ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികള്‍ക്ക് പൂപ്പലുള്ള ചപ്പാത്തി വിതരണം ചെയ്ത സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. നഗരസഭ സുഭിക്ഷ ഹോട്ടലിലും ഇവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്കുന്ന വരോട്ടെ ചപ്പാത്തി കമ്പനിയിലുമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ചപ്പാത്തി ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നായിരുന്നു പരിശോധന. വൃത്തിഹീനമായ സാഹചര്യത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധനയില്‍ കണ്ടെത്തി. സുഭിക്ഷ ഹോട്ടലില്‍ നടന്ന പരിശോധനയില്‍ വൃത്തിഹീനമായതൊന്നും കണ്ടെത്തിയില്ല. ചപ്പാത്തി കമ്പനിക്കെതിരെ പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നോട്ടീസ് നല്കി. ഇതിന് മുന്നോടിയായി കമ്പനിയുടെ വാദം കേള്‍ക്കാന്‍ പാലക്കാട് ഓഫീസില്‍ ഹാജരാകാന്‍ ചപ്പാത്തി കമ്പനി ഉടമകളോട് നിര്‍ദേശിച്ചിട്ടുണ്ട്.
താലൂക്കാശുപത്രിയില്‍ കിടത്തി ചികിത്സയിലുള്ള രോഗികള്‍ക്ക് വ്യാഴാഴ്ച വിതരണം ചെയ്ത ചപ്പാത്തിയാണ് ഭക്ഷ്യ യോഗ്യമായിരുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നത്. നഗരസഭയുടെ സുഭിക്ഷ ഹോട്ടല്‍ വഴി നല്കിയ ചപ്പാത്തിയില്‍ പൂപ്പല്‍ ബാധിച്ചിട്ടുള്ളതായി രോഗികളാണ് പരാതി ഉന്നയിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇടപെട്ട് രോഗികളോട് ചപ്പാത്തി കഴിക്കരുതെന്ന് നിര്‍ദേശിച്ചു. ആശുപത്രിയിലേക്ക് ചപ്പാത്തി വിതരണം ചെയ്യുന്നതില്‍ നിന്ന് സുഭിക്ഷ ഹോട്ടലിനെ മാറ്റി ആശുപത്രി കാന്റീന് ചുമതല നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: