ജെ. പി. മണ്ണാര്‍ക്കാട്
മണ്ണാര്‍ക്കാട്: രാഷ്‌ട്രീയ കൊലപാതകക്കേസുകളില്‍ സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കുന്ന സര്‍ക്കാര്‍ അട്ടപ്പാടി മധു വധക്കേസിനു വേണ്ടി നിയമിച്ച സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഫീസിനത്തില്‍ നയാ പൈസ നല്‍കുന്നില്ല. പാലക്കാട് നിന്ന് കേസുമായി ബന്ധപ്പെട്ട് ദിവസവും മണ്ണാര്‍ക്കാട് സ്പെഷ്യല്‍ ജില്ലാ കോടതിയില്‍ എത്തുന്ന രാജേഷ് എം. മേനോന്റെ അവസ്ഥയാണിത്.
പ്രോസിക്യൂട്ടര്‍ വിചാരണക്കും, അട്ടപ്പാടിയില്‍ ഈ കേസുമായി അന്വേഷണത്തിന് പോകുമ്പോഴും ഭാരിച്ച ചിലവാണ് ഉണ്ടാകുന്നത്. ജൂനിയര്‍ അഭിഭാഷകരേയും കൂട്ടി പോകുമ്പോള്‍ ഇന്ധന ചിലവ്, ഭക്ഷണം എന്നിവക്കെല്ലാം ചിലവേറെയാണ്. സിറ്റിങ് ഫീസ് വേറെയും. കഴിഞ്ഞ ഫെബ്രു. 16 മുതല്‍ സപ്തം. 5 വരേക്കും 1,62,582 രൂപയാണ് ചിലവ് മാത്രം. ഇതിനു പുറമെയാണ് സിറ്റിങ് ഫീസ്. ചിലവുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും പാലക്കാട് കളക്ട്രേറ്റില്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ചോദിക്കുമ്പോള്‍ അത് സെക്രട്ടേറിയറ്റിലേക്ക് അയച്ചിട്ടുണ്ടെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നതെന്ന് രാജേഷ് എം. മേനോന്‍ ‘ജന്മഭൂമി’ യോടു പറഞ്ഞു.
ഒരു പ്രോസിക്യൂട്ടര്‍ക്ക് ലഭിക്കേണ്ട ഓഫീസ് സൗകര്യമോ, വാഹനമോ, ഒന്നും തന്നെ ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ലത്രെ. മുമ്പുണ്ടായിരുന്ന പ്രോസിക്യൂട്ടര്‍മാരായ അഡ്വ. ഗോപിനാഥ്, അഡ്വ. രഘുനാഥ്, അഡ്വ. രാജേന്ദ്രന്‍ എന്നിവര്‍ക്കും ഇതു തന്നെയായിരുന്നു സ്ഥിതി. കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലി ആഗസ്ത് 19 ന് പ്രോസിക്യൂട്ടര്‍ക്ക് ഫീസ് നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ. കൃഷണന്‍കുട്ടിക്ക് നിവേദനം നല്‍കിയിരുന്നു. മുമ്പുള്ള പ്രോസിക്യൂട്ടര്‍മാര്‍ ഫീസ് ലഭിക്കാത്തതു കാരണമാണ് പോയതെന്ന ആശങ്ക പോലും നിവേദനത്തില്‍ സൂചിപ്പിച്ചിരുന്നു.
നിലവിലുള്ള പ്രോസിക്യൂട്ടറും പിന്മാറിയാല്‍ തന്റെ മകന് നീതി ലഭിക്കില്ലെന്നും, ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അവര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ പല കേസുകള്‍ക്കും വേണ്ടി ലക്ഷങ്ങളും കോടികളും ചിലവഴിക്കുമ്പോഴും ഒരു പാവപ്പെട്ട ആദിവാസി യുവാവിന് നീതിക്കായി സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടര്‍ക്ക് ചില്ലിക്കാശു പോലും നല്‍കാത്തത് വെല്ലുവിളിയും അനീതിയുമായിട്ടാണ് സമൂഹം വിലയിരുത്തുന്നത്. കേസ് വാദിക്കുന്ന പ്രോസിക്യൂട്ടര്‍ക്ക് ഫീസ് കൊടുക്കാത്തതില്‍ സങ്കടമുണ്ടെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: