ന്യൂദല്‍ഹി: തീവ്രവാദപ്രവര്‍ത്തനം നടത്തുന്നെന്ന് വ്യക്തമായതോടെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഉടന്‍ രാജ്യത്ത് നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തുടനീളം എന്‍ഐഎ നടത്തിയ റെയ്ഡിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അടക്കം രാജ്യത്തെ സുരക്ഷ ചുമതലയുള്ള എല്ലാ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 11 സംസ്ഥാനങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡിഡില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന തീവ്രവാദ പരിശീലനത്തിന്റേയും തീവ്രവാദ ഫണ്ടിന്റേയും രേഖകള്‍ അടക്കം ലഭിച്ചിട്ടുണ്ട്. റെയ്ഡില്‍ ഏറ്റവും അധികം അറസ്റ്റ് നടന്നത് കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ നിന്ന് 22 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയാണ്. പല സംസ്ഥാനങ്ങളില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ എല്ലാം സിആര്‍പിഎഫിന്റെ സുരക്ഷയിലാണ് റെയ്ഡ് നടന്നത്. 2006ല്‍ കേരളത്തില്‍ രൂപീകരിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആസ്ഥാനം ഡല്‍ഹിയിലാണ്. ലഖ്നൗവിലെ പ്രത്യേക കോടതിയില്‍ പിഎഫ്ഐയ്ക്കും അതിന്റെ ഭാരവാഹികള്‍ക്കുമെതിരെ അന്വേഷണ ഏജന്‍സി രണ്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, പിഎഫ്ഐക്കും അതിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (സിഎഫ്ഐ) എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റങ്ങള്‍ ചുമത്തി ഇഡി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു, ഹത്രാസില്‍ വര്‍ഗീയ കലാപങ്ങള്‍ ഇളക്കിവിടാനും ഭീകരത പടര്‍ത്താനും പിഎഫ്ഐ നടത്തിയ നീക്കങ്ങളുടെ തെളിവുകളെല്ലാം അന്വേഷണം ഏജന്‍സികള്‍ സ്വീകരിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ അര്‍ധരാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്മാന് എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും ദേശീയ സെക്രട്ടറി നസറുദീന്‍ എളമരത്തിന്റെ വീട്ടിലും റെയ്ഡ് നടത്തി. ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. സിആര്‍പിഎഫ് ഭടന്മാരുടെ സുരക്ഷയിലാണ് റെയ്ഡ്. കേരള പോലീസിനെ അറിയിക്കാതെ ആണ് പലയിടത്തും റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പല നേതാക്കളുടേയും സാമ്പത്തിക ഇടപാടുകള്‍ മാസങ്ങളായി എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു. എല്ലാ തെളിവുകളും ലഭിച്ച ശേഷമാണ് അര്‍ധരാത്രിയോടെ രാജ്യമെമ്പാടും വ്യാപക റെയ്ഡ് ആംരഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: