ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളില്‍ വിശദ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടത്തും കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും സ്ഥാപനങ്ങളും ആക്രമിച്ചിരുന്നു. സമരക്കാര്‍ 70 കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തുവെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സ്വകാര്യ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. കണ്ണൂരില്‍ രണ്ടിടത്ത് ബോംബേറുണ്ടായി. കല്യാശേരിയില്‍ ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് പിടിയിലായിരുന്നു.
സര്‍ക്കാരിന്റെയും പോലീസിന്റെയും പിന്തുണ കൂടി ലഭിച്ചതോടെയാണ് പോപ്പുലര്‍ ഫ്രണ്ട് അക്രമികള്‍ അഴിഞ്ഞാടിയത്. വാഹനങ്ങള്‍ തടഞ്ഞു, അടിച്ചു തകര്‍ത്തു, കടകളും വ്യാപാര സ്ഥാനങ്ങളും അടപ്പിച്ചു. രോഗിയുമായി പോയ ആംബുലന്‍സു പോലും തടഞ്ഞു. അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ കോഴിക്കോട്ട് ലോറി ഡ്രൈവര്‍ കരുനാഗപ്പള്ളി സ്വദേശി ജിനു ഹബീബുള്ളയുടെയും പന്തളത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുരമ്പാല സ്വദേശി രാജേന്ദ്രന്റെയും കണ്ണുകള്‍ക്ക് പരിക്കേറ്റു. കോട്ടയത്ത് കുറിച്ചി ഔട്ട് പോസ്റ്റില്‍ കെഎസ്ആര്‍ടിസി ബസിനുനേരെയുണ്ടായ കല്ലേറില്‍ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. അമല കെ. ജോസഫിന്റെ കൈവിരല്‍ ഒടിഞ്ഞു. മിക്ക സ്ഥലങ്ങളിലും ആളെ തിരിച്ചറിയാതിരിക്കാന്‍ അക്രമികള്‍ ഹെല്‍മെറ്റും മുഖംമൂടിയും അണിഞ്ഞിരുന്നു.
കോടികളുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ എഴുപതിലേറെ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു. തിരുവനന്തപുരത്ത് ഒമ്പതിടത്ത് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുനില്‍കുമാറിന്റെ കണ്ണിനും ടിപ്പര്‍ ഡ്രൈവര്‍ ജിനുവിന്റെ നെഞ്ചിനും പരിക്കേറ്റു. കൊല്ലം പള്ളിമുക്കില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവരെ അക്രമികള്‍ ബൈക്കിടിച്ചു വീഴ്ത്തി. തട്ടാമലയിലും അയത്തിലും കെഎസ്ആര്‍ടിസി ബസുകള്‍ എറിഞ്ഞു തകര്‍ത്തു. കരുനാഗപ്പള്ളി പുതിയകാവില്‍ മിനിലോറിക്കു നേരെ കല്ലെറിഞ്ഞു.
ആലപ്പുഴയില്‍ അഞ്ചു ബസ്സുകളുടെ ചില്ലുകള്‍ തകര്‍ത്തു. കക്കാഴം പാലത്തില്‍ ചരക്കു ലോറിയുടെ ചില്ല് പൊട്ടിച്ചു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. കോട്ടയം സംക്രാന്തിയില്‍ എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് അംഗം സുരേഷ് കുമാറിന്റെ ലോട്ടറിക്കട അടിച്ചു തകര്‍ത്തു. കോട്ടയത്ത് ആറിടത്തും പത്തനംതിട്ടയില്‍ മൂന്നിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു. കോന്നിയില്‍ ഡ്രൈവര്‍ക്കും കോന്നി സബ് രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ബോബി മൈക്കിളിനും പരിക്കേറ്റു. എറണാകുളത്ത് ഹൈക്കോടതിക്കു സമീപം കടകള്‍ ആക്രമിച്ചു. നെടുമ്പാശേരിയില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. പറമ്പയത്ത് ആര്യാസ് ഹോട്ടല്‍ തകര്‍ത്തു. പെരുമ്പാവൂരില്‍ മൂന്നും ആലുവ, പെരുമ്പാവൂര്‍ ഡിപ്പോകളിലെ നാലു വാഹനങ്ങളുടെയും ചില്ലുകള്‍ തകര്‍ത്തു.
പൊന്നാനിയിലും, പെരിന്തല്‍മണ്ണയിലും വയനാട്ടിലെ പനമരത്തും കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു. തേഞ്ഞിപ്പലത്ത് ലോറിക്ക് കല്ലെറിഞ്ഞു. മലപ്പുറത്ത് 120 ലധികം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിലാണ്. കോഴിക്കോട്ട് നാല് കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും ലോറി ഡ്രൈവര്‍ക്കും കല്ലേറില്‍ കണ്ണിന് പരിക്കേറ്റു. കണ്ണൂര്‍ മട്ടന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിനുനേരെ ബോംബെറിഞ്ഞു. കോട്ടയത്ത് നിന്ന് മൂകാംബികയ്ക്കു പോയ സ്വിഫ്റ്റ് ബസ് പാപ്പിനിശ്ശേരിയില്‍ ആക്രമിച്ചു. പത്തനംതിട്ട സ്വദേശികളായ പങ്കജം (54), പ്രസന്ന (62), അനഘ (15) എന്നിവര്‍ക്ക് പരിക്കേറ്റു. ഉളിയില്‍ ബൈക്ക് യാത്രക്കാരനെ പെട്രോള്‍ ബോംബെറിഞ്ഞു. തലശ്ശേരിയില്‍ കെഎസ്ആര് ടിസി ബസ് തകര്‍ത്തു. ഡ്രൈവര്‍ രതീഷിന് കൈക്ക് പരുക്കേറ്റു. വിളക്കോട്ട് ഓട്ടോറിക്ഷ അടിച്ചു തകര്‍ത്തു. പയ്യന്നൂരില്‍ ബലമായി കടകള്‍ അടപ്പിക്കാന്‍ എത്തിയ പോപ്പുലര്‍ ഫ്രണ്ട് അക്രമികളെ നാട്ടുകാര്‍ അടിച്ചോടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: