രാജ്ഭവനില്‍ പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തിയ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് രക്ഷാകവചമൊരുക്കുന്ന തിരക്കിലാണ് സഹമന്ത്രിമാരും സിപിഎം നേതാക്കളും. ഗവര്‍ണര്‍ പുറത്തുവിട്ട കാര്യങ്ങളില്‍ പുതുമയൊന്നുമില്ലെന്ന് നിസ്സാരവല്‍ക്കരിക്കുന്ന ഇവര്‍ ഗവര്‍ണറെ കടന്നാക്രമിക്കുകയും ചെയ്യുന്നു. പ്രതികരിക്കാന്‍ നിര്‍ബന്ധിതനായ മുഖ്യമന്ത്രിതന്നെ ഇക്കൂട്ടരുടെ നേതാവായി പ്രത്യക്ഷപ്പെടുകയും ചെയ്തു. ഗവര്‍ണര്‍ തന്റെ ഉന്നതമായ പദവിക്ക് നിരക്കാത്ത കാര്യങ്ങള്‍ പറയുന്നു, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നൊക്കെയാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പൊതുവായ ആക്ഷേപം. നിയമസഭ പാസാക്കിയ ചില ബില്ലുകളില്‍ തിടുക്കത്തില്‍ ഒപ്പിടില്ലെന്നും, അവ ഭരണഘടനയ്ക്കും സുപ്രീംകോടതി വിധികള്‍ക്കും വിരുദ്ധമാണോയെന്ന് പരിശോധിക്കുമെന്നുമുള്ള ഗവര്‍ണറുടെ നിലപാടാണ് മുഖ്യമന്ത്രിയെ അരിശംകൊള്ളിച്ചിരിക്കുന്നത്. ഗവര്‍ണര്‍ക്ക് സവിശേഷമായ അധികാരമൊന്നുമില്ലെന്നും, സര്‍ക്കാരിന്റെ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടയാള്‍ മാത്രമാണെന്നും വാദിച്ചുകൊണ്ട് ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരിഫ് മുഹമ്മദ്ഖാനെ അംഗീകരിക്കില്ലെന്ന് സിപിഎമ്മിനും സര്‍ക്കാരിനും വേണ്ടി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് ഒപ്പിടാതിരിക്കാനാവില്ലെന്നും, തിരിച്ചയയ്ക്കുന്നപക്ഷം ഒരിക്കല്‍ക്കൂടി പാസാക്കിയാല്‍ ഒപ്പിട്ടേ തീരൂ എന്നുമാണ് പറയുന്നത്. ഇത് ശരിയായിരിക്കാം. പക്ഷേ ബില്ലുകള്‍ ഒപ്പിടുന്നതിന് പ്രത്യേക സമയപരിധിയോ, അവ തിരിച്ചയച്ചുകൊള്ളണമെന്ന വ്യവസ്ഥയോ ഇല്ല. രാഷ്ട്രപതിയുടെ പരിഗണനക്കു വിടുന്നതുള്‍പ്പെടെ മറ്റ് മാര്‍ഗങ്ങളും ഗവര്‍ണര്‍ക്കു മുന്നിലുണ്ട്.
ഗവര്‍ണറെ ഭയപ്പെടുത്തിയും അനുനയിപ്പിച്ചും സ്വന്തം ഇഷ്ടങ്ങള്‍ നടത്തിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. ഇത് പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടങ്ങള്പോലുമായിരുന്നു. അനാവശ്യമായ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ഇവയില്‍ പലതിനും താന്‍ വഴങ്ങിക്കൊടുക്കുകയായിരുന്നുവെന്നും, അത് തനിക്ക് പറ്റിയ തെറ്റായിരുന്നുവെന്നും ഗവര്‍ണര്‍ ഏറ്റുപറയുകയും ചെയ്തിട്ടുണ്ട്. സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും ബന്ധുക്കള്‍ക്ക് അ നധികൃത നിയമനം നല്‍കുന്നതിനെ ചോദ്യംചെയ്ത് ഗവര്‍ണര്‍ രംഗത്തുവന്നതോടെ സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. ചാന്‍സലര്‍സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റിക്കൊണ്ടുള്ള നിയമഭേദഗതിയും നടത്തി. മുഖ്യമന്ത്രിക്കെതിരായ പരാതിയില്‍ ലോകായുക്തയില്‍ വിധി വരുന്നത് തിരിച്ചടിയാവാതിരിക്കാന്‍ കൊണ്ടുവന്ന നിയമഭേദഗതിയാണ് മറ്റൊന്ന്. ഇതിലും ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തത് സര്‍ക്കാരിനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഇതിനെ ഗവര്‍ണറും സര്‍ക്കാരും തമ്മിലെ പോരായി ചിത്രീകരിക്കുന്നത് ശരിയായിരിക്കില്ല. ഇങ്ങനെ പറയുന്നത് ഇരുപക്ഷത്തും തെറ്റുണ്ടെന്നു വരുത്തി സര്‍ക്കാരിനെ വെള്ളപൂശാനുള്ള തന്ത്രമാണ്. യഥാര്‍ത്ഥത്തില്‍ തുടക്കംമുതല്‍തന്നെ ഗവര്‍ണറെ അംഗീകരിക്കാത്ത സമീപനമായിരുന്നു സര്‍ക്കാരിന്റേത്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ്സില്‍ ഇടതുപക്ഷക്കാരനായ ഇര്ഫാന് ഹബീബ് എന്ന ചരിത്രകാരന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ ആക്രമിക്കാനുള്ള ശ്രമം നടന്നത് സര്‍ക്കാരിന്റെ ഒത്താശയോടെയായിരുന്നു. ഇതിനെതിരെ സ്വമേധയാ കേസെടുക്കാമായിരുന്നിട്ടും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ഗവര്‍ണര്‍തന്നെ പറയുന്ന കണ്ണൂര്‍ വിസിയെയും, അന്നത്തെ എംപി: കെ.കെ. രാഗേഷിനെയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഗവര്‍ണര്‍ക്ക് മറുപടി നല്കാന് മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഇതിനു പകരം ആര്‍എസ്എസിനെ അനാവശ്യവും ദുരുപദിഷ്ടവുമായി വിവാദത്തിലേക്ക് വലിഴച്ചയ്ക്കുകയാണ്.
രാജ്യാന്തര വ്യാപ്തിയുള്ള അതീവഗുരുതരമായ അഴിമതിയാരോപണങ്ങള്‍ നേരിടുന്നയാളാണ് മുഖ്യമന്ത്രി പിണറാ യി വിജയന്. ഇതുസംബന്ധിച്ച ആരോപണങ്ങള്‍ നിയമസഭയില്‍ ഉയര്‍ന്നപ്പോള്‍ മറുപടി പറയാന്‍പോലും മുഖ്യമന്ത്രി അശക്തനായിരുന്നു. മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും മേല്‍ ഏതുസമയവും നിയമത്തിന്റെ പിടിവീഴാം. ഇതുണ്ടാക്കുന്ന അരക്ഷിതാവസ്ഥയ്ക്കു പുറമെയാണ് കണ്ണൂര്‍ വിസി നിയമനക്കാര്യത്തില്‍ മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചതിന്റെ തെളിവുകള്‍ ഗവര്‍ണര്‍ പുറത്തുവിട്ടിരിക്കുന്നത്. ഭീഷണിപ്പെടുത്തിയും വ്യക്തിഹഹത്യ നടത്തിയും ഗവര്‍ണറെ നിലയ്ക്കുനിര്ത്തുകയെന്നതാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും തന്ത്രം. ഇതൊന്നും വിലപ്പോവില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്റെ പൂര്‍വചരിത്രം മനസിലായിട്ടുള്ളവര്‍ക്ക് അറിയാം. എങ്കിലും സര്‍ക്കാരിന് ഗത്യന്തരമില്ല. രാജ്യത്തിന്റെ ഭരണസംവിധാനത്തെയോ ഫെഡറല്‍ വ്യവസ്ഥയെയോ അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. അധികാരത്തിനുവേണ്ടി ഇത്തരം വ്യവസ്ഥകളെ ഉപയോഗിക്കുന്നുവെന്നുമാത്രം. മുന്‍മന്ത്രി സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ വിമര്‍ശനം തന്നെ ഇതിന് തെളിവാണല്ലോ. രാഷ്ട്രപതിയുടെ പ്രതിനിധിയായ ഗവര്‍ണര്‍പദവിയെയും സിപിഎം അംഗീകരിക്കുന്നില്ല. ഗവര്‍ണറുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകളില്‍നിന്ന് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിശ്ചയിച്ചുറച്ച ഒരു മുഖ്യമന്ത്രിയുടെ ചിത്രമാണ് തെളിയുന്നത്. ഇങ്ങനെയൊരാള്‍ സ്വന്തം നിലയ്ക്ക് രാജിവെക്കുമെന്ന് കരുതാനാവില്ല. ഭരണഘടനാ പ്രതിസന്ധിയിലേക്ക് സ്ഥിതിഗതികള്‍ നീങ്ങുന്നത് തടയാനുള്ള ഇടപെടലുകള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാവണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: