ന്യൂദല്‍ഹി: വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ മണ്ണില്‍. നമീബിയയില്‍ നിന്ന് ചീറ്റകളേയും വഹിച്ചുള്ള പ്രത്യേക ബി 747 ജംബോ ജെറ്റ് വിമാനം ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പറന്നിറങ്ങി. പിന്നീട്, ചീറ്റകളെ ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ കുനോ ദേശീയോദ്യാനത്തിലേക്ക് എത്തിക്കും. കേന്ദ്രസര്‍ക്കാരിന്റെ പ്രോജക്ട് ചീറ്റ ദൗത്യത്തിന്റെ ഭാഗമായാണ് കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. ഇന്നു രാവിലെ പതിനൊന്നോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റകളെ കുനോ ദോശീയോദ്യാനത്തിലേക്ക് തുറന്നുവിടും. അഞ്ച് പെണ് ചീറ്റകളും മൂന്ന് ആണ് ചീറ്റകളുമാണ് നമീബിയയില്‍ നിന്ന് വിമാനമേറി എത്തിയത്.
1952ല്‍ രാജ്യത്ത് വംശനാശം സംഭവിച്ചതിന് ശേഷം 1970ലാണ് ചീറ്റകളെ എത്തിക്കുന്നതിന് നമീബിയയുമായി ഇന്ത്യ ധാരണയിലെത്തിയത്. മോദിസര്‍ക്കാര്‍ എത്തിയതിനുശേഷമാണ് കരാര്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ പുനരുജ്ജീവിപ്പിച്ചത്. 1948ലാണ് ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിലെ സാല് വനങ്ങളില്‍ അവസാനത്തെ ചീറ്റ മരിച്ചത്.
‘കടുവയുടെ നാട്ടിലേക്ക് ഗുഡ്വില് അംബാസഡര്‍മാരെ കൊണ്ടുപോകാന്‍ ധീരന്മാരുടെ നാട്ടില്‍ ഗരുഡന് പറന്നിറങ്ങി എന്നാണ് ജംബോജെറ്റിന്റെ ചിത്രം പുറത്തുവിട്ട് വിന്‍ഡ്ഹോക്കിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ട്വീറ്റ് ചെയ്തത്. ഭൂഖണ്ഡാന്തര ട്രാന്‍സ്ലോക്കേഷന്‍ പദ്ധതിയുടെ ഭാഗമായാണ് അഞ്ച് പെണ് ചീറ്റപ്പുലികളെയും മൂന്ന് ആണ്‍ചീറ്റപ്പുലികളെയും ഇന്ത്യയിലെത്തിക്കുന്നത്.
കടുവയുടെ ചിത്രം ആലേഖനം ചെയ്ത അള്‍ട്രാ ലോങ് റേഞ്ച് ജെറ്റിലാണ് ചീറ്റകളെ എത്തിച്ചത്. പതിനാറ് മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ ശേഷിയുള്ളതിനാല്‍ ഇന്ധനം നിറയ്ക്കാന്‍ ഇടത്താവളങ്ങളുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: