ന്യൂദല്‍ഹി: എംജി യൂണിവേഴ്സിറ്റിയില്‍ നടന്ന അനധികൃത തിരുകികയറ്റലിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്സ് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായുള്ള ദളിത് ചിന്തക രേഖാരാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. എംജി സര്‍വകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
റാങ്ക് പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള നിഷ വേലപ്പന്‍നായര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി ഉണ്ടായത് . ഇന്റര്‍വ്യൂവിന് മാര്‍ക്ക് നല്കിയ മാനദണ്ഡങ്ങള്‍ നിയമാനുസൃതമല്ലെന്ന് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിരുന്നു.
വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എംജി സര്‍വകലാശാലയും രേഖാരാജും സുപ്രീംകോടതിയെ സമീപിച്ചത്. രേഖ രാജിന്റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന് നായര്‍ ഉന്നയിച്ച പരാതി കൃത്യമാണെന്ന് സുപ്രീംകോടതി ശിവെച്ചു. പിഎച്ച്ഡിയുടെ മാര്‍ക്ക് തനിക്ക് നല്‍കിയില്ലെന്നും, റിസര്‍ച്ച് പേപ്പറുകള്‍ക്ക് അര്‍ഹതയുള്ളതിലധികം മാര്‍ക്ക് രേഖ രാജിന് നല്‍കിയെന്നും നിഷ വെളിപ്പെടുത്തിയിരുന്നു.
രേഖാ രാജിനും നിഷ വേലപ്പന് നായര്‍ക്കും പിഎച്ച്ഡി ഉണ്ടായിട്ടും ഒരാള്‍ക്ക് മാത്രം എന്തുകൊണ്ട് നിയമനത്തിന് പിഎച്ച്ഡി യുടെ മാര്‍ക്ക് കണക്കാക്കിയെന്ന് സുപ്രീം കോടതി ആരാഞ്ഞു. നെറ്റ് ആണ് അടിസ്ഥാന യോഗ്യതയെന്നും നെറ്റ് ഇല്ലാത്തതിനാലാണ് നിഷ വേലപ്പന് നായര്‍ക്ക് പിഎച്ച്ഡിയുടെ മാര്‍ക്ക് കണക്കാക്കാത്തതെന്നും സര്‍വകലാശാലയുടെ അഭിഭാഷക സാക്ഷി കക്കര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
നിയമന വേളയില്‍ പിഎച്ച്ഡിക്ക് ലഭിക്കേണ്ട ആറുമാര്‍ക്ക് സെലക്ഷന് കമ്മിറ്റി നിഷ വേലപ്പന് നായര്‍ക്ക് കണക്കാക്കിയിരുന്നില്ല. റിസര്‍ച്ച് പേപ്പറുകള്‍ക്ക് എട്ട് മാര്‍ക്കാണ് രേഖാ രാജിന് നല്‍കിയത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച കോടതി മൂന്നു മാര്‍ക്കിന് മാത്രമേ രേഖ രാജിന് യോഗ്യത ഉള്ളുവെന്ന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: