കൊച്ചി : നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹര്‍ത്താലെന്ന പേരില്‍ സംസ്ഥാന വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ട് പോപ്പുലര്‍ ഫ്രണ്ട്. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ ആക്രമണമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊച്ചിയില്‍ ആലുവ – പെരുമ്പാവൂര്‍ റൂട്ടിലോടുന്ന രണ്ട് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു. ആലുവ കമ്പനിപ്പടി ഗ്യാരേജ് ബസ് സ്റ്റോപ്പിന് മുന്നിലും കെഎസ്ആര്‍ടിസിക്ക് നേരെ ആക്രമണമുണ്ടായി. ആലപ്പുഴയില്‍ ദേശീപാതയിലെ അമ്പലപ്പുഴ കാക്കാഴത്തും നീര്‍ക്കുന്നത്തും തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലും കൊല്ലത്തും വയനാട് മാനന്തവാടിയിലും കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ കല്ലേറുണ്ടായി.
കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപം ബസിന് നേരെയുണ്ടായ കല്ലേറില്‍ ചില്ല് തകര്‍ന്ന ബസ് ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. വയനാട് നിന്ന് വരികയായിരുന്നു ബസ്. വടക്കാഞ്ചേരിയില്‍നിന്ന് ഗുരുവായൂരിലേക്കുപോയ കെഎസ്ആര്‍ടിസി ബസിനുനേരെ കരുതക്കാടുവച്ച് ഹര്‍ത്താല്‍ അനുകൂലി കല്ലെറിഞ്ഞു. മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. വടക്കാഞ്ചേരി മേല്‍പ്പാലത്തിനു മുകളില്‍വച്ച് ചരക്കുലോറിക്ക് നേരെയും കല്ലേറുണ്ടായി. ലോറിയുടെ ചില്ലു തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിനുനേരെയും കല്ലേറുണ്ടായി. ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞത്. കല്ലേറില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. നഗരത്തില്‍ സര്‍വീസ് നടത്തിയ മറ്റൊരു ബസിനുനേരെയും കല്ലേറുണ്ടായി. കോഴിക്കോട് കല്ലായിയില്‍ ലോറിയുടെ ചില്ല് എറിഞ്ഞു തകര്‍ത്തു. പിഎസ്സി പരീക്ഷ നടക്കേണ്ട സ്കൂളിന് മുന്നിലാണ് അക്രമമുണ്ടായത്. കല്ലെറിഞ്ഞവര്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അക്രമികളെ പിടികൂടാന്‍ കഴിഞ്ഞില്ല. വ്യാപക ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പല സ്ഥലങ്ങളിലും കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി
അതേസമയം ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദ്ദേശം നല്കി. കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനും കരുതല്‍ തടങ്കലിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമരക്കാര്‍ പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടരുതെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്.
ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഇന്ന് സാധാരണ നിലയില്‍ സര്‍വീസ് നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് കെഎസ്ആര്‍ടിസിക്ക് നേരെ വ്യാപക ആക്രമണങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് അഴിച്ചുവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: