ബെംഗളൂരു: കോളേജ് വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്ന് വില്പന നടത്തിയ മലയാളി ടെലിവിഷന്‍ താരം ഉള്‍പ്പെടെ മൂന്ന് പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ടെലിവിഷന്‍ താരം സിയാസ്, മുഹമ്മദ് ഷാഹിദ്, മംഗള്‍തൊടി ജിതിന് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 191 ഗ്രാം എംഡിഎംഎയും 12.50 ലക്ഷം രൂപ വിലമതിക്കുന്ന 2.80 കിലോഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
പ്രതി സിയാസ് മലയാളം ടെലിവിഷനില്‍ നടനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ നിഫ്റ്റ് കോളേജിന് സമീപമുള്ള സ്ഥലത്ത് നിന്നാണ് രണ്ട് പ്രതികളെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി അഗര തടാകത്തിലെ സര്‍വീസ് റോഡിന് സമീപം മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിനിടെയാണ് അറസ്റ്റിലായത്.
കര്‍ണാടകയിലെ പ്രമുഖ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കും ഉന്നത ജനവിഭാഗങ്ങള്‍ക്കും പ്രതികള്‍ മയക്കുമരുന്ന് വിറ്റിരുന്നതായി പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: