കൊല്ലം: മാതാ അമൃതാനന്ദമയീമഠത്തിന്റെ യുവജന വിഭാഗമായ അയുദ്ധിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് ആറു കിലോമീറ്റര്‍ ദൂരത്തില്‍ കടല്‍ത്തീരം ശുചീകരിച്ചു. ലോക ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായാണ് അഴീക്കല്‍ ബീച്ച് മുതല്‍ കുഴിത്തറ ടൗണ്‍ വരെയുള്ള ഭാഗത്തെ കടല്‍ത്തീരം ഇവര്‍ വൃത്തിയാക്കിയത്. ഇതിനായി ആയിരത്തോളം പേരാണ് ഇവിടെ ഒത്തുകൂടിയത്.
മാതാ അമൃതാനന്ദമയി മഠത്തിലെ 200 ബ്രഹ്മചാരി-ബ്രഹ്മചാരിണിമാരും 200 ആശ്രമ അന്തേവാസികളും വിദേശികളായ നൂറോളം സന്ദര്‍ശകരും അമൃതപുരി അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന 500അംഗ സംഘവും ഈ ദൗത്യത്തില്‍ പങ്കാളികളായി.
നാല് മണിക്കൂര്‍ നേരത്തെ പ്രയത്നം കൊണ്ട് ആറു കിലോമീറ്റര്‍ ദൂരത്തില്‍ കടല്‍ത്തീരം ശുചീകരിച്ച ഇവര്‍ 500-ലധികം ചാക്ക് മാലിന്യമാണ് ഇവിടെ നിന്നും ശേഖരിച്ചത്. കടല്‍ത്തീരം മനോഹരമാക്കിയതിനോടൊപ്പം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മനുഷ്യനുമെല്ലാം ദോഷകരമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് പ്രകൃതി സംരക്ഷണത്തില്‍ ഭാഗമാകാനും ഇതിലൂടെ കഴിഞ്ഞു.
പ്രകൃതി സംരക്ഷണത്തിനായുള്ള ദേശീയ ഏജന്‍സിയായ പര്യാവരണ്‍ സംരക്ഷണന്റെ സഹകരണത്തോടെയാണ് അമൃത ഈ ദൗത്യത്തില്‍ പങ്കാളിയായത്. 2016 മുതല്‍ രാജ്യത്തുടനീളമുള്ള ആളുകള്‍ ഈ ദൗത്യത്തില്‍ ഒത്തുചേരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: