പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കണമെന്ന് കോടതി. ഇന്ന് കൂറുമാറിയ 29ാം സാക്ഷി സുനിൽ കുമാറിന്റെ കണ്ണ് പരിശോധിക്കാനാണ് കോടതി നിർദേശം നൽകിയത്. മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വീഡിയോയിലെ ദൃശ്യങ്ങൾ കാണുന്നില്ലെന്നായിരുന്നു സുനിൽ കുമാർ പറഞ്ഞത്. എന്നാൽ ഈ വീഡിയോയിൽ കാഴ്ചക്കാരനായി സുനിൽ കുമാറിനെയും കാണാം. ഒന്നും കാണുന്നില്ലെന്ന് സാക്ഷി പറഞ്ഞതോടെയാണ് കണ്ണ് പരിശോധിക്കാൻ കോടതി നിർദേശം നൽകിയത്.
കേസിൽ കൂറുമാറുന്ന സാക്ഷികളുടെ എണ്ണം തുടർക്കഥയാകുകയാണ്. ഇതുവരെ കൂറുമാറിയവരുടെ എണ്ണം 15 ആയി. മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ട് വരുന്നത് കണ്ടു, പ്രതികള്‍ കള്ളൻ എന്നു പറഞ്ഞ് മധുവിന്റെ ദൃശ്യങ്ങൾ എടുക്കുന്നത് കണ്ടു എന്നുമായിരുന്നു സുനിൽ കുമാര്‍ പോലീസിന് നല്കിയ മൊഴി. ഈ മൊഴിയാണ് സുനിൽ കുമാര്‍ കോടതിയില്‍ മാറ്റി പറഞ്ഞത്.
കഴിഞ്ഞദിവസം ഇരുപത്തിയേഴാം സാക്ഷിയായ സെയ്തലവി കൂറുമാറിയിരുന്നു. അതേസമയം രണ്ട് സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. സാക്ഷികളായ വിജയകുമാർ, രാജേഷ് എന്നിവരാണ് മൊഴിയിൽ ഉറച്ചു നിന്നത്. ഇരുപത്തിയഞ്ചാം സാക്ഷിയാണ് വിജയകുമാർ. രാജേഷ് ഇരുപത്തിയാറാം സാക്ഷിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: