ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡിന് ഡെങ്കിപ്പനി വാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചു. യുഎസ് ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെയാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.
നാഷനല്‍ സെന്റര്‍ ഫോര്‍ വെക്റ്റര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളം 1,93,245 ഡെങ്കിപ്പനി കേസുകളും 346 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം, 30,000ത്തിലധികം ആളുകള്‍ക്ക് ഇതിനകം തന്നെ ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. മഴക്കാലത്താണ് രോഗം കുത്തനെ ഉയരുന്നത്.
ഈഡിസ് പെണ്‍കൊതുകിന്റെ കടിയിലൂടെയാണ് ഡെങ്കി വൈറസ് പകരുന്നത്. പകല്‍ സമയത്താണ് ഇവ പുറത്തിറങ്ങുന്നത്. കൂടാതെ 400 മീറ്റര്‍ ദൂരം വരെ പറക്കാന്‍ കഴിയും. താപനില 16 ഡിഗ്രിയില്‍ താഴെയായാല്‍ ഡെങ്കിപ്പനി കൊതുകുകള്‍ പെരുകില്ല. രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വാക്‌സിന്‍ ഡെങ്കിപ്പനി മൂലമുള്ള രോഗ, മരണ നിരക്കുകളെ വന്‍തോതില്‍ കുറയ്‌ക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: