വാരാണസിയിലെ ജ്ഞാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ശൃംഗാര്‍ ഗൗരി അഥവാ പാര്‍വതീ പൂജ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് വനിതകള്‍ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ചരിത്രപരമാണ്. ഇതിനെതിരെ ജ്ഞാന്‍വാപി മസ്ജിദിന്റെ ഭരണസമിതിയായ അന്‍ജുമാന്‍ ഇന്തസാമിയ മാനേജ്മെന്റ് കമ്മിറ്റി നല്കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തിരിക്കുന്നു. കേസില്‍ തുടര്‍വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത് വലിയൊരു വഴിത്തിരിവാണ്. മതഭ്രാന്തിന്റെ പ്രതിരൂപമായിരുന്ന മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് ഒന്നിലധികം ആക്രമണങ്ങള്‍ നടത്തി തകര്‍ത്ത കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സ്ഥാനത്താണ് ഇപ്പോള്‍ ജ്ഞാന്‍വാപി മസ്ജിദ് നിലനില്‍ക്കുന്നത്. ഈ മസ്ജിദിന്റെ പുറകുവശത്ത് ഇപ്പോഴും ശില്പ്പകലയോടുകൂടിയുള്ള ക്ഷേത്രഭിത്തി തന്നെയാണുള്ളത്. അവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും ഇത് ബോധ്യപ്പെടും. ഞങ്ങളുടെ മതം നിങ്ങളെ കീഴടക്കിയിരിക്കുന്നു എന്നു ഹിന്ദുക്കളെ ബോധ്യപ്പെടുത്താന്‍ ബോധപൂര്വമാണത്രേ ഔറംഗസീബ് ക്ഷേത്രാവശിഷ്ടങ്ങള്‍ മസ്ജിദിന്റെ ഭാഗമാക്കിയത്. ഇന്നുകാണുന്ന കാശിവിശ്വനാഥ ക്ഷേത്രം പില്ക്കാലത്ത് മഹാരാഷ്ട്രയിലെ രാജ്ഞിയായിരുന്ന അഹല്യാബായ് ഹോല്‍ക്കര്‍ നിര്‍മിച്ചതാണ്. ക്ഷേത്രത്തിനു മുന്നിലുള്ള നന്ദിവിഗ്രഹം ഇപ്പോഴും ശ്രീകോവിലിനു പുറംതിരിഞ്ഞും മസ്ജിദിന് അഭിമുഖമായുമാണ് കിടക്കുന്നത്. ഇപ്പോഴത്തെ മസ്ജിദ് പഴയ ക്ഷേത്രമാണെന്നതിന്റെ വ്യക്തമായ തെളിവാണിത്.
ഹിന്ദുവിഭാഗത്തിന്റെ ഹര്‍ജികള്‍ പരിഗണിച്ച മജിസ്ട്രേറ്റു കോടതി മസ്ജിദ് നിലനില്‍ക്കുന്നിടത്ത് സര്‍വെ നടത്താനും, വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി മസ്ജിദിന്റെ ഉള്‍വശം വീഡിയോഗ്രാഫിയില്‍ പകര്‍ത്താനും അഭിഭാഷക കമ്മിഷനെ നിയോഗിച്ചിരുന്നു. കമ്മിഷന്റെ പരിശോധനയില്‍ ക്ഷേത്രാവശിഷ്ടങ്ങളും പുരാതന ശിവലിംഗവും കണ്ടെത്തി. ഇതുപ്രകാരം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കേസ് വാരാണസി ജില്ലാ കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ഈ കോടതിയാണ് ഹിന്ദുക്കള്‍ക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഹിന്ദുക്കളുടെ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് മസ്ജിദ് കമ്മിറ്റി പ്രധാനമായും ഉന്നയിച്ചത് മസ്ജിദിനകത്ത് ആരാധന നടത്തണമെന്ന ഹിന്ദു വനിതകളുടെ ആവശ്യം 1991 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരാണെന്ന വാദമാണ്. ആരാധനാലയങ്ങളുടെ കാര്യത്തില്‍ 1947 ലെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്നാണ് ഈ നിയമം അനുശാസിക്കുന്നത്. അയോധ്യാ പ്രക്ഷോഭത്തിന്റെ മൂര്ധന്യാവസ്ഥയില് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണ് നിയമം കൊണ്ടുവന്നത്. ഹിന്ദുക്കളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനു വേണ്ടിയാണ് ഈ നിയമമെന്ന് അന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരായ ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ആരാധനാലയങ്ങളുടെ തല്‍സ്ഥിതി പാലിക്കണമെന്ന് അനുശാസിക്കുന്ന നിയമം ജ്ഞാന്‍വാപി മസ്ജിദിന് ബാധകമല്ലെന്ന് വാരാണസി ജില്ലാകോടതി വ്യക്തമാക്കിയിരിക്കുകയാണ്. സ്വാതന്ത്ര്യത്തിനുശേഷവും ജ്ഞാന്‍വാപി മസ്ജിദിനുള്ളില്‍ ക്ഷേത്രമാണെന്ന സങ്കല്‍പ്പത്തില്‍ ഹിന്ദുക്കള്‍ ആരാധന നടത്തിയിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ഈ തീരുമാനത്തിലെത്തിയത്.
വാരാണസി കോടതിയുടെ വിധിയെത്തുടര്‍ന്ന് ഹിന്ദുക്കളുടെ ആവേശം അലതല്ലിയത് സ്വാഭാവികം. മുഗള്‍ ഭരണാധികാരികള്‍ അന്യാധീനപ്പെടുത്തിയ അയോധ്യയിലെയും കാശിയിലെയും മഥുരയിലെയും ക്ഷേത്രങ്ങള്‍ വിട്ടുനല്‍കണമെന്നത് ഹിന്ദുക്കളുടെ നെടുനാളത്തെ ആവശ്യമാണ്. അയോധ്യയുടെ കാര്യത്തില്‍ തങ്ങള്‍ ഏറ്റുമുട്ടലിനില്ലെന്നും, രാമജന്മഭൂമി സ്വമനസ്സാലെ വിട്ടുനല്‍കണമെന്നും ബാബറി മസ്ജിദിന്റെ വക്താക്കളോട് തുടക്കം മുതല്‍തന്നെ ഹിന്ദുസംഘടനകള്‍ ആവശ്യപ്പെടുകയുണ്ടായി. അനുകൂലമായി പ്രതികരിക്കാതെ കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും സഹായത്തോടെ സ്ഥിതിഗതികളെ സംഘര്‍ഷത്തിലേക്ക് നയിക്കുകയാണ് മുസ്ലിം മതമൗലിക വാദികള്‍ ചെയ്തത്. കോടതിയുടെ പുറത്ത് പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സന്നദ്ധമാണെന്ന ഹിന്ദുസംഘടനകളുടെ അഭ്യര്‍ത്ഥനയും നിരസിക്കപ്പെട്ടു. ഒടുവില്‍ അലഹബാദ് ഹൈക്കോടതിയില്‍നിന്നും സുപ്രീംകോടതിയില്‍നിന്നും ഹിന്ദുക്കള്‍ക്ക് അനുകൂലമായി വിധിയുണ്ടായി. അയോധ്യയില്‍ ഇപ്പോള്‍ അതിബൃഹത്തായ രാമക്ഷേത്രം ഉയരുകയാണ്. അയോധ്യയുടെ വഴിക്കാണ് കാശിയും സഞ്ചരിക്കുന്നത്. അയോധ്യയില്‍ ധര്‍മവിഗ്രഹമായ രാമനുവേണ്ടിയാണ് ഹിന്ദുജനതയ്ക്ക് പോരാടേണ്ടി വന്നതെങ്കില്‍ കാശിയില്‍ ദേവാധിദേവനായ പരമശിവനുവേണ്ടിയാണ് അവര്‍ നിലകൊള്ളുന്നത്. ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും കാശിവിശ്വനാഥ ക്ഷേത്രം വീണ്ടെടുക്കാന്‍ ഹിന്ദുക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ജീവിതവും ജീവനും ബലിയായി നല്‍കിയിട്ടുമുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിയമപോരാട്ടം. പുണ്യഭൂമിയായ കാശിയില്‍ പൗരാണികമായ ശിവക്ഷേത്രം പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം. വിജയം കാണുന്നതുവരെ അത് മുന്നോട്ടുപോകും. സത്യവും നീതിയും ഹിന്ദുക്കള്‍ക്കൊപ്പമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: