ഉത്തരം മുട്ടുമ്പോള്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്ന രീതി കോണ്‍ഗ്രസ്സില്‍നിന്ന് ഇടതുപാര്‍ട്ടികള്‍ പഠിച്ചതാണൊ നേരെ മറിച്ചാണോ എന്നു കണ്ടെത്താന്‍ പ്രയാസമാണ്. രണ്ടുകൂട്ടരും പതിറ്റാണ്ടുകളായി ഇത് ചെയ്തുകൊണ്ടിരിക്കുന്നു. ആര്‍എസ്എസിനെ വിമര്‍ശിച്ച് ആളാവാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുലും ഇടതുനേതാക്കളും പരസ്പരം മത്സരിക്കുന്നതുപോലെ തോന്നും. കേരളത്തില്‍ പക്ഷേ ഇക്കാര്യത്തില്‍ കളംനിറഞ്ഞുനില്‍ക്കുന്നത് ഇടതുപാര്‍ട്ടികളാണ്, പ്രത്യേകിച്ച് സിപിഎം നേതാക്കള്‍.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് സര്‍ക്കാരിന്റെ നിയമവിരുദ്ധമെന്നു കരുതുന്ന ചില നടപടികളെ ചോദ്യം ചെയ്തതിന്റെ അമര്‍ഷവും രോഷവും മുഖ്യമന്ത്രി പിണറായി വിജയന് ആര്‍എസ്എസിനെതിരെ പ്രകടിപ്പിച്ചത് ഇതിനുദാഹരണമാണ്. കേരള സന്ദര്‍ശനത്തിനിടെ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയതില്‍ അസ്വാഭാവികമായി ഒന്നുമില്ല. അതൊരു രഹസ്യകൂടിക്കാഴ്ചയുമായിരുന്നില്ല. സര്‍സംഘചാലകിനെ കണ്ടത് വ്യക്തിപരമായാണെന്നും, 1986 മുതല്‍ ആര്‍എസ്എസിനോട് ആഭിമുഖ്യമുണ്ടെന്നും, തന്റെ നിലപാടുകള്‍ക്ക് പിന്തുണ നല്കുന്നതിനാലാണ് ഇതെന്നും ഗവര്‍ണര്‍ വ്യക്തമാക്കുകയും ചെയ്തു. പ്രശ്നം അവിടെ അവസാനിച്ചു.
ആര്‍എസ്എസ് നിയമവിരുദ്ധ സംഘടനയല്ല. ലോകത്തെ ഏറ്റവും വലിയ സന്നദ്ധസംഘടനയുമാണ്. ആ സംഘടനയുടെ പരമോന്നത നേതാവിനെ ഏതെങ്കിലുമൊരു ഗവര്‍ണറോ രാഷ്ട്രപതി തന്നെയോ കാണുന്നതില്‍ ഒരുതരത്തിലുള്ള അനൗചിത്യവുമില്ല. ആര്‍എസ്എസ് സ്വയംസേവകര്‍ ഗവര്‍ണര്‍മാരും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമൊക്കെ ആയിട്ടുണ്ട്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് 17 സ്വയംസേവകര്‍ ഗവര്‍ണര്‍മാരായിരുന്നു. രണ്ടാം മോദിസര്‍ക്കാരിന്റെ കാലത്ത് 11 പേരും എന്നതാണ് കണക്ക്. ആര്‍എസ്എസുമായി ഒരു ബന്ധമില്ലാത്തയാളും ഒരുകാലത്ത് അതിന്റെ വിമര്‍ശകനുമായിരുന്ന പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരിക്കെ ഒന്നിലധികം തവണ സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തുകയും ആശയവിനിമയത്തിലേര്പ്പെടുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ഗവര്ണറായതുകൊണ്ടു മാത്രം ആരിഫ് മുഹമ്മദ് ഖാന് വിലക്കുകല്പ്പിക്കാനാവില്ലല്ലോ.
രാജ്യത്തിന്റെ വിശാലമായ ഭൂപ്രദേശത്തുനിന്ന് അപ്രത്യക്ഷമാവുകയും, കേരളത്തില്‍ മാത്രം അന്തിച്ചോപ്പായി അവശേഷിക്കുകയും ചെയ്യുന്നതിന്റെ ആശങ്ക ഇടതുപാര്‍ട്ടികള്‍ക്കുണ്ട്. ആശയപരമായും സംഘടനാപരമായും തങ്ങളെ തുരത്തിയത് ആര്‍എസ്എസാണെന്ന് പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ദുരനുഭവങ്ങള്‍ ഇടതുപാര്‍ട്ടികളെ പഠിപ്പിച്ചിരിക്കുന്നു. പതിറ്റാണ്ടുകള്‍ ഇടതുപക്ഷം ഭരിച്ച ഇവിടങ്ങളില്‍ ചുവപ്പ് കാവിക്ക് വഴിമാറിയതിന്റെ ഞെട്ടലില്‍നിന്ന് ഇടതുനേതൃത്വം ഇപ്പോഴും മുക്തമല്ല. കേവലമായ അധികാര നഷ്ടമല്ല സംഭവിച്ചത്. ജനജീവിതത്തിന്റെ സമസ്ത മേഖലകളും അടക്കിവാണ പാര്‍ട്ടി മഹത്വത്തിന്റെ കൊടുമുടിയില്‍നിന്ന് അപമാനത്തിന്റെയും നിരാശയുടെയും അഗാധഗര്‍ത്തത്തിലേക്ക് നിപതിക്കുകയായിരുന്നുവല്ലോ. കൊടികള്‍ വലിച്ചെറിഞ്ഞും പാര്‍ട്ടി ഓഫീസുകള്‍ ഉപേക്ഷിച്ചും അണികള്‍ പുതിയൊരു കലാപംതന്നെ നടത്തുകയായിരുന്നു. ത്രിപുരയില്‍ രണ്ടരപ്പതിറ്റാണ്ടുകാലത്തെ സ്വേച്ഛാധിപത്യ ഭരണത്തില്‍ അഭിമാന പ്രതീകമായി നിലനിന്ന ലെനിന് പ്രതിമപോലും ജനരോഷത്തില്‍ നിലംപറ്റി. ബംഗാളില്‍ രാഷ്ട്രീയ മുന്നേറ്റം കുറിച്ചതും, ത്രിപുരയില്‍ അധികാരം പിടിച്ചതും ബിജെപിയാണെങ്കിലും സിപിഎമ്മിന്റെ പഴിമുഴുവന്‍ കേള്‍ക്കേണ്ടിവന്നത് ആര്‍എസ്എസിനാണ്. ഇടതുസാമ്രാജ്യമായിരുന്ന ഇവിടങ്ങളില്‍ ‘അവാന്‍ഗാര്‍ഡ്’ ആര്എസ്എസായിരുന്നുവല്ലോ.
ആര്‍എസ്എസിനോടുള്ള ഇടതുപാര്‍ട്ടികളുടെ എതിര്‍പ്പ് ഒരേസമയം ചരിത്രപരവും സമകാലികവുമാണ്. അവര്‍ക്ക് ഭരിക്കാന്‍ അവസരം ലഭിക്കുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളം. ഇവിടെ ഭരണമാറ്റം സംഭവിക്കുന്നതുപോലും ഒരു പ്രശ്നമല്ല. കോണ്‍ഗ്രസ് ഭരണത്തില്‍ തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെടുമെന്ന് സിപിഎമ്മിന് ഉറപ്പുണ്ട്. ഇടതു-വലതു മുന്നണികള്‍ പരസ്പരം അധികാരം വച്ചു മാറുന്നത് പതിവാണ്. ഇതിന് മാറ്റംവരാന്‍ ഇടതുപാര്‍ട്ടികള്‍ ആഗ്രഹിക്കുന്നില്ല. ദേശീയ ശക്തികള്‍ക്ക് കേരളത്തില്‍ അധികാര പങ്കാളിത്തം ലഭിക്കുന്നതിനെ അവര്‍ ഏതുവിധത്തിലും ചെറുക്കും. ഒരിക്കല്‍ അത് സംഭവിച്ചാല്‍ ബംഗാളും ത്രിപുരയും ആവര്‍ത്തിക്കും. ഭരണം മാത്രമല്ല, പാര്‍ട്ടിതന്നെ ഇല്ലാതാവുമെന്ന് സിപിഎം ഭയക്കുന്നു. കേരളം ബംഗാളാക്കുമെന്ന് ഒരു കാലത്ത് ആവേശം കൊണ്ടിരുന്നവര്‍ ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത്.
പിണറായി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിച്ചത് മഹാകാര്യമായി അവതരിപ്പിച്ച് അണികളെ ആവേശം കൊള്ളിക്കുന്നുണ്ടെങ്കിലും വിളിപ്പാടകലെ ഒരു തെരഞ്ഞെടുപ്പ് പരാജയവും തകര്‍ച്ചയുമുണ്ടെന്ന് ഇടതുപാര്‍ട്ടികള്‍ തിരിച്ചറിയുന്നു. അധികാരത്തിന്റെ ബലത്തില്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടി സംവിധാനം അപ്രത്യക്ഷമാവും. ഇങ്ങനെയൊരു സാഹചര്യത്തില്‍ ആര്‍എസ്എസിനെയാണ് ഇടതുപാര്‍ട്ടികള്‍ ശത്രുവായി കാണുന്നത്. അധികാരത്തിന്റെ യാതൊരു പിന്‍ബലവുമില്ലാതെ സംഘടനാ വളര്‍ച്ച കൈവരിക്കാനും, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രഭാവമുണ്ടാക്കാനും ആര്‍എസ്എസിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയം ദേശീയധാരയുമായി ഐക്യപ്പെടുന്നതിന് മൗലികമായ തടസ്സങ്ങളൊന്നുമില്ല. സംഘടനാപരവും രാഷ്ട്രീയവുമായ ചില മുന്‍വിധികള്‍ ഉപേക്ഷിക്കുകയും, രാജ്യം ഭരിക്കുന്ന കക്ഷി എന്നനിലയ്ക്ക് അവസരത്തിനൊത്ത് ഉയരുകയും ചെയ്താല്‍ അധികാര രാഷ്ട്രീയത്തിലേക്കുള്ള പാതയിലെ അനിശ്ചിതത്വം ഇല്ലാതാക്കാന്‍ കേരളത്തിലെ ബിജെപിക്കു സാധിക്കും. ഈ സാധ്യതയെക്കുറിച്ച് ബിജെപിയെക്കാള്‍ ബോധ്യമുണ്ട് അതിന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക്.
ഗവര്‍ണര്‍ പദവിയിലിരിക്കുന്നവര്‍ക്ക് രാഷ്ട്രീയമാവാം എന്നു മുഖ്യമന്ത്രി സമ്മതിക്കുന്നുണ്ടല്ലോ. ആരിഫ് മുഹമ്മദ് ഖാന് ആ രാഷ്ട്രീയം പ്രകടിപ്പിക്കുമ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനെന്ന് ആക്ഷേപിക്കുന്നത് ശരിയല്ല. കമ്യൂണിസം വൈദേശിക പ്രത്യയശാസ്ത്രമാണെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരു വൈദേശികോല്പ്പന്നമാണ്. 1920 ഒക്ടോബറില്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താഷ്ക്കന്റിലാണല്ലോ ഏഴംഗങ്ങള്‍ യോഗം ചേര്‍ന്ന് ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ’ രൂപീകരിച്ചത്. ‘ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി’ വേണമെന്ന നിര്‍ദേശം തള്ളി വൈദേശിക സ്വഭാവം ഉറപ്പിക്കുകയാണ് 1925 ലെ കാണ്‍പൂര്‍ യോഗം ചെയ്തത്. ഇതൊക്കെ നിഷേധിക്കാന്‍ കഴിയാത്ത വസ്തുതകളായതിനാല്‍ ആര്‍എസ്എസാണ് വൈദേശികമെന്ന് മുഖ്യമന്ത്രി പറയുന്നത് ചരിത്രബോധമില്ലായ്മയാണ്. സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്ക്കുമ്പോള് ചര്‍ച്ച വഴിമാറ്റാനുള്ള തന്ത്രമാണിത്.
സര്‍സംഘചാലകിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ഗൂഢാലോചന നടത്തിയെന്നു പറയുന്നത് ബാലിശമാണ്. സര്‍സംഘചാലക്-ഗവര്‍ണര്‍ കൂടിക്കാഴ്ച പരസ്യമായിരുന്നു. ഇങ്ങനെയാണോ ഗൂഢാലോചന നടത്തുന്നത്. അതീവ രഹസ്യമായി എന്തെങ്കിലും പറയാനാണെങ്കില്‍ ഇക്കാലത്ത് മറ്റെന്തെല്ലാം മാര്‍ഗങ്ങളുണ്ട്. ആര്‍എസ്എസിനും സര്‍സംഘചാലകിനും രഹസ്യകൂടിക്കാഴ്ചകളൊന്നുമില്ല. ആശയവിനിമയത്തിനോ മറ്റെന്തെങ്കിലും കാര്യം പറയാനോ ആരെങ്കിലും കാണാന്‍ വന്നാല്‍ അതൊന്നും കൊട്ടിഘോഷിക്കാറില്ല. സ്വാഭാവിക കാര്യമായാണ് ആര്‍എസ്എസ് കാണുന്നത്. വിവരങ്ങള്‍ ലഭിക്കുന്ന മാധ്യമങ്ങള്‍ വിവാദമാക്കാറുണ്ടെന്നു മാത്രം. സര്‍സംഘചാലകിന്റെ കേരള സന്ദര്‍ശനങ്ങള്‍ ഏതെങ്കിലും തരത്തില്‍ വിവാദമാക്കുക എന്നത് സിപിഎമ്മിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും അജണ്ടതന്നെയാണ്. 2017 ലെ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ സര്‍സംഘചാലക് ദേശീയ പതാക ഉയര്‍ത്തുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് ഇതിലൊന്നായിരുന്നു.
ഭരണഘടനാ പദവികളിലിരുന്നുകൊണ്ടും പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കണമെന്നത് സിപിഎമ്മിന്റെ ഔദ്യോഗിക നയമാണ്. പാര്‍ട്ടിക്കാരായ മന്ത്രിമാരും മുഖ്യമന്ത്രിമാരുമൊക്കെ ഒരു മറയുമില്ലാതെ ഇതു ചെയ്യും. ഇടതുഭരണകാലത്ത് സ്പീക്കര്‍മാര്‍ പോലും ഇങ്ങനെ പ്രവര്‍ത്തിച്ചിട്ടുള്ളതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ കേന്ദ്രസര്‍ക്കാരില്‍ സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്ജിത്തിനുള്ള സ്വാധീനത്താല്‍ കേരള ഗവര്‍ണറായെത്തിയ സുഖ്ദേവ് സിങ് കാങ് പോലും ഇതിന് അപവാദമായിരുന്നില്ല. ഭരണഘടനാ പദവികളിലെത്തുന്ന മറ്റുള്ളവരും തങ്ങളെപ്പോലെയാണ് പെരുമാറുകയെന്ന് സിപിഎം കരുതുന്നുണ്ടാവും. ഇതൊരു സംശയരോഗമാണ്.
ആര്‍എസ്എസ് രാഷ്ട്രീയ സംഘടനയല്ല. രാഷ്ട്രീയ ഇടപെടലുകളും നടത്താറില്ല. സര്‍ക്കാരിന്റെ പോലും പ്രവര്‍ത്തനങ്ങളെ ആര്‍എസ്എസ് നോക്കിക്കാണുന്നത് രാഷ്ട്രീയപാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായാണ്. ”സംഘത്തിന് പ്രത്യേക അജണ്ടയൊന്നുമില്ല. മറ്റൊരു അധികാര കേന്ദ്രമാവാനും അത് ആഗ്രഹിക്കുന്നില്ല. സംഘത്തെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അടുത്തറിയുമ്പോള്‍ ഇത് മാറും. സംഘത്തിന് ഒരു റിമോട്ട് കണ്ട്രോളുമില്ല. ആരെങ്കിലും അതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ആഗ്രഹിക്കുന്നില്ല.” ഉത്തര്‍പ്രദേശിലെ റോഹില്‍ഖണ്ഡ് സര്‍വകലാശാലയില്‍ അടുത്തിടെ നടത്തിയ ഒരു പ്രഭാഷണത്തില്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞതാണിത്. ഇതാണ് ആര്‍എസ്എസിന്റെ നയം. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സര്‍ക്കാരിനെ 1959 ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിരിച്ചുവിട്ടതിനെ അന്നത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ വിമര്‍ശിച്ചത് കക്ഷി രാഷ്ട്രീയത്തിന്റെ സങ്കുചിത സമീപനം ആര്എസ്എസിനില്ലെന്നതിന് തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: