തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് വാര്‍ത്താ സമ്മേളനം വിളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. രാവിലെ 11.45ന് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് 11 മണിക്ക് ചീഫ് സെക്രട്ടറി വി.പി ജോയ് രാജ്ഭവനിലെത്തി ഗവര്‍ണറെ നേരില്‍ കാണുകയാണ്. ലഹരിവിരുദ്ധ പരിപാടിക്ക് ക്ഷണിക്കാനാണ് എത്തിയതെന്നാണ് വിശദീകരണമെങ്കിലും പിണറായി സര്‍ക്കാരിനെതിരായ തെളിവുകള്‍ പുറത്തുവരുമെന്ന് ഉറപ്പായതോടെ അതു തടയാനുള്ള അവസാന നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.
രാവിലെ 11.45ന് രാജ്ഭവനിലാണ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുള്ളത്. ചില വീഡിയോ ദൃശ്യങ്ങളും രേഖകളും പുറത്തുവിടുമെന്ന് രാജ്ഭവന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ചരിത്രകോണ്‍ഗ്രസ്സില്‍ ഉണ്ടായ ആക്രമണത്തിന്റെയും ഗൂഢാലോചനയുടെയും വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവിടുക. കൂടാതെ സര്‍വകലാശാല നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദുവും ഗവര്‍ണര്‍ക്ക് എഴുതി നല്കിയ കത്തും പുറത്തുവിടും.
അതിനൊപ്പം സര്‍ക്കാര്‍ നടത്തിയ അനധികൃത ഇടപടലുകളുടെ രേഖകളും പുറത്തുവിടുമെന്നാണ് സൂചന. സര്‍ക്കാരിനെതിരെ രേഖകള്‍ പുറത്ത് വിടാനായി രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നത് അസാധാരണമാണ്. സര്‍ക്കാരിനെതിരെയുള്ള രേഖകള്‍ പുറത്തുവിടുമെന്ന് ഇന്നലെ രാവിലെ വിമാനത്താവളത്തിലെത്തിയ ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വൈകിട്ടോടെയാണ് വാര്‍ത്താ സമ്മേളനത്തിന്റെ ഔദ്യോഗിക അറിയിപ്പ് രാജ്ഭവനില്‍ നിന്നും നല്‍കിയത്.
സര്‍വകലാശാലകളിലെ അനധികൃത നിയമനം, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം അടക്കമുള്ളവയില്‍ ഗവര്‍ണര്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്‍ കഴിഞ്ഞ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: