തിരുവനന്തപുരം: സംസ്ഥാനത്തെ 170 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച് മൃഗസംരക്ഷണ വകുപ്പ്. നായകളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ട് തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു മാസം 10 തവണയോ അതില്‍ കൂടുതലോ നായ കടിയേറ്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളെയാണ് ഹോട്ട് സ്പോട്ടായി കണക്കാക്കുന്നത്.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. 28 ഹോട്ട്സ്പോട്ടുകളാണ് ജില്ലയിലുള്ളത്. ആനാട് ഗ്രാമപഞ്ചായത്തില്‍ മാത്രം ജനുവരി മുതല്‍ ആഗസ്റ്റ് മാസം വരെ 260 തവണയാണ് തെരുവുനായ ആക്രമണമുണ്ടായത്. അമ്പലത്തറയില്‍ 255, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയില്‍ 247 വീതം തെരുവുനായ ആക്രമണങ്ങളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 17 ഇടങ്ങളില്‍ ചികിത്സ തേടിയെത്തിയവരുടെ എണ്ണം നൂറില്‍ കൂടുതലാണ്.
പാലക്കാടാണ് പട്ടികയില്‍ രണ്ടാമത്. 26 ഹോട്ട് സ്പോട്ടുകളാണ് ജില്ലയിലുള്ളത്. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ നിന്ന് മാത്രം 641 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകല്‍ റിപ്പോര്‍ട്ട് ചെയ്തതും ഇവിടെയാണ്. അടൂര്‍, അരൂര്‍, പെര്‍ള തുടങ്ങിയ സ്ഥലങ്ങളില്‍ 300ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇടുക്കിയിലാണ് ഏറ്റവും കുറവ് ഹോട്ട്സ്പോട്ടുള്ളത്. ഒരു മേഖല മാത്രമാണ് ജില്ലയില്‍ നിന്ന് ഈ വിഭാഗത്തില്‍ പെട്ടിരിക്കുന്നത്. അതേസമയം പരമാവധി തെരുവുനായ്ക്കള്‍ക്ക് എത്രയും വേഗം വാക്സിനേഷന് നല്‍കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനായി അഞ്ച് ലക്ഷം വാക്സിനുകള്‍ എത്തിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: