തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍നിന്ന് ഇടതുസ്വതന്ത്രനായി മത്സരിച്ചാല്‍ അത്ഭുതപ്പെടാനില്ലന്ന് മുരളി പാറപ്പുറം. ഇതിനുള്ള കരുനീക്കങ്ങള്‍ തരൂര്‍ നടത്തിക്കഴിഞ്ഞു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് താരത്തിളക്കം വര്‍ധിപ്പിക്കാനുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. തരൂരിന്റെ വിവാദ പ്രസ്താവനകള്‍ ഈ ദിശയിലുള്ളതാണെന്ന് ‘ജന്മഭൂമി’യിലെ ‘സത്യവാങ്മൂലം’ എന്ന പതിവ് പംക്തിയില്‍ മുരളി എഴുതി.
പലതരം സ്വാര്‍ത്ഥതകൊണ്ടും സ്ഥാപിതതാല്‍പ്പര്യംകൊണ്ടും നെഹ്റു കുടുംബത്തിന്റെ അപ്രമാദിത്വം അംഗീകരിച്ചുകൊടുക്കുന്ന നേതാക്കള്‍ പോലും കോണ്‍ഗ്രസില്‍ അസംതൃപ്തരാണ്.കപില്‍ സിബലിനെയും ഗുലാം നബി ആസാദിനെയും പോലുള്ള പ്രമുഖ നേതാക്കള്‍ പാര്‍ട്ടിവിട്ടു. ജി23 ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നവരും അല്ലാത്തവരുമായ ആനന്ദ ശര്‍മ, മനീഷ് തിവാരി, അശോക് ചവാന്, പൃഥ്വിരാജ് ചൗഹാന് തുടങ്ങിയവര്‍ എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടി വിടാം.
പാര്‍ട്ടിയില്‍ ഇനിയും തുടരുന്നതുകൊണ്ട് വിശേഷമൊന്നുമില്ലെന്ന വികാരമാണ് ഇവര്‍ക്കുള്ളത്. സോണിയ കുടുംബത്തോട് വിധേയത്വമുള്ള ചുരുക്കം നേതാക്കള്‍ മാത്രം പാര്‍ട്ടിയില്‍ അവശേഷിക്കുന്ന അവസ്ഥയിലേക്കാണ് സ്ഥിതിഗതികള്‍ നീങ്ങുന്നത്. മാധ്യമങ്ങളില്‍ കഥകള്‍ മെനഞ്ഞും രാഹുലിന് കല്യാണം ആലോചിച്ചും ശ്രദ്ധയാകര്‍ഷിക്കുന്ന ജയറാം രമേശിന് പ്രദര്‍ശനമൂല്യം മാത്രമേയുള്ളൂ. ഇയാള്‍ എങ്ങനെയാണ് കോണ്‍ഗ്രസ് നേതാവായതെന്ന ഗുലാം നബി ആസാദിന്റെ ചോദ്യത്തിന് മറുപടിയുണ്ടായില്ലല്ലോ.
പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിങ്ങിനെപ്പോലുള്ളവര്‍ കോണ്‍ഗ്രസ് വിടാന്‍ കാരണം രാഹുലുമായുള്ള അഭിപ്രായവ്യത്യാസമാണ്. പാര്‍ട്ടിവിട്ട പലരുടെയും പിന്നാലെ പോയെങ്കിലും ഒരാളെപ്പോലും പിടിച്ചുനിര്‍ത്താനോ മടക്കിക്കൊണ്ടുവരാനോ രാഹുലിന് കഴിഞ്ഞില്ല. പാര്‍ട്ടിയില്‍നിന്ന് ഏറ്റവും കൂടുതല്‍ നേതാക്കളെ പുറംതള്ളിയതിന്റെ ബഹുമതി രാഹുലിന് അവകാശപ്പെട്ടതായിരിക്കും. സ്വന്തം പാര്‍ട്ടിയില്‍ ഐക്യംകൊണ്ടുവരാന്‍ കഴിയാത്ത നേതാവിന് എങ്ങനെയാണ് രാജ്യത്തെ ഐക്യപ്പെടുത്താനാവുക? മുരളി പാറപ്പുറം ചോദിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: