ന്യൂദല്‍ഹി: വീണ്ടും ഹിന്ദുത്വത്തെ കടന്നാക്രമിച്ച് ഡിഎംകെ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ എ. രാജ. ഒരാള്‍ മുസ്ലിമോ ക്രിസ്ത്യനോ പാര്‍സിയോ അല്ലെങ്കില്‍ അയാള്‍ ഹിന്ദു ആണെന്ന സുപ്രീകോടതി നിയമം ക്രൂരമാണെന്നും എ.രാജ പറഞ്ഞു. ഹിന്ദുക്കള്‍ക്കെതിരെ വീണ്ടും എ. രാജ വിഷം തുപ്പുകയാണെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈ തിരിച്ചടിച്ചു. . തമിഴ്നാട്ടിലെ രാഷ്ട്രീയ സംവാദത്തിന്റെ വിലകുറഞ്ഞ നിലവാരമാണ് കാണിക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു. തമിഴ്നാട് അവരുടെ സ്വന്തം പോക്കറ്റിലാണെന്ന മാനസികാവസ്ഥയാണ് ഈ രാഷ്ട്രീയനേതാക്കള്ക്കുള്ളതെന്നും അണ്ണാമലൈ പരിഹസിച്ചു.
“നിങ്ങള്‍ ഹിന്ദു ആയിത്തീരുന്നതുവരെ വെറും ശൂദ്രനാണ്. ശൂദ്രനാകുന്നതുവരെ വെറും ലൈംഗികത്തൊഴിലാളിയുടെ മകനാണ്. നിങ്ങള്‍ ഹിന്ദു ആകുന്നതുവരെ നിങ്ങള്‍ വെറുമൊരു ദളിതനാണ്. ഹിന്ദു ആകുന്നതുവരെ നിങ്ങള്‍ അസ്പൃശ്യനുമാണ്. നിങ്ങളില്‍ എത്ര പേരാണ് ലൈംഗികത്തൊഴിലാളിയുടെ മകനാകാന്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ എത്രപേരാണ് അസ്പൃശ്യരായിരിക്കാന് ആഗ്രഹിക്കുന്നത് “- എ. രാജ വിവാദപ്രസംഗത്തില്‍ പറയുന്നു.
ചോദ്യങ്ങള്‍ അനുവദിച്ചാല്‍, അത് സനാതന ധര്‍മ്മത്തിന്റെ വേര് നശിപ്പിക്കാന്‍ സയിക്കുമെന്നും രാജ. ഡിഎംകെയും ഡികെയും വിടുതലൈയും മുരശൊലിയും അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന സമയം ആഗതമായിരിക്കുന്നുവെന്നും രാജ വിവാദപ്രസംഗത്തില്‍ പറഞ്ഞു.
രാജയ്ക്കെതിരെ എഐഎഡിഎംകെയും ബിജെപിയും ആഞ്ഞടിച്ചു. രാജയുടെ ഇത്തരം പ്രസ്താവന ഡിഎംകെയുടെ മാനസികാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് എഐഎഡിഎംകെ വക്താവ് കോവൈ സത്യന് പറഞ്ഞു. ഹിന്ദുമതത്തെ അപകീര്‍ത്തിപ്പെടുത്തുക, സ്ത്രീകളെ തരംതാഴ്ത്തുക, വിവാഹബന്ധത്തിന് പുറത്തുള്ള ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാം ഡിഎംകെയുടെ ആശയങ്ങളാണെന്നും കോവൈ സത്യന് പറഞ്ഞു. എ.രാജയുടെ പ്രസ്താവനയെ അപലപിക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് തയ്യാറാകണമെന്ന് കോവൈ സത്യന് ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ജൂലായ് മൂന്നിന് തമിഴ്നാടിനെ സ്വതന്ത്രരാഷ്ട്രമാക്കണമെന്ന എ.രാജയുടെ പ്രസ്താവന വിവാദമായിത്തീര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: