തിരുവനന്തപുരം : കാട്ടാക്കട കെഎസ്ആര്‍ടിസി യൂണിറ്റില്‍ വിദ്യാര്‍ത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നത് ഒരിക്കലും നീതീകരിക്കാനാകാത്ത സംഭവമാണെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. മാനസിക വിഭ്രാന്തിയുള്ളവരാണ് കാട്ടാക്കടയില്‍ ആക്രമണം നടത്തിയതെന്നും അത്തരക്കാരെ മാനേജ്മെന്റ് സംരക്ഷിക്കില്ലെന്നും എംഡി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്.
കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഏറെക്കുറെ വിഷയങ്ങള്‍ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റില്‍ യാത്രാ കണ്സഷന് പുതുക്കാനായി എത്തിയ വിദ്യാര്‍ത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്.
ഇത്തരത്തില്‍ ഒരു വൈഷമ്യം ആ പെണ്‍കുട്ടിക്കും പിതാവിനും പ്രസ്തുത കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും നേരിടേണ്ടി വന്നതില്‍ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരില്‍ പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ഇത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെന്റ് സംരക്ഷിക്കില്ല, വച്ചുപൊറുപ്പിക്കില്ല. ഇതുതന്നെയാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെയും ഗവണ്മെന്റിന്റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയാന്‍ തന്നെയാണ് ഗവണ്മെന്റ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
ജീവനക്കാരെക്കുറിച്ച് ഇത്തരത്തിലുള്ള ഗൗരവതരമായ പരാതികള്‍ ഈ അടുത്ത കാലത്തായി തീരെയും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ഈ സംഭവത്തെ ഞാന്‍ അതീവ ഗൗരവത്തോടെ കാണുന്നു. വിഷയം ശരിയായ ദിശയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും ബിജു പ്രഭാകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: