തിരുവനന്തപുരം: ആശയവിനിമയ പരിമിതിയുള്ളവരെ സാധാരണജീവിതം നയിക്കാന്‍ സഹായിക്കുന്നതിന് കേരളത്തില്‍ ലോകോത്തര സൗകര്യങ്ങളും പ്രൊഫഷണലുകളും ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡേഴ്സ് ആന്‍ഡ് ഓഡിയോളജിക്കല്‍ പ്രാക്ടീസസ് വിഷയത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) ആക്കുളം കാമ്പസില്‍ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
ആധുനിക രീതികളോട് കിടപിടിക്കുന്ന വിധത്തില്‍ പുതിയ കഴിവുകള്‍ നേടുന്നതിനു ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പത്തോളജി മേഖലകളിലെ പ്രൊഫഷണലുകളെ ഇത്തരം സമ്മേളനങ്ങള്‍ സഹായിക്കുമെന്നും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയുള്ള പ്രഭാഷണത്തില്‍ ഡോ.ബിന്ദു പറഞ്ഞു. നമ്മുടെ പരിമിതമായ വിഭവങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം ആശയവിനിമയ പരിമിതിയുള്ളവരുടെ പ്രശ്നങ്ങള്‍ മെച്ചപ്പെട്ട വിധത്തില്‍ പരിഹരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഈ മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളും ആശയങ്ങളും അനുഭവങ്ങളും കൈമാറാന്‍ അവസരം നല്കുന്ന മികച്ച പ്ലാറ്റ് ഫോമാണ് ഐസിസിഎപി എന്നും അവര്‍ പറഞ്ഞു.
ആശയവിനിമയ പരിമിതികള്‍ക്ക് ശാസ്ത്രീയമായി പരിഹാരം കാണാനും പുരോഗതികള്‍ പഠിക്കാനും വളര്‍ന്നുവരുന്ന ഗവേഷകരെ പ്രചോദിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അവര്‍ പറഞ്ഞു. സെമിനാറുകളിലൂടെയും ശാസ്ത്രീയ പ്രബന്ധാവതരണങ്ങളിലൂടെയും പുതിയ ആശയങ്ങള്‍ പങ്കുവയ്ക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഈ മേഖലയിലെ പ്രൊഫഷണലുകളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനായി ഗുണപരവും ഫലപ്രദവുമായ ചര്‍ച്ചകള്‍ക്ക് കളമൊരുക്കാന്‍ സമ്മേളനം സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആശയവിനിമയ പരിമിതി പരിഹരിക്കുന്നതിലെ പുതിയ ആശയങ്ങളും നിലവിലെ പ്രവണതകളും ചര്‍ച്ച ചെയ്യാനുള്ള വേദിയൊരുക്കുന്നതിലൂടെ ഈ സമ്മേളനം ഫലപ്രദമാകുമെന്ന് നിഷ് എക്സിക്യുട്ടീവ് ഡയറക്ടര്‍ എം. അഞ്ജന ഐഎഎസ് പറഞ്ഞു
മൈസൂരു ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (എഐഐഎസ്എച്ച്) ഡയറക്ടര്‍ ഡോ. എം. പുഷ്പാവതിയും ചടങ്ങില്‍ പങ്കെടുത്തു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള നിഷിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്ന് അവര്‍ പറഞ്ഞു. ഇതിനായി കൂടുതല്‍ കേന്ദ്രങ്ങളും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്. ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പത്തോളജി മേഖലകളിലെ പാഠ്യപദ്ധതിയും സിലബസും നവീകരിക്കേണ്ടതുണ്ട്. ഇതിനായി സാങ്കേതിക പിന്തുണ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എഐഐഎസ്എച്ച്ല് നിന്നു ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു.
ആശയവിനിമയ പരിമിതിയിലെ പുതിയ പ്രവണതകളും വെല്ലുവിളികളും ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കി ഇവ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളും സമ്മേനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നിഷ് പ്രിന്‍സിപ്പല്‍ ഡോ.സുജ കെ. കുന്നത്ത് പറഞ്ഞു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ന്യൂറോ ഡെവലപ്മെന്റല്‍ സയന്‍സസ് എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള വിദഗ്ധര്‍ മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: