തിരുവനന്തപുരം : ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ച സംഭവത്തില്‍ ജോലിയില്‍ നിന്നും പുറത്താക്കിയ തൊവലാളികളെ തിരിച്ചെടുക്കാന്‍ തീരുമാനം. ഓണാഘോഷവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ശുചീകരണ തൊഴിലാളികള്‍ ഓണസദ്യ മാലിന്യത്തില്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചത്.
ഇതില്‍ സ്ഥിരം ജീവനക്കാരായ ഏഴ് പേരെ സസ്പെന്‍ഡ് ചെയ്യുകയും നാല് താത്കാലിക ജീവനക്കാരെ പിരിട്ടുവിടുകയും ചെയ്തിരുന്നു. ഇത് വിവാദമായതോടെ സിഐടിയുവും സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. ഗോവിന്ദന് ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
മേയര്‍ ആര്യ രാജേന്ദ്രനും സിപിഎം സിഐടിയു ജില്ലാ നേതൃത്വവും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. നടപടി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സാഹചര്യത്തില്‍ പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാന്‍ സിപിഎം നേതൃത്വം മേയറോട് ആവശ്യപ്പെടുകയായിരുന്നു.
ഓണസദ്യ മാലിന്യക്കുപ്പയില്‍ തള്ളിയതിന്റെ പേരില്‍ തൊഴിലാളികള്‍ക്കെതിരെ എടുത്ത നടപടി പിന്‍വലിക്കണമെന്ന് സിഐടിയു ആവശ്യപ്പെടുകയും, നടപടി പിന്‍വലിക്കുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കത്തും നല്കി. നടപടി പിന്‍വലിച്ചില്ലെങ്കില്‍ തിങ്കളാഴ്ച കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് ശുചീകരണ തൊഴിലാളികളും വ്യക്തമാക്കിയിരുന്നു.
ജോലിയെല്ലാം നേരത്തെ തീര്‍ത്തിട്ടും ഓണാഘോഷത്തിന് തൊട്ടു മുമ്പ് അറവുമാലിന്യം മാറ്റാന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടതിനെതിരെയാണ് ശനിയാഴ്ച സിഐടിയു തൊഴിലാളികള്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിഷേധിച്ചത്. അതേസമയം എന്തിന്റെ പേരിലായാലും ഭക്ഷണം വലിച്ചറിഞ്ഞത് അവിവേകമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: