന്നപോലെയാണ് സുഹൃദ് ബന്ധങ്ങളും. നല്ല സുഹൃത്തുക്കള്‍ എപ്പോഴും ഒരു തണല്‍ തന്നെയാണ്.
മൂന്നു വര്‍ഷത്തെ എന്റെ യാതന വിവരിക്കാനാകില്ല. സ്നേഹം എന്ന കൊച്ചു വാക്ക് അതിന്റെ അനവധി അര്‍ത്ഥങ്ങളറിയാന്‍ അധിക ദൂരമൊന്നും പോകേണ്ടിവന്നില്ല.
സ്നേഹത്തിനു ഒരു പരിണാമം ആവശ്യമുണ്ട്. സമസ്ത ലോകത്തിനും വേണ്ടി സ്നേഹിക്കുന്നവരെ വിട്ടുകൊടുക്കുകയാണ് ഏറ്റവും ലാവണ്യമുള്ള കര്‍മം. കുട്ടിയായിരിക്കുമ്പോള്‍ ഒരു കിളിക്കുഞ്ഞിനെ നമ്മള് സ്നേഹിക്കുന്നത് അതിനെ പരമാവധി നമ്മുടെ കൈക്കുള്ളില്‍ ഒതുക്കാന്‍ ആഗ്രഹിച്ചാണ്. എന്നാല്‍ പ്രായമാകുമ്പോള്‍ അറിയാം ഈ കിളിക്കുഞ്ഞിനെ സ്നേഹിക്കുക എന്നതിനര്‍ഥം വിശാലമായ ആകാശത്തിലേക്കു അതിനെ പറത്തിവിടുകയാണെന്ന്. സ്നേഹിക്കുന്നവരുടെ ജീവിതത്തില്‍ മനോഹരമായ ആകാശമുണ്ടാകട്ടെ! വിശാലമായ ഭൂമിയുണ്ടാകട്ടെ! ഒരു മെയ്മാസം രാവിലെ എണീറ്റപ്പോള്‍ എന്റെ ഭര്‍ത്താവിന്റെ ദേഹമാസകലം നീര് വന്നു വീര്‍ത്തിരിക്കുന്നു. ഉടന്‍ ഞങ്ങള്‍ അടുത്തുള്ള ആശുപത്രിയിലേക്ക് എടുത്തു കൊണ്ടുപോയി.
ഈ നീരിന്റെ കാരണമെന്തെന്നറിയാന്‍ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ നീണ്ട ഒരു ഭഗീരഥ പ്രയത്നം തന്നെ നടത്തി. ഒട്ടനവധി ടെസ്റ്റുകളും സ്കാനുകളും കഴിഞ്ഞ് ഡോക്ടര്‍ എന്തോ പറയാന്‍ മടിക്കുന്നതുപോലെ പുറത്തേക്കു വന്നു. പുറത്തെ കസേരയില്‍ ഒറ്റക്കിരിക്കുന്ന എന്നെ നോക്കി ഡോക്ടര്‍ ചോദിച്ചു ‘കൂടെ ആരാ ഉള്ളത്.’ ഇടറിയ ശബ്ദത്തോടെ ഡോക്ടറെ നോക്കി ഞാന്‍ പറഞ്ഞു. സര് കൊറോണ കാലമായതിനാല്‍ ആരും കൂടെ വന്നിട്ടില്ല. ഉടനെ കണ്‍സള്‍ട്ടിങ് മുറിയിലേക്ക് വിളിച്ചു. രോഗിയെ ഇരുത്തുന്ന കസേരയില്‍ ഞാന്‍ ഒരു നിമിഷം ഇരുന്നു. ഡോക്ടര്‍ എഴുതുന്ന കുറിപ്പിലേക്കു നോക്കി എന്തു ചോദിക്കണമെന്നറിയാതെ ഞാന്‍ ഒരു നിമിഷം പകച്ചു. ഇടറിയ ശബ്ദത്തോടെ ഞാന്കാര്യമെന്തെന്നു തിരക്കി. വളരെ ഗൗരവത്തോടെ എന്നോട് പറഞ്ഞു. ‘മാഡം നിങ്ങളുടെ ഭര്‍ത്താവിന് കിഡ്നി ഫെയിലിയര്‍ ആണ്. ഇനി ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് വേണ്ടിവരും. പിന്നെ എത്രയും പെട്ടെന്ന് ഒരു ഡൊണേറ്ററെ കണ്ടുപിടിച്ച് ട്രാന്‍സ്പ്ലാന്റ് ചെയ്യേണ്ടിവരും.’ ഇത്രയും പറഞ്ഞ് ഡോക്ടര്‍ അതിവേഗത്തില്‍ ഓപ്പറേഷന് തീയേറ്ററിലേക്ക് നടന്നു.
കേട്ടപ്പോള്‍ പെട്ടെന്ന് നെഞ്ചിലൊരു തീയാ ഞ്ഞുകത്തി. ഒന്നു ചോദിക്കാനോ പറയാനോ അടുത്താരുമില്ലായിരുന്നു. ഇനിയെന്തുചെയ്യും എന്റെ ഗുരുവായൂരപ്പാ എന്നും പറഞ്ഞ് ഞാന്‍ കരയാന്‍ തുടങ്ങി. ഉടനെ ഇളയവനെ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞു. വീട്ടില്‍ എല്ലാവരും പരിഭ്രാന്തരായി.
ഡയാലിസിസ് തുടങ്ങാനുള്ള കതീറ്റര്‍ എല്ലാം ഓപ്പറേഷന് തീയറ്ററില്‍ നിന്നും ഇട്ട് ഞങ്ങള്‍ ചേട്ടനെയും കൂട്ടി വീട്ടിലേക്കു മടങ്ങി.
രാപകലില്ലാതെ ഞാനും എന്റെ ഇളയവനും കൂടി ഒരു ഡോണറെ കിട്ടാനായിട്ടുള്ള പരക്കംപാച്ചില്‍ തുടങ്ങി.
അങ്ങനെയിരിക്കെ മെഡിക്കല്‍ കോളജിലെ എന്റെ ബന്ധുവായ ഡോക്ടര്‍ ഞങ്ങളെ കൊച്ചിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഞങ്ങള്‍ ട്രീറ്റ്മെന്റിനായി കൊച്ചിയിലേക്ക് ഭര്‍ത്താവിനെ കൊണ്ടുപോയി. സ്നേഹവാതില് തുറന്നത് അവിടെ വച്ചായിരുന്നു. ഞങ്ങളുടെ പ്രിയ കൂട്ടുകാരി ‘ഡോക്ടര്‍ ജയ’ മനസ്സു നിറയെ നന്മയും നിഷ്കളങ്കത നിറഞ്ഞ ചിരിയുമായി ഞങ്ങളെ പിന്നീടങ്ങോട്ടുള്ള വേദനയേറിയ നാളുകളില്‍ ഈ ഡോക്ടറായിരുന്നു കൂട്ട്. സ്നേഹം എന്ന കൊച്ചു വാക്ക് അതിന്റെ അനവധി അര്‍ത്ഥങ്ങളറിയാന്‍ അധികദൂരമൊന്നും എനിക്ക് പോകേണ്ടിവന്നില്ല. ഒരേസമയം പ്രാപ്യവും അതേസമയം അപ്രാപ്യവുമായ ഈ ലോകത്തില്‍ ഇത്രയും സ്നേഹാസമ്പന്നരായ സുഹൃത്തുക്കള്‍ ഉണ്ടെന്നുള്ളത് ഒരു ദൈവാനുഗ്രഹം തന്നെ. അവരുടെ സ്നേഹം നിറഞ്ഞ മുഖം കാണുമ്പോള്‍ ആ കണ്ണുകളില്‍ നിന്നും കാരുണ്യത്തിന്റെ ഒരു കടല്‍ പുറപ്പെടുന്നതായി എനിക്ക് തോന്നി. അതില്‍ മുങ്ങിചാവാതിരിക്കാന് ഞാന്‍ ശ്രമിച്ചു. നാലുപേരടങ്ങുന്ന ആ സുഹൃത്തുക്കള്‍, അവരായിരുന്നു പിന്നീടുള്ള എന്റെ തുണ.
ഓരോ തവണയും ജീവിതം മടുത്തെന്ന അവസ്ഥ വരുമ്പോഴായിരുന്നു ഈ സുഹൃത്തുക്കളുടെ സാന്ത്വന വാക്കുകളും സ്നേഹം നിറഞ്ഞ സമീപനവും. ഒരുപാട് കാത്തിരിപ്പിനു ശേഷം ഹോസ്പിറ്റലില്‍ നിന്നും സര്‍ജറി ഡേറ്റ് കിട്ടി. ഒരു വ്യാഴാഴ്ച നഴ്സ് വന്ന് ചേട്ടനെ ഓപ്പറേഷന് തീയറ്ററിലേക്ക് കൊണ്ടുപോയി. ഞാനും എന്റെ രണ്ടു കുട്ടികളും ആശുപത്രിയിലെ ഓപ്പറേഷന് തീയേറ്ററിന്റെ വാതില്ക്കല് കാത്തിരുന്നു. നെഞ്ചില്‍ ആളിക്കത്തുന്ന തീ ആരോടും പറയാന്‍ ആവില്ലല്ലോ. എനിക്ക് മനോധൈര്യമേകാനും ആശ്വസിപ്പിക്കാനുമായി കൂടപ്പിറപ്പിനെപ്പോലെ ഞങ്ങളുടെ പ്രിയ സുഹൃത്തും ബന്ധുക്കളുമുണ്ടായിരുന്നു. സാക്ഷാല്‍ ഭഗവാന്റെ അവതാരങ്ങളാണല്ലോ സുഹൃത്തുക്കളുടെ രൂപത്തില്‍ നമ്മുടെ ആപല്‍ഘട്ടത്തില്‍ സഹായിക്കാന്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: