പരവൂര്‍(കൊല്ലം): തമിഴ്നാട്ടില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു വന്ന യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂതക്കുളം വേപ്പിന്മൂട് ബി.ആര്. ഭവനത്തില്‍ രാകേഷിനെയാണ് ഇന്നലെ രാവിലെ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നും കുട്ടിയെ കടത്തിക്കൊണ്ടു വന്ന കേസില്‍ പരവൂര്‍ പോലീസ് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് രാകേഷിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഇയാള്‍ തട്ടിക്കൊണ്ടുവന്ന കുട്ടിയെ തമിഴ്നാട് പോലീസെത്തി തിരികെ കൊണ്ടുപോയി. കേരളത്തിലും തമിഴ്നാട്ടിലും കെട്ടിടനിര്‍മാണ ജോലികള്‍ കരാറെടുത്ത് നടത്തുന്നയാളാണ് രാകേഷ്, തമിഴ്നാട്ടിലെ തിരുപ്പൂരിലും ഇയാള്‍ ജോലി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില സാമ്പത്തിക തര്‍ക്കങ്ങളുടെ പേരിലാണ് തിരുപ്പൂര്‍ സ്വദേശിയായ പതിന്നാലുകാരനെ ഇയാള്‍ തട്ടിക്കൊണ്ടുവന്നതെന്നാണ് വിവരം.
വെള്ളിയാഴ്ച വൈകിട്ടാണ് രാകേഷ് കുട്ടിയുമായി കൊല്ലത്ത് എത്തിയത്. തുടര്‍ന്ന് വീടിന് പിന്നിലെ ഷെഡ്ഡില്‍ കുട്ടിയെ കെട്ടിയിടുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പരവൂര്‍ പോലീസും അറിയിച്ചു. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: