കോഫെ പോസെ തടവു സംബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യരേഖ കേരളാ പോലീസില്‍നിന്നു ചോര്‍ന്ന സംഭവം അതീവഗുരുതരമാണ്. സംസ്ഥാന പോലീസ് മേധാവിയായ ഡിജിപി മലപ്പുറം ജില്ലാ മേധാവിക്ക് അയച്ച രഹസ്യരേഖയാണ് ചോര്‍ന്നത്. നിയമവിരുദ്ധമായി സ്വര്‍ണം കടത്തിയ മലപ്പുറം കാവനൂര്‍ സ്വദേശി ഫസലു റഹ്മാനും മറ്റു മൂന്നുപേര്‍ക്കുമെതിരെ കോഫെ പോസെ പ്രകാരം എക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ കരുതല്‍ തടങ്കലിന് ഉത്തരവിട്ടിരുന്നു. ഈ വിവരം പോലീസില്‍നിന്നുതന്നെ ചോര്‍ന്നുകിട്ടിയ പ്രതി ഒളിവില്‍ പോവുകയും കരുതല്‍ തടങ്കല്‍ നടപ്പാക്കാന്‍ കഴിയാതാവുകയും ചെയ്തു. തടങ്കല്‍ ഉത്തരവ് ചോദ്യം ചെയ്ത് ഈ പ്രതി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിക്കൊപ്പം രഹസ്യം എന്ന മേല്‍ക്കുറിപ്പോടെ ഡിജിപി കൈമാറിയ രേഖയും ഹാജരാക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനായ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്. മനു അതീവഗുരുതരമായ ഈ വീഴ്ച ശ്രദ്ധയില്‍പ്പെടുത്തിയതിനെതുടര്‍ന്ന് പോലീസ് സൂപ്രണ്ട് തസ്തികയില്‍ കുറയാത്ത ഒരു ഉന്നതോദ്യോഗസ്ഥന് അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരിക്കുകയാണ്. രഹസ്യം ചോരാനിടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോടതിയുടെ ഇടപെടലോടെ ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുമെന്നും, ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാവുമെന്നും പ്രതീക്ഷിക്കാം.
ഉന്നതമായ അന്വേഷണ ഏജന്‍സിയുടെ രഹസ്യരേഖ ചോര്‍ന്നു എന്നതിനെക്കാള്‍ ഞെട്ടലുളവാക്കുന്നതാണ് ഇതുസംബന്ധിച്ച് പോലീസ് നല്കിയ വിശദീകരണം. അവഗണിക്കപ്പെടേണ്ട ഒരു നിസ്സാരസംഭവമായാണ് പോലീസ് ഈ വീഴ്ചയെ ചിത്രീകരിക്കുന്നത്. മറ്റൊരാളുടെ തടങ്കല്‍ ഉത്തരവ് നടപ്പാക്കുമ്പോള്‍ അതിനൊപ്പം സ്ഥലം സബ് ഇന്‍സ്പെക്ടര്‍ അബദ്ധത്തില്‍ രഹസ്യരേഖയുടെ പകര്‍പ്പും നല്‍കുകയായിരുന്നുവെന്നും, ഇയാളില്‍നിന്നാണ് ഹര്‍ജിക്കാരനായ പ്രതിക്ക് രഹസ്യരേഖ ലഭിച്ചതെന്നുമാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നത്. അങ്ങേയറ്റം നിരുത്തരവാദപരമാണ് ഈ വിശദീകരണമെന്ന് പ്രത്യേക്ഷത്തില്‍ തന്നെ വ്യക്തമാണ്. ഒരര്‍ത്ഥത്തില്‍ വീഴ്ചയെ ന്യായീകരിക്കുകയാണ് ജില്ലാ പോലീസ് മേധാവി ചെയ്യുന്നതെന്നും കാണാനാവും. കുറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥന് ആരാണെന്ന് അറിഞ്ഞിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. വീഴ്ച സംഭവിച്ചതല്ല, ബോധപൂര്‍വം വീഴ്ച വരുത്തിയതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു സബ് ഇന്‍സ്പെക്ടര്‍ മാത്രമായിരിക്കില്ല ഇതിനുത്തരവാദി. മുകളിലുള്ളവരുടെ ഒത്താശയും ഇതിന് ലഭിച്ചിരിക്കാം. രഹസ്യരേഖ ചോര്‍ന്നുകിട്ടിയതിന്റെ ഗുണഭോക്താവ് സ്വര്‍ണക്കള്ളക്കടത്തുകാരനും, വന്‍സാമ്പത്തിക ശേഷിയുള്ള ആളുമായതിനാല്‍ ആസൂത്രിതമായി നടത്തിയ അട്ടിമറിയാവാനാണ് എല്ലാ സാധ്യതയും. ആര്‍ക്കെതിരെയും നടപടിയെടുക്കാതിരുന്നത് ഇതിനാലാവണം. പ്രശ്നം മൂടിവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കോടതിയില്‍ സമര്‍പ്പിച്ച അലസമായ സത്യവാങ്മൂലമെന്നും കരുതേണ്ടിയിരിക്കുന്നു.
കോഫോ പോസെ പ്രതിയുടെ കരുതല്‍ തടങ്കല്‍ സംബന്ധിച്ച രഹസ്യരേഖ പോലീസില്‍നിന്ന് ചോര്‍ന്നത് ഒറ്റപ്പെട്ട സംഭവമായി കരുതാനാവില്ല. കേരളാ പോലീസ് രാഷ്ട്രീയവല്‍ക്കരിക്കപ്പെടുക മാത്രമല്ല, മതവല്‍ക്കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. മതതീവ്രവാദികള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പോലീസില്‍നിന്ന് നേടിയെടുക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. ഇക്കാര്യത്തില്‍ ഏതറ്റംവരെയും പോകാന്‍ മടിക്കാത്ത ഒരു വിഭാഗം പോലീസില്‍ രൂപപ്പെട്ടിരിക്കുന്നു. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ അബ്ദുള്‍ നാസര്‍ മദനി പ്രതിയായ കാലം മുതല്‍ പോലീസിലെ മതതീവ്രവാദികളുടെ പിണിയാളുകള്‍ സജീവമാണ്. പില്ക്കാലത്ത് ഭീകര സംഘടനകളായ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയുമൊക്കെ ഇഷ്ടക്കാരായി ഇവര്‍ മാറി. പോലീസ് ശേഖരിച്ച ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ രഹസ്യവിവരങ്ങള്‍ മതതീവ്രവാദ സംഘടനയ്ക്ക് കൈമാറിയതും, ഉന്നതനായ ഒരു പോലീസുദ്യോഗസ്ഥന് മതതീവ്രവാദികള്‍ക്ക് രഹസ്യം ചോര്ത്തിയതുമൊക്കെ ജനങ്ങളെ ഞെട്ടിച്ച സംഭവങ്ങളാണ്. പ്രതിഷേധമുയര്‍ന്നതോടെ പേരിന് ചില നടപടികളെടുത്തെങ്കിലും രാജ്യദ്രോഹപരമായ ഈ അവിശുദ്ധബന്ധത്തെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കാനോ, കാക്കിക്കുള്ളിലെ അപകടകാരികളെ പുറത്തുകൊണ്ടുവരാനോ ആഭ്യന്തരവകുപ്പും സര്‍ക്കാരും താല്‍പ്പര്യം കാണിച്ചില്ല. മതതീവ്രവാദികളുടെയും ഭീകരവാദികളുടെയും സ്വന്തം നാടായി കേരളം മാറിയതിന്റെ കാരണവും ഇതാണ്. രാജ്യത്തിന്റെ മുഴുവന്‍ ആശങ്കയായി മാറിയിട്ടുള്ള ഈ സ്ഥിതിവിശേഷത്തെക്കുറിച്ച് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചകള്‍ നടക്കുകയും, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണവും നടപടികളും ഉണ്ടാവുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: