സമര്‍ഖണ്ഡ്: യുഎസ്, യുകെ, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ചേര്‍ന്നുള്ള ലോകാധിപത്യ ശക്തിക്ക് ബദലായി റഷ്യ-ചൈന-ഇറാന് അച്ചുതണ്ട് ഉയരുന്നു. ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ് സിഒ) യോഗത്തില്‍ രൂപപ്പെട്ടത് ഈ പുതിയ പ്രതിരോധ അച്ചുതണ്ടാണ്.
എസ് സിഒയില്‍ ഇറാനെ കൂടി പൂര്‍ണ്ണ അംഗമായി ചേര്‍ത്തതോടെ ആകെ അംഗബലം ഒമ്പതായി. ഇതുവരെ ചൈന, റഷ്യ, ഇന്ത്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, പാകിസ്ഥാന്, താജികിസ്ഥാന്‍, ഉസ്ബെകിസ്ഥാന് എന്നീ രാജ്യങ്ങളായിരുന്നു സ്ഥിരാംഗങ്ങള്‍.
ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ് സി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. എസ് സിഒയില്‍ പൂര്‍ണ്ണ അംഗമായതോടെ സാമ്പത്തിക, വാണിജ്യ, ഗതാഗത, ഊര്‍ജ്ജ സഹകരണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നതായി ഇറാന് പറഞ്ഞു.
യുഎസ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ കടുത്ത ഉപരോധം മറികടക്കാന്‍ കൂടിയാണ് ഇറാന് എസ് സിഒയില്‍ സ്ഥിരാംഗത്വം നേടിയത്. യുഎസ് ഉപരോധിച്ച ഇറാന്, റഷ്യ, ചൈന എന്നിവര്‍ ഒന്നിച്ച് നിന്നാല്‍ ധാരാളം പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്ന് ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ് സി പുടിനോട് പറഞ്ഞു. എസ് സിഒ സമ്മേളനത്തില്‍ ഇതാദ്യമായി ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രത്യേകത കൂടിയുണ്ട്. ഇറാന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: