ന്യൂദല്‍ഹി : രാജ്യത്തെ ചരക്കുകടത്ത്ചെലവ് കുറയ്ക്കാനും റോഡിലെ തിരക്കുകള്‍ നിയന്ത്രിക്കാനും ലക്ഷ്യമിട്ട് പുതിയ നയവുമായി കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ സാങ്കേതിക വിദ്യ അടക്കമുള്ളവ പ്രയോജനപ്പെടുത്തി ചരക്കുഗതാഗതം സുഗമമാക്കാനാണ് തീരുമാനം.
നിലവില്‍ രാജ്യത്തെ ചരക്ക് ഗതാഗതത്തില്‍ 60 ശതമാനവും റോഡ് മാര്‍ഗമാണ്. ഇതു പകുതിയാക്കി റെയില്‍വേ വഴിയുള്ള 28 ശതമാനം 40 ആക്കി ഉയര്‍ത്തുമെന്ന് വിജ്ഞാന്‍ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ പുതിയ ലോജിസ്റ്റിക് നയത്തില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മത്സരക്ഷമത ഉറപ്പാക്കാന്‍ കടത്തുചെലവ് കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.
പുതിയ നയം പ്രാബല്യത്തില്‍ വരുന്നതിലൂടെ കടത്തുചെലവ് 13-14 ശതമാനം എന്നത് അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്തുശതമാനത്തില്‍ താഴെയാക്കും. മികച്ച സമ്പദ് വ്യവസ്ഥാ മാതൃകകളില്‍ റോഡുവഴി 25-30 ശതമാനം, റെയില്‍മാര്‍ഗം 50-55 ശതമാനം, കടല്‍മാര്‍ഗം 20-25 ശതമാനം എന്നിങ്ങനെയാണ് ചരക്കുകടത്തല്‍ നടക്കുന്നത്. ഈ നിലവാരത്തിലേക്ക് ഇന്ത്യന്‍ ചരക്കുകടത്തു മേഖലയെയും എത്തിക്കും.
മറ്റുരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചരക്കുകടത്ത് കൂലി ഇന്ത്യയില്‍ കൂടുതലാണ്. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മത്സരക്ഷമത ഉറപ്പാക്കാന്‍ 2014-ല്‍തന്നെ രാജ്യം വ്യവസായ, വാണിജ്യ സൗഹൃദമാക്കാനുള്ള നപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 20,000 കോടി ഡോളര്‍ മൂല്യമുള്ളതാണ് ഇന്ത്യയിലെ ചരക്കുകടത്തു മേഖല. 2020-ലെ ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനാണ് ലോജിസ്റ്റിക് മേഖലയുമായി ബന്ധപ്പെട്ട പുതിയ നയമൊരുക്കുമെന്ന് പ്രഖ്യാപിച്ചത്. പി.എം. ഗതിശക്തി, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പിന് പുതിയ നയം സഹായമാകും. ചരക്കുകടത്തിന് ഏകീകൃത ഇന്റര്‍ഫേസ് സംവിധാനം നടപ്പാക്കുന്നതാണ് പ്രധാനം. ഡിജിറ്റല്‍ സേവനങ്ങളെല്ലാം ഇനി ഒരു കുടക്കീഴിലാകും.
ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയാണെന്നും കയറ്റുമതിരംഗത്ത് പുതിയ ലക്ഷ്യങ്ങള്‍ ഉറപ്പാക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ഡ്രോണ്‍ നയവും പ്രയോജനപ്പെടുത്തും. തുറമുഖങ്ങളുടെ ശേഷി വര്‍ധിപ്പിച്ചു. കപ്പലുകളുടെ കയറ്റിയിറക്ക് പൂര്‍ത്തിയാക്കല്‍ 44 മണിക്കൂറില്‍നിന്ന് 26 മണിക്കൂറാവും. കൂടുതല്‍ പരിസ്ഥിതിസൗഹൃദ ജലപാതകളും തയ്യാറാക്കി കഴിഞ്ഞതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: