തിരുവനന്തപുരം: നിര്‍മാണമേഖല ഹരിതനയത്തിന് പ്രാമുഖ്യം നല്‍കണമെന്നും നിര്‍മാണമേഖലയിലെ ചെലവ് കുറയ്ക്കാന്‍ സിമന്റിനും സ്റ്റീലിനും പകരമുള്ള ഉല്പന്നങ്ങള്ക്ക് പ്രാധാന്യം നല്‍കണമെന്നും കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിഥിന് ഗഡ്കരി. കോവളം ഉദയസമുദ്രയില് നടന്ന ബില്‍ഡിങ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ മാനേജിങ് കമ്മിറ്റിയും ജനറല്‍ കൗണ്‍സില്‍ മീറ്റിങ്ങും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്ക് ഏറ്റവും കൂടുതല്‍ ശക്തി പകരുന്ന മേഖലയാണ് നിര്‍മാണമേഖല. എന്നാല്‍ നിര്‍മാണമേഖലയിലെ നിര്‍മാണസാമഗ്രികളുടെ വര്‍ധിച്ചുവരുന്ന വിലക്കയറ്റം ഈ മേഖല നേരിടുന്ന പ്രതിസന്ധിയാണ്. ഗുണപരമായ നിര്‍മിതികളും ചെലവുകുറഞ്ഞ നിര്‍മാണവുമാണ് നിര്‍മാണമേഖലയിലുള്ളവര്‍ ഉറപ്പുവരുത്തേണ്ടത്. നിര്‍മാണമേഖലയില്‍ ഏറ്റവും കൂടുതല്‍ വിലകയറ്റമുണ്ടാകുന്നത് സിമന്റിനും സ്റ്റീലിനുമാണ്. ഈ മേഖലയിലെ കുത്തകവത്കരണവും വിലക്കയറ്റത്തിനിടയാക്കുന്നുണ്ട്. ആധുനികസാങ്കേതിക വൈദഗ്ധ്യം ഈ മേഖലയില്‍ പ്രയോജനപ്പെടുത്തണം. സ്റ്റീലിനും സിമന്റിനും പകരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം. ഗ്ലാസ് ഫൈബര്‍ സ്റ്റീല്‍ പോലുള്ള സാങ്കേതിക വിദ്യകള്‍ വ്യാപകമാക്കണം. അടിസ്ഥാനസൗകര്യവികസനരംഗത്ത് പുത്തന്‍ സാങ്കേതികവിദ്യകളും നവീന പരീക്ഷണങ്ങളും നടത്തുന്ന നിര്‍മാണമേഖലയിലുള്ളവരെ പ്രോത്സാഹിപ്പിക്കാനായി അതത് സംസ്ഥാനങ്ങള്‍ ഇളവുകള്‍ നല്‍കണം, കേന്ദ്രമന്ത്രി പറഞ്ഞു.
നിര്‍മാണമേഖലയില്‍ ചെലവു കുറച്ചും നവീനരീതിയിലുമുള്ള നിര്‍മാണരീതികള്‍ ആരംഭിക്കാന്‍ സംസ്ഥാനം പിന്തുണ നല്കുമെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. റോഡ് നിര്‍മാണത്തില്‍ കേരളം റബ്ബറൈസ്ഡ് മാതൃക പിന്തുടരുന്നത് ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിര്‍മാണമേഖലയില്‍ ചെലവുകുറഞ്ഞ പരീക്ഷണമാതൃകകള്‍ പിന്തുടരുന്നതിനും ഗവേഷണം നടത്തുന്നതിനും കേരളത്തെ സഹായിക്കാനായി കേരളത്തില്‍ അത്തരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ നിര്‍മാണമേഖലയിലുള്ളവര്‍ കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ഡിങ് അസോസിയേഷന് ഓഫ് ദേശീയ പ്രസിഡന്റ് നിമേഷ് ഡി. പട്ടേല്‍ അധ്യക്ഷത വഹിച്ചു. എംപി കനകലാല്‍ ഖട്ടാറ, ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ദക്ഷിണമേഖലാ വൈസ് പ്രസിഡന്റ് ജി. വേദ് ആനന്ദ്, സംസ്ഥാന പ്രസിഡന്റ് നജീബ് മണ്ണേല്‍, സംസ്ഥാന സെക്രട്ടറി കെ. ജ്യോതികുമാര്‍, കൊല്ലം സെന്റര്‍ ചെയര്മാന് സജി സതീഖ്, ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറി ഡോ. ലാമന്റോ ടി. സോമര്‍വെല്‍, ജോര്‍ജ് ആന്റണി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: