കൊല്ലം: രാജ്യത്തെയല്ല, കോണ്‍ഗ്രസുകാരെ ഒന്നിപ്പിക്കാനാണ് രാഹുല്‍ഗാന്ധിയുടെ ജോഡോ യാത്രയെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍. കോകില സ്മാരക ജനസേവകേന്ദ്രത്തിന്റെ അഭിമുഖ്യത്തില്‍ തേവള്ളി രാമവര്‍മ്മ ക്ലബ് ഹാളില്‍ സംഘടിപ്പിച്ച കോകില-സുനില്‍കുമാര്‍ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ 19 ദിവസവും ഏറ്റവും വലിയ സംസ്ഥാനമായ യുപിയില്‍ 2 ദിവസവുമാണ് യാത്ര. കാരണം യുപിയില്‍ കോണ്‍ഗ്രസുകാരെ ഇനി കിട്ടില്ല. കേരളത്തില്‍ സിപിഎമ്മിനും പിണറായി സര്‍ക്കാരിനും എതിരെ ഒരുവാക്കുപോലും രാഹുല്‍ഗാന്ധി പറയാത്തത് അവര്‍ തമ്മിലുള്ള അന്തര്‍ധാര തെളിയിക്കുന്നതാണ്. ഗണവേഷ ഭാഗമായ പഴയ ട്രൗസര്‍ കത്തിച്ചവര്‍ക്ക് കശ്മീരില്‍ ഇപ്പോള്‍ കയറി ജോഡോ പറയാന്‍ സാഹചര്യമൊരുക്കിയത് മോദിസര്ക്കാരാണെന്നത് മറക്കണ്ട. തീവ്രവാദികളുടെയും വിഘടനവാദികളുടെയും ഭീഷണികള്‍ മറികടന്ന് കശ്മീരിലെ ലാല്‍ചൗക്കില്‍ ദേശീയപതാക ഉയര്‍ത്തിയ ധൈര്യശാലിയാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. കൊവിഡ് കാലത്തെ മികച്ച രണ്ട് വാക്സിനുമായി അതിജീവിച്ചത് മോദിയുടെ ഭരണനേട്ടമാണ്. ഇവിടെ കേരളത്തില്‍ പേപ്പട്ടി വിഷബാധ തടയാനുള്ള വാക്സിന് പോലും ഡ്യൂപ്ലിക്കേറ്റാണ്. ഇവരാണ് ആരോഗ്യരംഗത്ത് നമ്പര്‍ വണ്‍ ആണെന്ന് മേനി പറയുന്നതെന്നും സന്ദീപ് ജി വാര്യര്‍ പറഞ്ഞു.
കോകിലയും അച്ഛന് സുനില്‍കുമാറും തേവള്ളിയിലെ ജനങ്ങളുടെ ഹൃദയങ്ങളിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നടന് വിവേക് ഗോപന്, ആര്‍എസ്എസ് വിഭാഗ് ബൗദ്ധിക് പ്രമുഖ് എം. പ്രശാന്ത് കുമാര്‍, കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. സുദീപ, എസ്. ഗോപന്, കൗണ്‍സിലര്‍മാരായ ടി.ജി. ഗിരീഷ്, കൃപാ വിനോദ്, ടി.ആര്. അഭിലാഷ്, എ. അനീഷ്കുമാര്‍, എസ്. സജിതാനന്ദ്, ബി. ഷൈലജ എന്നിവര്‍ സംസാരിച്ചു. സേവാകേന്ദ്രം സെക്രട്ടറി രതീഷ് അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: