ശാസ്താംകോട്ട: വായ്പ കുടിശിക വരുത്തിയാല്‍ കുടിശികക്കാരന്റെ വീടിനു മുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിക്കുന്ന ‘നാണം കെടുത്തല്‍’ നടപടി ഇന്ന് സംസ്ഥാനത്ത് നടപ്പാക്കുന്നത് കേരള ബാങ്ക് മാത്രം. കഴിഞ്ഞ ദിവസം വീടിന് മുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അഭിരാമി (19) ബാങ്കിന്റെ ഈ ‘ക്രൂരവിനോദ’ത്തിന്റെ ഇരയാണ്.
2020 നവംബറില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കല്‍ കേരള ബാങ്കിന്റെ പ്രസിഡന്റ് ആയ ശേഷമാണ് ഈ ബോര്‍ഡ് സ്ഥാപിക്കല്‍ സജീവമാക്കിയത്. അതും തിരിച്ചടവിന് മാര്‍ഗമില്ലാത്തവരെ തിരഞ്ഞ് പിടിച്ച്. സിപിഎമ്മുമായി എന്തെങ്കിലും ബന്ധമുള്ളവരോ പാര്‍ട്ടി ശിപാര്‍ശ ചെയ്യുന്നവരോ ആയവര്‍ എത്ര കുടിശിക വരുത്തിയാലും നടപടി സ്വീകരിക്കരുതെന്ന് മേല്‍ഘടകത്തില്‍ നിന്നും നിര്‍ദേശം നല്‍കും.
കേരള ബാങ്കിന്റെ പല ശാഖകളിലും വന്‍ കുടിശിക വരുത്തിയിട്ടും ഒരു നടപടിയും സ്വീകരിക്കാതെ ഫയല്‍ മാറ്റി വച്ചിരിക്കുന്ന നിരവധി പേരുണ്ടെന്ന് ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു. മറ്റു ബാങ്കുകളില്‍ നിന്നും വ്യത്യസ്ഥമായി കേരള ബാങ്ക് ബോര്‍ഡ് സ്ഥാപിക്കുന്നതിനെ പ്രതീകാത്മക കൈവശപ്പെടുത്തല്‍ (സിംബോളിക്ക് പൊസഷന്‍) എന്നാണ് പറയുന്നത്. മൂന്നു മാസം തിരച്ചടവ് മുടക്കി കുടിശിക വരുത്തുന്നവര്‍ക്ക് ആദ്യം ഒരു നോട്ടീസ് അയക്കും. സര്‍ഫാസി ആക്ട് 2002 ലെ 13 (2) വകുപ്പ് അനുസരിച്ച് കുടിശികക്കാരന് രണ്ട് മാസത്തെ സമയം കൊടുക്കണം എന്നാണ് നിയമം. പിന്നീടാണ് നടപടിയിലേക്ക് നീങ്ങുന്നത്.
എന്നാല്‍ അഭിരാമിയുടെ അച്ഛന്‍ അജികുമാര്‍ 2019 ജൂണിലാണ് 10 ലക്ഷം രൂപ കേരള ബാങ്ക് പതാരം ശാഖയില്‍ നിന്നും വായ്പ എടുത്തത്. ലോക്ഡൗണ്‍ തുടങ്ങുന്ന 2020 മാര്‍ച്ചു വരെ മുടങ്ങാതെ വായ്പ അടച്ചു. അന്ന് അജികുമാര്‍ വിദേശത്തായിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട അജികുമാര്‍ തിരികെ വന്നതോടെ തിരിച്ചടവ് മുടങ്ങി. ആ വര്‍ഷം ഒക്ടോബര്‍ വരെ എല്ലാ ബാങ്കുകളും മോറട്ടോറിയം പ്രഖ്യാപിച്ചതിനാല്‍ നടപടിയുണ്ടായില്ല. ഇതിനിടെ അജികുമാറിന്റെ അച്ഛന്‍ ശശിധരന്‍ ആചാരി രോഗബാധിതനായി കിടപ്പിലായതോടെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി. ബാങ്ക് ഉദ്യോഗസ്ഥര്‍ നിരന്തരം വീട്ടില്‍ കയറിയിറങ്ങാന്‍ തുടങ്ങിയതോടെ കഴിഞ്ഞ മാര്‍ച്ചില്‍ പലയിടത്തു നിന്നുമായി കടം വാങ്ങി ഒന്നര ലക്ഷം രൂപ ബാങ്കിലടച്ചു. കുറച്ച് സാവകാശം തരണമെന്നും ഒരു വര്‍ഷത്തിനകം കുടിശിക അടക്കാമെന്നും ബാങ്ക് അധികൃതരെ ധരിപ്പിച്ചിരുന്നു.
എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ ബാങ്ക് അധികൃതര്‍ വീട്ടിലെത്തി ജപ്തി ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. സാധാരണ ദേശസാല്‍കൃത ബാങ്കുകള്‍ അടക്കം വായ്പക്കാരന്‍ കുടിശിക വരുത്തിയാല്‍ സ്വീകരിക്കുന്ന നടപടി മറിച്ചാണ്. സര്‍ഫാസി നിയമം 2002 പ്രകാരമുള്ള എല്ലാ അറിയിപ്പുകളും കുടിശികക്കാരന് രേഖാമൂലം നല്‍കിയ ശേഷം മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും. വായ്പക്കാരനെ കോടതി വിളിച്ചുവരുത്തി ഗഡുക്കള്‍ അനുവദിച്ചു നല്‍കും. വായ്പക്കാരന്‍ കോടതിയില്‍ ഹാജരാകാത്ത പക്ഷം അഡ്വക്കേറ്റ് കമ്മീഷന്‍ വായ്പക്കാരന്റെ വീട്ടിലെത്തി നിശ്ചിത സമയമനുവദിച്ചു കൊണ്ടുള്ള നോട്ടീസ് നല്‍കും. ഇതിനു ശേഷമാണ് കമ്മീഷന്‍ എത്തി വീട് മുദ്ര ചെയ്യുന്നത്. യഥാര്‍ത്ഥ കൈവശം (ആക്ചൗല്‍ പൊസഷന്‍) എന്ന നടപടിയില്‍ വായ്പ കുടിശിക വരുത്തുന്നവര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കും നിരവധി അവസരങ്ങളും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: