കാന്റര്‍ബറി: ഇരുപത്തിമൂന്ന് വര്‍ഷത്തിനു ശേഷം ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യന്‍ വനിതകള്‍ ചരിത്രമെഴുതി. 1999നു ഇംഗ്ലണ്ടിനെതിരെ പരമ്പര നേട്ടം. അതിനു ചുക്കാന്‍ പിടിച്ചതാകട്ടെ ടീം നായിക ഹര്‍മന്‍പ്രീത് കൗറും. ഹര്‍മന്‍പ്രീതിന്റെ സെഞ്ചുറിയും (143 നോട്ടൗട്ട്) രേണുക സിങ്ങിന്റെ നാലു വിക്കറ്റും രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് സമ്മാനിച്ചത് 88 റണ്‍സിന്റെ ഉജ്ജ്വല ജയം.
സ്കോര്‍: ഇന്ത്യ-333/5 (50), ഇംഗ്ലണ്ട്-245 (44.2). ഹര്‍മന്‍പ്രീതാണ് കളിയിലെ താരം. ആദ്യ ഏകദിനം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു.ഹര്‍മന്‍പ്രീതിനു പുറമെ ഹര്‍ലീന്‍ ഡിയോള്‍ (58), സ്മൃതി മന്ഥാന (40) എന്നിവരും സ്കോര്‍ ചെയ്തു. മറുപടി തുടങ്ങിയ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ഡാനി വയറ്റ് (65). പത്തോവറില്‍ 57 റണ്‍സ് വഴങ്ങിയാണ് രേണുക നാലു വിക്കറ്റെടുത്തത്. ഡയാലന്‍ ഹേമലത രണ്ടും ദീപ്തി ശര്‍മ, ഷെഫാലി വര്‍മ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
ഇംഗ്ലണ്ടിനെതിരെ ഒരു ടീമിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറാണ് ഇന്ത്യ കുറിച്ചത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്ത ഓസ്ട്രേലിയയാണ് മുന്നില്‍. ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറുമാണിത്. 2017ല്‍ അയര്‍ലന്‍ഡിനെതിരെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഹര്‍മന്‍പ്രീതിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്. 2017ല്‍ ഓസ്ട്രലിയയ്ക്കെതിരെ പുറത്താകാതെ 171 റണ്‍സെടുത്തതാണ് ഉയര്‍ന്ന സ്കോര്‍. ഒരു ഇന്ത്യക്കാരിയുടെ ഉയര്‍ന്ന സ്കോര്‍ ദീപ്തി ശര്‍മയുടെ പേരില്‍. 2017ല്‍ അയര്‍ലന്‍ഡിനെതിരെ 188 റണ്‍സ്. 15 വര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ പരമ്പര നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ. ഓസ്ട്രേലിയ 2015, 19 വര്‍ഷങ്ങളില്‍ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: