തിരുവനന്തപുരം: നേതാക്കളുടെ വീട്ടില്‍ ദേശിയ അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തിയതിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനം തള്ളി. വാഹനങ്ങള്‍ പതിവുപോലെ നിരത്തിലിറങ്ങി. കെ എസ് ആര് ടി ബസ്സുകള്‍ മാത്രമല്ല സ്വകാര്യ ബസ്സുകളും സര്‍വീസ് നടത്തി. പോപ്പുലര്‍ ഫ്രണ്ട് പോക്കറ്റുകളില്‍ ഒഴികെ എല്ലായിടത്തും കടകളും തുറന്നു.
ഹര്‍ത്താല്‍ പൊളിഞ്ഞതിന്റെ ജാള്യത മറയ്ക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പലസ്ഥലത്തും അക്രമങ്ങള്‍ക്ക് തയ്യാറായി. ഒളിഞ്ഞും പാത്തും കടകള്‍ക്കും വാഹനങ്ങള്‍ക്കും കല്ലെറിയുകയായിരുന്നു പലയിടത്തും. ഹര്‍ത്താലിന്റെ മറവില്‍ അഴിഞ്ഞാടിയപ്പോള്‍ പോലീസ് കൈയ്യുംകെട്ടി നിന്നു എന്ന ആക്ഷേപവും ഉണ്ട്.
ഹര്‍ത്താലിനെതിരെ കേരളാ ഹൈക്കോടതി സ്വമേധയ കേസ് എടുത്തു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമരാനുകൂലികള്‍ നടത്തുന്ന അക്രമം തടയാന്‍ അടിയന്തര നടപടി വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ത്താല്‍ കോടതി നിരോധിച്ചതാണെന്നിരിക്കെയാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടത്തിയത്. അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ കഴിയണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ത്താല്‍ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം. പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങള്‍ ഉരുക്ക് മുഷ്ടി ഉപയോഗിച്ചു നേരിടണം. അക്രമം തടയാന്‍ എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും കോടതി വാദത്തിനിടെ വ്യക്തമാക്കി.
ഹർത്താലിന്റെ മറവിൽ മതതീവ്രവാദികൾ കേരളം മുഴുവൻ അഴിഞ്ഞാടിയിട്ടും ഒരു നടപടിയുമെടുക്കാത്ത സംസ്ഥാന ആഭ്യന്തരവകുപ്പ് പോപ്പുലർ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പോപ്പുലർ ഫ്രണ്ടിന്റെ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണ് പിണറായി വിജയൻ ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: