ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ ചിങ്ങമാസത്തില്‍ 1251 വിവാഹങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. കോവിഡ് അപഹരിച്ച രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള റെക്കോഡ് താലികെട്ടാണിത്.
കൃഷ്ണസന്നിധിയിലെ വിവാഹം സുദീര്‍ഘമായ വിവാഹജീവിതത്തിന് അനുഗ്രഹമായിത്തീരുമെന്ന വിശ്വാസമാണ് ആളുകള്‍ വിവാഹവേദിയായ ഗുരുവായൂര്‍ ക്ഷേത്രം തെരഞ്ഞെടുക്കാന്‍ കാരണം. ഇപ്പോള്‍ തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇവിടെ എത്തുന്നുണ്ട്.
പൊതുവേ കൃഷ്ണസന്നിധിയില്‍ വിവാഹമാസമായി അറിയപ്പെടുന്ന മാസമാണ് ചിങ്ങമാസം. ചിങ്ങമാസം തീരുന്നതോടെ വിവാഹത്തിരക്കൊഴിഞ്ഞു.
ചിങ്ങമാസത്തിലെ ആദ്യത്തെ ഞായറാഴ്ചയായിരുന്ന ആഗസ്ത് 28നായിരുന്നു ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടന്നത്- 236 വിവാഹങ്ങളാണ് അന്ന് നടന്നത്. സെപ്തംബര്‍ ഒന്ന് 120 വിവാഹങ്ങള്‍ നടന്നു. സെപ്തംബര്‍ മൂന്നിന് 84 വിവാഹങ്ങള്‍ നടന്നുവെങ്കില് സെപ്തംബര്‍ 11ന് 174 വിവാഹങ്ങള്‍ നടന്നു. അതിനിടയിലുള്ള മറ്റ് ദിവസങ്ങള്‍ അമ്പതില്‍ കുറയാതെ വിവാഹങ്ങള്‍ നടന്നു.
ചിങ്ങമാസത്തില്‍ നടന്ന 1251 വിവാഹങ്ങളില്‍ 784 എണ്ണം ഓണ്‍ലൈന്‍ വഴിയാണ് ശീട്ടാക്കിയത്. 467 എണ്ണം കൗണ്ടര്‍ വഴിയും ശീട്ടാക്കി. ഏറ്റവുമൊടുവില്‍ ഈ വെള്ളിയാഴ്ച (സെപ്തംബര്‍ 16) പോലും 24 വിവാഹങ്ങള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: