കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയിലുള്ള രണ്ടു പേര് തങ്ങളെ പോക്കറ്റടിച്ചതായി പോലീസില്‍ പരാതി. ഇതേ തുടര്‍ന്ന് നടത്തിയ സിസിടിവി അന്വേഷണത്തി ല്‍ പോക്കറ്റടി സംഘത്തിന്റെ അകമ്പടിയോടെയാണ് രാഹുലിന്റെ യാത്രയെന്ന് വ്യക്തമായി. യാത്രയില്‍ പോക്കറ്റടി സംഘത്തിന്റെ സാന്നിധ്യം പോലീസ് കണ്ടെത്തി. സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ അറിയിച്ചു. കന്യാകുമാരിയില്‍ നിന്ന് തന്നെ സംഘം യാത്രയില്‍ കടന്നു കൂടിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
രാഹുലിനെ കാണാനെത്തുന്നവരെ പോക്കറ്റടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് സൂചന. സംഘത്തിലുള്ള നാലുപേരുടെ ചിത്രങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ടു സ്ഥലങ്ങളില്‍ ഇവര്‍ പോക്കറ്റടിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. നേരത്തെയും പല മോഷണ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. അതുകൊണ്ടു തന്നെ പോലീസ് ലിസ്റ്റില്‍ ഇവരുടെ പേരുകളുണ്ട്. അതാണ് ഇവരെ തിരിച്ചറിയാന്‍ സഹായിച്ചത്. പകലാണ് കള്ളന്മാര് പോക്കറ്റടിച്ചത്. പകല്‍ കക്കുന്ന കള്ളനെ രാത്രി കണ്ടാല്‍ തൊഴണം എന്നാണ് ചൊല്ല്. യുപിഎ ഭരണത്തില്‍ ഖജനാവ് കൊള്ളയടിച്ചവരാണല്ലോ. അവര്‍ക്കെന്ത് സത്യം, മര്യാദ എന്നാരും ചോദിച്ചുപോകും. എട്ടുലക്ഷത്തോളം കോടി രൂപയാണ് വെട്ടിവിഴുങ്ങിയത്. അതിന്റെ അന്വേഷണം പല തട്ടിലാണ്. അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇ ഡി ക്കും സിബിഐക്കുമെതിരെയുള്ള പെരുമ്പറയടി.
ആര്‍എസ്എസ് ആണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ കണ്ണുകടി. ആര്‍എസ്എസ്സിന്റെ ട്രൗസര്‍ കത്തിച്ച് പ്രചരിപ്പിച്ച് യാത്രയ്ക്ക് ശ്രദ്ധ നേടുകയാണ് കോണ്‍ഗ്രസിന്റെ ശ്രമം. പൂര്വപിതാക്കന്മാര് ശ്രമിച്ചിട്ടും ആര്‍എസ്എസിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. രാഹുലും പൂര്വപിതാക്കന്മാരും ദീര്‍ഘനാളുകളായി ആര്‍എസ്എസ്സിനോട് വെറുപ്പു പുലര്‍ത്തുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016ല്‍ കടും ബ്രൗണ്‍ ട്രൗസറുകളിലേക്കു മാറുന്നതുവരെ കാക്കി നിക്കറായിരുന്നു ആര്‍എസ്എസിന്റെ യൂണിഫോം. അത് കോണ്‍ഗ്രസ് അറിഞ്ഞില്ലെന്ന് തോന്നുന്നു. പോസ്റ്ററിനൊപ്പം ഇങ്ങനെ കുറിച്ചിട്ടുമുണ്ട്- “”വെറുപ്പിന്റെ വിലങ്ങുകളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍, ബിജെപിയും ആര്‍എസ്എസും വരുത്തിവച്ച നഷ്ടങ്ങള്‍ ഇല്ലാതാക്കാന്‍. പടിപടിയായി ഞങ്ങള്‍ ലക്ഷ്യത്തിലെത്തിച്ചേരും’. തിങ്കളാഴ്ച പങ്കുവച്ച പോസ്റ്ററില്‍ ഇനി 145 ദിവസം കൂടി എന്നും എഴുതിയിട്ടുണ്ട്. “”രാജ്യത്തെ ഒന്നിപ്പിക്കുന്നവരെ ഞങ്ങള്‍ പിന്തുണയ്ക്കും. പക്ഷേ ഭാരത് ജോഡോ (ഭാരതത്തെ ഒന്നിപ്പിക്കുന്ന) യാത്ര വെറുപ്പുമായി തുടങ്ങരുത്. സംഘ പ്രസ്ഥാനത്തെ ഒരു കാരണവും ഇല്ലാതെയാണ് രണ്ടുതവണ കോണ്‍ഗ്രസ് വിലക്കിയത്. എന്നിട്ടും പ്രസ്ഥാനം മരിച്ചില്ല. ഓരോ ആക്രമണം വരുമ്പോഴും അവര്‍ ഉയര്‍ന്നുവന്നുകൊണ്ടേയിരുന്നു. ദീര്‍ഘനാളുകളായി ഞങ്ങളോടുള്ള വെറുപ്പു വച്ചുപുലര്‍ത്തുന്നവരാണവര്‍’’ റായ്പുരില്‍ ആര്‍എസ്എസിന്റെ ത്രിദിന സമന്വയ് ബൈഠക്കിനെ അഭിസംബോധന ചെയ്ത് സംഘത്തിന്റെ സഹസര്‍കാര്യവാഹ് മന്മോഹന് വൈദ്യ പ്രസ്താവിച്ചതും വിവാദമാക്കുകയാണ്.
‘’വെറുപ്പും വിദ്വേഷവും കൊണ്ട് രാജ്യത്തെ ഒന്നിപ്പിക്കാനാകില്ല. അവരുടെ പോസ്റ്ററില്‍ വെറുപ്പാണ് കാണിക്കുന്നത്. അതിനെക്കുറിച്ച് എന്തുപറയാന്‍. കാക്കി നിക്കര്‍ ഇപ്പോള്‍ സംഘത്തിന്റെ യൂണിഫോമല്ല. പാന്റ്സിലേക്കു മാറിയിട്ട് നാളുകളായി. അതുപോലും രാഹുലിന് അറിയില്ല. സംഘത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ല. വിലക്കാന്‍ ശ്രമിച്ചിട്ടും സംഘപ്രസ്ഥാനം എന്തുകൊണ്ട് വളരുന്നു. കാരണം സത്യത്തിന്റെ പ്രമാണം സംഘത്തിനുണ്ട്. തലമുറകളായി സംഘത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരുണ്ട്. അവര്‍ സത്യത്തിന്റെ സാരത്തെ കൈക്കൊണ്ടിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് പരിത്യജിക്കാനും കഠിനാധ്വാനം ചെയ്യാനും അവര്‍ തയാറാണ്. ജനങ്ങളുടെ പിന്തുണ സംഘത്തിന് എപ്പോഴും ലഭിക്കുന്നു’’ വൈദ്യ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞതിങ്ങനെയാണ്. ആര്‍എസ്എസ് യൂണിഫോമിനെതിനെതിരായ കോണ്‍ഗ്രസിന്റെ ട്വീറ്റ് അപലപനീയമെന്ന് ബിജെപിയും പ്രതികരിച്ചു. രാജ്യം അഗ്നിക്കിരയാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് തരുണ്‍ ചുഗ് ആരോപിച്ചു. ഇത് ആദ്യമായല്ല കോണ്‍ഗ്രസ് പാര്‍ട്ടി ഇങ്ങനെ ചെയ്യുന്നതെന്ന് ബിജെപി നേതാവ് സംബിത് പത്രയും പറഞ്ഞു.
കേരളത്തില്‍ കടന്നപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ യാത്ര പിഴച്ചു. ഭാരതത്തെ ഒന്നിപ്പിക്കാനെന്ന പേരില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ നടത്തുന്ന യാത്രയില്‍ രാജ്യത്തേയും രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരാന്‍ യത്നിച്ചവരേയും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തു. കെ.ഇ. മാമനും ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായരും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തോടൊപ്പം ചേര്‍ന്നുനിന്നവരാണ്. രാജ്യത്തിന് പുതിയ ചരിത്ര രചന നടത്തിയവരാണ്. ഇവരുടെ കുടുംബത്തെ നെയ്യാറ്റിന്‍കരയില്‍ രാഹുലും കോണ്‍ഗ്രസ് നേതൃത്വവും അവഹേളിച്ചത് കടുത്ത എതിര്‍പ്പിനാണ് വഴിവച്ചത്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് പരിപാടി സംഘടിപ്പിച്ചത്. അവസാന നാളുകളില്‍ ചികിത്സയില്‍ കഴിഞ്ഞ നെയ്യാറ്റിന്‍കര നിംസ് ആശുപത്രി അവരുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന സ്ഥലമായതുകൊണ്ട് അവിടേക്ക് വിളിച്ചുവരുത്തി. കുടുംബാംഗങ്ങള്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും യാത്ര കടന്നുപോകുന്ന സ്ഥലമായിട്ടുപോലും രാഹുല്‍ അവിടേക്ക് തിരിഞ്ഞുനോക്കിയില്ല.
ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തരാന്‍ യത്നിച്ചവരുടെ യാതനകളെയും വേദനകളെയും കുറിച്ച് യാതൊരു തരത്തിലുള്ള ഗൗരവ ചിന്തയും രാഹുലിന്റെ യാത്രയില്‍ നടക്കുന്നില്ലെന്ന് മാത്രമല്ല, അവരെ പരിഹസിക്കുന്ന നിലപാടു കൂടിയാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം പോലും രാഹുലിന്റെ യാത്രയ്ക്ക് വേണ്ട പ്രാധാന്യം നല്‍കുന്നില്ലെന്നതിന്റെ തെളിവാണിത്.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കുറ്റകരമായ അനാസ്ഥയും അവഹേളനവുമാണ് ഇത് വെളിവാക്കുന്നത്. രാഹുലിന് മാമനുംഗോപിനാഥന്നായരും ആരാണെന്നറിയില്ല. രാഹുല്‍ ആശുപത്രിയില്‍ ചെല്ലാതിരുന്നതിനെക്കുറിച്ച് കെപിസിസി നേതൃത്വം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ അതുകൊണ്ടായോ എന്ന ചോദ്യമാണ് പരക്കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: