തിരുവനന്തപുരം: സിദ്ദിഖ് കാപ്പന്‍ കേസിലൂടെ പ്രശസ്തമായ അഴിമുഖം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അടച്ചു പൂട്ടി. ഓഗസ്റ്റ് എട്ടിനായിരുന്നു അഴിമുഖം പോര്‍ട്ടലില്‍ അവസാനമായി വാര്‍ത്ത വന്നത്. കുറേ നാളായി നാമമാത്രമായാണ് അഴിമുഖം പ്രവര്‍ത്തിച്ചതെങ്കിലും ഓഗസ്റ്റ് എട്ടോടെ നിര്‍ജീവമായി. ദല്‍ഹിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോസി ജോസഫിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു അഴിമുഖം. സിദ്ദിഖ് കാപ്പന്‍ അഴിമുഖം ലേഖകനായിരിക്കെയാണ് ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ യുപി പൊലീസിന്റെ പിടിയിലായത്.
അഴിമുഖം മാനേജര്‍ നിര്‍ദേശിച്ചത് അനുസരിച്ചായിരുന്നു ഹ ത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയത് എന്നായിരുന്നു സിദ്ദിഖ് കാപ്പന്‍ യുപി പൊലീസിനു മൊഴി നല്‍കിയത്. ഇക്കാര്യം യു പി പൊലീസ് അഴിമുഖം എഡിറ്റര്‍ കെ.എന്‍. അശോകിനെ വിളിച്ചു ചോദിച്ചപ്പോള്‍ സ്ഥാപനത്തില്‍ നിന്ന് അത്തരത്തില്‍ നിര്‍ദേശം ഉണ്ടായിരുന്നില്ലെന്നു മറുപടി നല്‍കി. താന്‍ ഹ ത്രാസിലേക്ക് പോകുന്നതായി തലേന്നു രാത്രി വാട്‌സാപ്പില്‍ സന്ദേശം നല്‍കിയതു മാത്രമാണ് ഇതേ കുറിച്ചുള്ള അറിവെന്നും അശോക് യുപി പൊലീസിനെ ധരിപ്പിച്ചു. മൊഴികളിലെ പൊരുത്തക്കേട് വ്യക്തമായതോടെ യുപി പൊലീസ് മാധ്യമ പ്രവര്‍ത്തകനെന്ന പരിഗണന നല്‍കാതെ കാപ്പനെതിരെ കേസെടുത്തു. കാപ്പനൊപ്പം അറസ്റ്റിലായവരുടെ മൊഴികളില്‍ നിന്നു കാപ്പന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധവും വെളിപ്പെട്ടു.
കാപ്പന്‍ കേസില്‍ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ പരാതിക്കാരനാകാന്‍ അഴിമുഖം ഉടമ ജോസി ജോസഫിനോട് കാപ്പന്റെ സുഹൃത്തുക്കള്‍ അഭ്യര്‍ഥിച്ചെങ്കിലും ഭയം കാരണം ജോസി വഴങ്ങിയില്ല. തുടര്‍ന്നാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയില്‍ ഹാജരാക്കാനുള്ള സാക്ഷ്യപത്രത്തില്‍ അഴിമുഖം ലേഖകനായിരുന്നുവെന്ന് രേഖ നല്‍കാനും ജോസി തയാറായില്ല. കാപ്പന്‍ ഒരു കോണ്‍ട്രിബ്യൂട്ടര്‍ ആണെന്നായിരുന്നു അഴിമുഖത്തിനായി കെ.എന്‍.അശോക് കെ യുഡബ്ല്യുജെ ക്ക് നല്‍കിയ കത്ത്. കാപ്പന്‍ സ്വമേധയാ ഹ ത്രാസിലേക്ക് പോയതാണെന്നു പറഞ്ഞ് അഴിമുഖം കാപ്പനെ കയ്യൊഴിഞ്ഞു.
സിദ്ദിഖ് കാപ്പന്‍ യുഎപിഎ കേസില്‍ പ്രതിയായെന്ന് അറിഞ്ഞതോടെ അഴിമുഖത്തിന്റെ സ്‌പോണ്‍സര്‍മാര്‍ ഓരോരുത്തരായി പിന്മാറി. മോദി വിരുദ്ധ വാര്‍ത്തകള്‍ക്കായി ലഭിച്ചിരുന്ന രാഷ്‌ട്രീയ സ്വാധീനത്തിലുള്ള സ്‌പോണ്‍സര്‍മാര്‍ പോലും വൈകാതെ പിന്മാറി.
വരുമാനം ഇടിഞ്ഞപ്പോള്‍ 2021 തുടക്കത്തില്‍ തന്നെ അഴിമുഖം തിരുവനന്തപുരം ഓഫിസ് അടച്ച് വിപുലമായ എഡിറ്റോറിയല്‍ ടീമിനെ പിരിച്ചു വിട്ടു. തുടര്‍ന്ന് രണ്ടോ മൂന്നോ പേരെ വച്ചാണ് അഴിമുഖം നാമമാത്രമായി നടത്തിയത്
ഓഗസ്റ്റ് എട്ടിന് ഇതും നിർത്തിയതോടെ അഴിമുഖം പോർട്ടൽ നിശ്ചലമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: