മുംബൈ : മഹാരാഷ്ട്ര ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി- ഷിന്‍ഡെ വിഭാഗത്തിന് വന്‍ വിജയം. 16 ജില്ലകളിലെ 547 ഗ്രാമ പഞ്ചായത്ത് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി- ശിവസേന ഷിന്‍ഡേ സഖ്യം 299 സീറ്റുകളാണ് നേടിയത്. ജില്ലകളില്‍ ബിജെപി സഖ്യം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുളെ അറിയിച്ചു.
ഗ്രാമപഞ്ചായത്തുകളില്‍ 259 സീറ്റുകളില്‍ ബിജെപി പിന്തുണച്ച സ്ഥാനാര്‍ത്ഥികളും 40 ഇടത്ത് ശിവസേനാ വിമതരായ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗം പിന്തുണച്ചവരും വിജയിച്ചു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 76 ശതമാനമായിരുന്നു വോട്ടിങ് നിലവാരം. ഗ്രാമമുഖ്യന്മാരെ (സര്‍പഞ്ച്) തെരഞ്ഞെടുക്കാന്‍ നേരിട്ടായിരുന്നു വോട്ടെടുപ്പ്.
ആകെ വിജയിച്ചവരില്‍, പുതുതായി തെരഞ്ഞെടുക്കപ്പെട്ട 50 ശതമാനത്തിലേറെ പേരും ബിജെപി ഷിന്‍ഡെ സഖ്യത്തെ പിന്തുണയ്ക്കുന്നവരാണ്. ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പുഫലം ഏക്നാഥ് ഷിന്‍ഡെ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിനോടുള്ള ജനവിശ്വാസത്തിനുള്ള തെളിവാണ്. വികസന- ആദര്‍ശ രാഷ്ട്രീയത്തില്‍ വിശ്വാസമര്‍പ്പിച്ചതിന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് നന്ദി പറയുകയാണെന്നും ബിജെപി അറിയിച്ചു. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ മാത്രമാണ് ഉദ്ധവ് താക്കറെ വിഭാഗത്തിന് ലഭിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് 62ഉം കോണ്‍ഗ്രസ്സിന് 37 സീറ്റുകളും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: