ഭീകരപ്രവര്‍ത്തനത്തെ നേരിടുന്നതിന്റെ ഭാഗമായി അന്വേഷണ ഏജന്‍സികളായ എന്‍ഐഎയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ റെയ്ഡിനും അറസ്റ്റിനുമെതിരെ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന ഹൈക്കോടതിയുടെ പരാമര്‍ശം ശ്രദ്ധേയമാണ്. സ്വമേധയാ കേസെടുത്ത ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് ഹര്‍ത്താലിനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടണമെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായ അക്രമപ്രവര്‍ത്തനങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തിയത്. പലയിടങ്ങളിലും സ്ഥാപനങ്ങള്‍ക്കുനേരെ ബോംബേറ് നടന്നു. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ പൊതു-സ്വകാര്യ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. ബസ് ജീവനക്കാരെയും യാത്രക്കാരെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കടകള്‍ ബലമായി അടപ്പിക്കുകയും ഹോട്ടലുകള്‍ക്കുനേരെ കല്ലേറു നടത്തുകയും ചെയ്തു. ബാങ്കുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. പോലീസും പോലീസ് വാഹനങ്ങളും ആക്രമിക്കപ്പെട്ടു. ചുരുക്കത്തില്‍ തങ്ങള്‍ ഒരു ഭീകരസംഘടന തന്നെയാണെന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഹര്‍ത്താലിലൂടെയും തെളിയിച്ചിരിക്കുകയാണ്. ഹര്‍ത്താല്‍ ആഹ്വാനം ജനങ്ങള്‍ ചെവിക്കൊണ്ടിരുന്നില്ല. അനുകൂലമായ പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. അറസ്റ്റിലും റെയ്ഡിലും പോപ്പുലര്‍ ഫ്രണ്ട് പ്രതീക്ഷിച്ചതുപോലുള്ള അനുഭാവം മുസ്ലിം സമൂഹത്തില്‍നിന്ന് ലഭിച്ചില്ല. ഈ നിസ്സഹകരണം ഹര്‍ത്താലിലും പ്രതിഫലിച്ചു. ഇതു മനസ്സിലാക്കി ഹര്‍ത്താല്‍ ആരംഭിച്ച് കുറച്ചുനേരം കഴിഞ്ഞപ്പോള്‍ തെരുവിലിറങ്ങി സംഘടിതവും ആസൂത്രിതവുമായ അക്രമങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. ഹര്‍ത്താല്‍ ‘വിജയിപ്പിക്കാന്‍’ വേറെ വഴിയില്ലെന്നു വന്നപ്പോഴാണ് സംഘര്‍ഷം കുത്തിപ്പൊക്കി അക്രമങ്ങള്‍ നടത്തിയത്.
പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐയ്ക്കുമെതിരെ രാജ്യവ്യാപകമായാണ് റെയ്ഡ് നടന്നത്. പതിനഞ്ച് സംസ്ഥാനങ്ങളിലായി 100 ലേറെ ഇടങ്ങളില്‍. ദേശീയ നേതാക്കളെയാണ് അറസ്റ്റു ചെയ്തിട്ടുള്ളത്. എന്നിട്ടും കേരളത്തില്‍ മാത്രമാണ് ഹര്‍ത്താല്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഷയില്‍ സംഘപരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും, കേന്ദ്രസര്‍ക്കാരിനെതിരെ ദല്‍ഹിയിലും ഹര്‍ത്താലില്ല. കേരളത്തില്‍ മാത്രമായി ഹര്‍ത്താല്‍ ഒതുക്കിയത് രണ്ട് കാരണങ്ങളാലാണ്. ഒന്ന് ഈ ഭീകരസംഘടനകള്‍ക്ക് ഏറ്റവും കൂടുതല്‍ അനുയായികളുള്ളത് കേരളത്തിലാണ്. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും പോപ്പുലര്‍ ഫ്രണ്ടിനോടും എസ്ഡിപിഐയോടുമുള്ള അനുഭാവമാണ് രണ്ടാമത്തെ കാരണം. ഇടതുമുന്നണിയിലെ അനൗദ്യോഗിക ഘടകകക്ഷികളായാണ് ഈ ഭീകരസംഘടനകളെ സിപിഎം കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവയുടെ പിന്തുണ ഇടതുമുന്നണിക്ക് ലഭിക്കുകയും ചെയ്തു. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും ഒരുമിച്ചാണ് ഭരണം നടത്തുന്നത്. സര്‍ക്കാരിന്റെ ഒത്താശ ലഭിക്കുമെന്നതിനാലാണ് ഹര്‍ത്താല്‍ കേരളത്തില്‍ മാത്രമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങളുണ്ടായിട്ടും ആറു വര്‍ഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആത്മാര്‍ത്ഥമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ അനുയായികളില്‍ ഗണ്യമായ വിഭാഗം സിപിഎമ്മുകാരാണ്. പാര്‍ട്ടിയുടെ പിന്തുണയും സംരക്ഷണവും ഇവര്‍ക്ക് ലഭിക്കുന്നു. ഹര്‍ത്താലിനെ അനുകൂലിച്ചുകൊണ്ടുള്ള സിപിഎം എംപി: എ.എം. ആരിഫിന്റെ പ്രസ്താവന ഇതിനു തെളിവാണ്.
പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദ സംഘടനയാണെന്ന് യുഡിഎഫ് സര്‍ക്കാരിനും എല്‍ഡിഎഫ് സര്‍ക്കാരിനും ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടി വന്നിട്ടുള്ളതാണ്. പക്ഷേ പ്രവൃത്തിയില്‍ ഇരുമുന്നണികളും ഭീകരവാദികള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നു. ഈ അനുകൂലാന്തരീക്ഷം ഉപയോഗിച്ചാണ് കേരളത്തില്‍ അരുംകൊലകള്‍ ഉള്‍പ്പെടെയുള്ള അക്രമങ്ങളും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിന് നേതൃത്വം നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടായിരുന്നു. വിഘടനവാദപരമായ ആസാദി മുദ്രാവാക്യം വിളിച്ച് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും അണികള്‍ ഇതിനോടൊപ്പം ചേരുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തീവ്രവാദ സംഘടനകളാണന്ന് ഹൈക്കോടതി നേരത്തെ തന്നെ വിലയിരുത്തിയിട്ടുള്ളതാണ്. മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് കോടതി വിധിയുണ്ട്. ഹര്‍ത്താലിന്റെ അറിയിപ്പ് ഏഴുദിവസം മുന്‍പ് നല്‍കണമെന്നാണ് വ്യവസ്ഥ. ഈ കോടതിവിധിയുടെ ലംഘനമാണ് റെയ്ഡിനെതിരായ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. ഹര്‍ത്താലിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുകയും യാത്രാ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ ലഭിക്കുന്ന രാഷ്ട്രീയ-ഭരണ പിന്തുണയോടെ മതതീവ്രവാദികള്‍ എന്തൊക്കെ കോലാഹലമുണ്ടാക്കിയാലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഒരിഞ്ചുപോലും പിന്നോട്ടുപോവില്ല. നിയമനടപടികള്‍ തുടരും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും ശ്രമിക്കുന്നവരെ എല്ലാവിധത്തിലും ഒറ്റപ്പെടുത്താനുള്ള ബാധ്യത യഥാര്‍ത്ഥ മതവിശ്വാസികള്‍ക്കും പൊതുസമൂഹത്തിനുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: