ടി. എം. ഉണ്ണിമായ
തൊടുപുഴ: ഒരു വീടായാല്‍ എന്തെല്ലാം പണികളാണ് ഒരു ദിവസം ചെയ്യേണ്ടത്. അടുക്കളയാണ് ഹൃദയം. ആയിരം കൈയുണ്ടെങ്കിലും ഒരു പണിയും വിചാരിക്കുന്ന സമയത്ത് തീരില്ല. പക്ഷെ വീട്ടിലെ പല ജോലികള്‍ ഒറ്റയ്ക്ക് ഒരുമിച്ച് ചെയ്യാന്‍ ഒരു കൂട്ടുണ്ടെങ്കിലോ.. തൊടുപുഴ വഴിത്തല തച്ചാനിക്കല് ബിജു നാരായണന്റെ മിക്സിയുണ്ടെങ്കില്‍ കാര്യങ്ങള്‍ ജോറാകും. സ്മാര്‍ട്ട് മിക്സിയെന്നാണ് പേര്.
ബിജു നിര്‍മ്മിച്ച മിക്സി കൊണ്ട് പതിമൂന്നോളം കാര്യങ്ങളാണ് ചെയ്യുന്നത്. സൗരോര്‍ജത്തിലും വൈദ്യുതിയിലും ചാര്‍ജ് ചെയ്യാവുന്ന മിക്സി നാട്ടുകാര്‍ക്കും കൗതുകമാണ്. വൈദ്യുതി മുടങ്ങിയാലും വീട്ടിലെ പണികള്‍ പത്ത് വര്‍ഷമായി മുടങ്ങിയിട്ടില്ലെന്ന് ഭാര്യ ഉഷ പറയുന്നു.
മിക്സിയുടെ സാധാരണ ഉപയോഗം അരയ്ക്കാനും പൊടിക്കാനുമാണെങ്കില് ബിജുവിന്റെ മിക്സി അതിനുമപ്പുറം ചെയ്യും. 2008ലാണ് മിക്സിയുടെ നിര്‍മാണം ആരംഭിച്ചത്. 2013ല്‍ പൂര്‍ത്തീകരിച്ചു. പിന്നീട് ആവശ്യമനുസരിച്ച് മോഡിഫൈ ചെയ്യും. ബാറ്ററിയിലാണ് മിക്സി പ്രവര്‍ത്തിക്കുന്നത.് 12 വോള്‍ട്ടിന്റെ ബാറ്ററി കൂടാതെ ഒരു മോട്ടോറും ഇതിലുണ്ട്.
അരയ്ക്കാം, പൊടിക്കാം, പച്ചക്കറി, സവാള തുടങ്ങി കപ്പ വരെ അരിയാം, തേങ്ങ ചിരകാം, ഫാനും വാക്വം ക്ലീനറും ബ്ലോവറും മിക്സിയില്‍ ഉറപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. മിക്സിയുടെ ജാര് മാറ്റി അവിടേക്ക് ഇവ ഘടിപ്പിച്ചാല്‍ മതി. ലൈറ്റ്, മൊബൈല്‍ ചാര്‍ജിങ്, റേഡിയോ, വൈഫൈ ചാര്‍ജിങ്, പെന്‍ഡ്രൈവ് കുത്താനുള്ള സൗകര്യം എന്നിവയും മിക്സിയിലുണ്ട്. കൂടാതെ പാചക വാതകം ചോര്‍ന്നാല്‍ അറിയാനുള്ള സ്മോക്ക് ഡിക്ടക്ടറും ഘടിപ്പിച്ചിട്ടുണ്ട്.
വീട്ടമ്മമാര്‍ക്ക് സമയ ലാഭമുണ്ട്. കൈ മുറിയില്ല വൈദ്യുതി അപകടങ്ങളും ഉണ്ടാവില്ല. വീടിരിക്കുന്ന സ്ഥലത്ത് വൈദ്യുതി മുടങ്ങുന്നത് പതിവായിരുന്നു. ഇതാണ് ഇത്തരത്തിലൊരു ഉദ്യമത്തിലേക്ക് നയിച്ചതെന്ന് ബിജു പറഞ്ഞു. രണ്ടു തരം മിക്സികളാണ്, സാധാരണയും ഡീലക്സും. വില കൃത്യമായി നിശ്ചയിച്ചിട്ടില്ല. എങ്കിലും ഡീലക്സ് നിര്‍മ്മിച്ചെടുക്കാന്‍ ശരാശരി 7000 രൂപ ചെലവാകും. സാധാരണ മിക്സിയെങ്കില് 4000 രൂപയും.
സര്‍ക്കാരിന്റെയും മറ്റും പൂര്‍ണ്ണമായ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ വാണിജ്യപരമായി മിക്സിക്ക് നേട്ടം ലഭിക്കൂവെന്ന് അദ്ദേഹം പറയുന്നു. പുതിയ കണ്ടുപിടിത്തങ്ങളുടെ ഭാഗമായി തേങ്ങ പൊട്ടിക്കുന്ന മെഷീനും കണ്ടുപിടിച്ചിട്ടുണ്ട്. ഇതിനുള്ള പേറ്റന്റും ബിജുവിന് ലഭിച്ചു. തേങ്ങ പൊട്ടുന്നതോടൊപ്പം വെള്ളവും പ്രത്യേകം ശേഖരിക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഇതും മറ്റൊരു യന്ത്രത്തിലാണ് ഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: