ന്യൂദല്‍ഹി: ചണ്ഡീഗഡ് സര്‍വകലാശാല ഹോസ്റ്റലിലെ ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ദൃശ്യങ്ങള്‍ അയച്ചതെന്ന് അറസ്റ്റിലായ പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ ഒപ്പം കേസില്‍ അറസ്റ്റിലായ മറ്റു രണ്ട് പ്രതികള്‍ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മറ്റ് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിപ്പിച്ചതെന്നാണ് വിവരം. മറ്റ് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചില്ലെങ്കില്‍ തങ്ങളുടെ കൈവശം ഉള്ള സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമോയെന്ന് ഭയന്നാണ് പെണ്‍കുട്ടി ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന ആരോപണം നേരിടുന്ന വിദ്യാര്‍ത്ഥിനി, കാമുകനായ ഷിംല സ്വദേശി , ഇയാളുടെ സുഹൃത്ത് എന്നിവരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. ഇന്നലെ വൈകീട്ടാണ് മൂന്ന് പേരെയും മൊഹാലിയിലെ ഖറാര്‍ കോടതിയില്‍ ഹാജരാക്കിയത്. ചോദ്യം ചെയ്യലിനായി ഒരാഴ്ചത്തേക്കാണ് മൂന്ന് പേരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
സര്‍വകലാശാല അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ സമരം താല്‍കാലികമായി അവസാനിപ്പിച്ചു. സംഭവത്തില്‍ ഒരാഴ്ചത്തേക്ക് കോളേജ് പ്രവര്‍ത്തിക്കില്ലെന്നും വിദ്യാര്‍ഥികള്‍ വീട്ടില്‍ പോകണമെന്നും അധികൃതര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: