ഇറക്കത്ത് രാധാകൃഷ്ണന്
അഹന്ത ഒരു പാഴ്വൃക്ഷമാണ്. ബാല്യത്തില്‍ മുള പൊട്ടുന്ന അഹന്തയെ താലോലിച്ച് വളര്‍ത്തി കരുത്താര്‍ജിക്കുന്നത് അവരവര്‍ തന്നെയാണ്. മനസ്സില്‍ വളരാനുള്ള സാഹചര്യം തീര്‍ത്ത് ഓരോ ഘട്ടത്തിലും അതിന് ശക്തി പകരും. ആദ്യം മാതാപിതാക്കളോട്, പിന്നെ ഗുരുക്കന്മാരോട്, പിന്നി്ട് സഹോദരങ്ങളോട്, സുഹൃത്തുക്കളോട്, ബന്ധുക്കളോട്, വേണ്ടപ്പെട്ടവരോട്…അങ്ങനെ പിടിച്ചാല്‍ പിടികിട്ടാത്ത വിധം അത് വളര്‍ന്നതു കാരണം വിഷമം അനുഭവിക്കുന്നതും ദുഃഖിക്കുന്നതും നാം തന്നെയാണ്. ശരീരത്തില്‍, വിദ്യയില്‍, ബുദ്ധിയില്‍, ധനത്തില്‍, സമ്പത്തില്‍, മാതാപിതാക്കളുടെ ഐശ്വര്യസ്ഥാനങ്ങളില്, വാഹനങ്ങളില്‍, ജാതിമതാദികളില്, അഭ്യാസമുറകളില്‍, സ്ഥാനമാനങ്ങളില്‍ ഇങ്ങനെ അഹന്ത സര്‍വത്ര ഇടങ്ങളിലും പ്രതിഫലിക്കും. എന്നാല്‍ ഇതിനെ നശിപ്പിക്കാനുള്ള ശ്രമം ദുഷ്ക്കരമാണ്. അശ്രാന്തപരിശ്രമം കൊണ്ടു മാത്രമേ നശിപ്പിക്കാന്‍ കഴിയൂ. ഭാഗവതം അഹന്ത നശിപ്പിക്കാനുള്ള മാര്‍ഗം ഉപദേശിക്കുന്നുണ്ട്.
പരീക്ഷിത്ത് മഹാരാജാവ് കലിയുടെ ഉപദ്രവം കണ്ടിട്ട് ശിക്ഷിക്കാനൊരുങ്ങി. കലി, മാപ്പ് അപേക്ഷിച്ചു. രാജാവ് കലിക്ക് ഇരിക്കാന്‍ നാല് സ്ഥാനങ്ങള്‍ നല്കി. അസത്യം, മദം, കാമം, വൈരം എന്നിവ. ഇവകൊണ്ട് തൃപ്തനാവാത്ത കലി അഞ്ചാമതൊരു സ്ഥാനം കൂടി ആവശ്യപ്പെട്ടു. അത് സ്വര്‍ണമായിരുന്നു. രാജാവ് അത് അനുവദിച്ചു. അന്നു മുതല്‍ കലി സ്വര്‍ണമുള്ള എല്ലാവരിലും കയറിക്കൂടി. കലിയെ ഒഴിവാക്കണമെങ്കില്‍ പരമാത്മാവായ ഭഗവാനെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കണമെന്നാണ് ഭാഗവതം പറഞ്ഞു തരുന്നത്. ഭഗവാന് ഹൃദയത്തില്‍ നിറദീപമായി പ്രശോഭിക്കുമ്പോള്‍ ഇരുട്ടായ അജ്ഞാനം അകന്നു പോകും. അഹന്ത അജ്ഞാനമാണ്. ശരീര ധനധാന്യാദികളെല്ലാം സത്യമല്ലെന്നും അത് എപ്പോള്‍ വേണമെങ്കിലും ഇല്ലാതാകുമെന്നും തിരിച്ചറിയുമ്പോഴാണ് അഹന്ത പതറുന്നത്. ലൗകികസുഖം മിന്നല്‍ മാറുന്നതു പോലെ ക്ഷണനേരം കൊണ്ട് അസ്തമിക്കുന്നു. ആയുസ്സും നശിച്ചു പോകുന്നു. ആരോഗ്യമില്ല, ധനമില്ല,. ആയുസ്സില്ല, ബന്ധുബലമില്ല ഒന്നും ശാശ്വതമല്ല എന്ന തിരിച്ചറിവ് ലഭിക്കുമ്പോള്‍ അഹന്ത ഇരിപ്പിടമില്ലാതെ വലയുന്നു. സ്വഭാവത്തിലും പ്രകൃതത്തിലും ജീവിതത്തിലും മാറ്റം സംഭവിക്കുന്നു. ചിലരുടെ മാനസിക നില തന്നെ അപകടത്തിലാകുന്നു. ഇതിനെല്ലാമുള്ള പോംവഴി ഭാഗവതം തൃതീയ സ്കന്ധത്തില്‍ 37 ശ്ലോകങ്ങളിലൂടെ ഭഗവാന് നമുക്ക് പറഞ്ഞു തരുന്നു.
ഭഗവദ്ധ്യാനം ഒരു രക്ഷാമന്ത്രമെന്നോ ദിവ്യ ഔഷധമെന്നോ കരുതാവുന്നതാണ്. സകല പ്രായക്കാര്‍ക്കും സമയ പരിധികള്‍ നോക്കാതെ ഭഗവാനെ ഭജിക്കാവുന്നതാണ്. ഭഗവാനെ മനസ്സില്‍ ഉറപ്പിക്കുമ്പോള്‍ എല്ലാം ശരിയാകും. ഭക്തിയോടു കൂടി നിത്യവും സ്വധര്‍മത്തെ ആചരിക്കുക, പരധര്‍മത്തെ കൈവെടിയുക, ഈശ്വകൃപയില് സന്തോഷിക്കുക, ആത്മജ്ഞാനികളെ സ്നേഹിക്കുക, സേവിക്കുക. ശുദ്ധമായ മിതഭക്ഷണം കഴിക്കുക, ഹിംസ ഒഴിവാക്കുക, ഈശ്വരപൂജ, ശൗചം, ബ്രഹമചര്യം, സ്വാധ്യായം, ആസനം, സ്ഥൈര്യം, മൗനം, പ്രാണജയം, പ്രത്യാഹാരം, പ്രാണായാമം, ഭഗവദ്കീര്‍ത്തനം, സ്മരണം, ഭജനം ഇവയാക്കെ ചെയ്ത്, ഭഗവാനില്‍ മനസ്സിനെ ഉറപ്പിക്കണം. പ്രാണായാമത്തിലൂടെ ദേഹസംബന്ധമായ വാതപിത്തകഫജന്യങ്ങളായ ത്രിദോഷങ്ങള്‍ ഇല്ലാതാകുന്നു. ഈശ്വരനെ ധ്യാനിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായാല്‍, മുഖം, നേത്രങ്ങള്‍, ബാഹുക്കള്‍, ശംഖചക്രഗദാപത്മങ്ങള്‍,
പീതാംബരം, കൗസ്തുഭം, ലക്ഷ്മീദേവി, ശ്രീവത്സം, വനമാല, തോള്‍വള, ചിലങ്ക, മുത്തുമാല, അരഞ്ഞാണം, കിരീടം ഇവയൊക്കെ അണിഞ്ഞ ഭഗവദ്രൂപം ചിത്തകമലത്തില് തെളിഞ്ഞു കാണണം. നടക്കുമ്പോഴും, ഇരിക്കുമ്പോഴും, കിടക്കുമ്പോഴും, ക്രീഡിക്കുമ്പോഴും, പ്രവര്‍ത്തന നിരതമായിരിക്കുമ്പോഴും സദാ ഭഗവാന്റെ സ്വരൂപവും നാമജപവും കൂടെയുണ്ടാകണം. അതോടെ അഹന്ത ശരീരത്തില്‍ നിന്ന് വിട്ടൊഴിയുന്നു.
നാരായണ ഭഗവാന്റെ പാദകമലങ്ങളെ തഴുകി വരുന്ന ഗംഗാതീര്ത്ഥമാണ് പരമശിവന് ശിരസ്സില്‍ ധരിച്ചിരിക്കുന്നത്. പാദത്തിന്റെ അടിയില്‍ കാണുന്ന ഈശ്വരചിഹ്നങ്ങളെ (വജ്രം, ധ്വജം, താമര, അങ്കുശം) ക്കുറിച്ച് ധ്യാനിക്കണം. ഇത് താപത്രയത്തെ ഇല്ലാതാക്കും. ലക്ഷ്മീദേവി ഇരിപ്പിടമാക്കിയിട്ടുള്ള ഭഗവാന്റെ ജാനു ജംഘങ്ങളെ സ്മരിക്കുക. ബ്രഹ്മദേവന് കുടികൊള്ളുന്ന നാഭീപ്രദേശവും ഭഗവദ്സ്വരൂപവും മനസ്സില്‍ പ്രതിഷ്ഠിക്കുക. ധ്യാനിക്കുന്ന സമയം നേത്രമാര്ഗത്തിലൂടെ മനസ്സ് ചലിക്കാതിരിക്കാന്‍ നാസികയുടെ അഗ്രത്തില്‍ ദൃഷ്ടികളെ ഉറപ്പിക്കണം. ഭഗവാന്റെ സമഗ്രമായ സ്വരൂപത്തില്‍ എല്ലാ അവയവങ്ങളിലും മനസ്സിന്റെ സ്ഥിതി ഉറച്ചതായിരിക്കണം. മന്ദരപര്‍വതവും തേജസ്സാര്‍ന്ന സുദര്‍ശന ചക്രവും രാജഹംസ പക്ഷിയെപ്പോലെ പ്രകാശിക്കുന്ന ശംഖത്തേയും ധ്യാനിക്കണം. ശത്രുക്കളെ പ്രഹരിക്കുന്ന കൗമോദകിയെന്ന ഗദയേയും വനമാലയേയും കൗസ്തുഭമെന്ന കണ്ഠരത്നത്തേയും ധ്യാനിക്കണം. സകല സൗഭാഗ്യങ്ങളും സാധിപ്പിക്കുന്ന, മന്ദഹാസത്തോട് ഇടകലര്‍ന്ന കടാക്ഷവും പരമപ്രേമഭാവനയോടെ ധ്യാനിക്കുക. മകരകുണ്ഡലത്തിന്റെ കാന്തികൊണ്ട് ജ്വലിക്കുന്നതും സദാ അമൃതം ചൊരിയുന്ന ഉന്നത നാസികയാല്‍ അലംകൃതമായ വദരാനരവിന്ദത്തേയും നേത്രദ്വയങ്ങളേയും പുരികക്കൊടികളേയും ഹൃദയത്തില്‍ ധ്യാനിക്കണം. മനോഹരമായ ദന്തനിരകളോടുകൂടിയ മന്ദഹാസത്തെ ധ്യാനിക്കുമ്പോള്‍ ഭക്തികൊണ്ട് ആര്ദ്രചിത്തനാകും. ഹൃദയം ദ്രവിക്കുകയും ശരീരത്തില്‍ രോമാഞ്ചമുണ്ടാവുകയും ചെയ്യും. ആനന്ദാമൃതത്തില്‍ മുങ്ങിപ്പൊങ്ങും. ഭഗവദ്രൂപത്തില്‍ മനസ്സ് ലയിച്ചുപോകും.
സകലചരാചരങ്ങളിലും ആത്മാവിനേയും ആത്മാവിനെ സകല ചരാചരങ്ങളിലും പഞ്ചഭൂതങ്ങളില്‍ അതിന്റെ ആത്മാവിനെയെന്നപോലെ അഭേദബുദ്ധിയോടെ ദര്‍ശിക്കുക.
ഇങ്ങനെയുള്ള ഭക്തിഭാവം ഉറച്ചാല്‍ അഹന്ത എന്ന പാഴ്വൃക്ഷം വേരറ്റ് താഴെ വീഴും. ശരീരത്തില്‍ കുളിര്‍മഴ ചൊരിയും. ആനന്ദാശ്രു കൊണ്ട് നേത്രങ്ങള്‍ നിറയും. ക്രമേണ സംസാരപാശത്തില് നിന്ന് മുക്തനാകും. ദേഹാദികളില്‍ നിന്ന് മുക്തനായി ബ്രഹ്മാനന്ദം അനുഭവിക്കും. അജ്ഞാനം നശിച്ച് സമസ്തദുഃഖങ്ങളും ഇല്ലാതാകും. സര്‍വവും ഭഗവാന് തന്നെയെന്ന് തിരിച്ചറിയും. ആത്മാനന്ദത്തില്‍ മുഴുകിയാല്‍ ശരീരം വെടിയുന്നതില്‍ ദുഃഖിക്കില്ല. മായയെ ജയിക്കുമ്പോള്‍ അഹന്ത ഇല്ലാതായി മുക്തിയും കൈവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: