ഭാരത് ജോഡോ യാത്രക്കിടെ നെയ്യാറ്റിന്‍കരയിലെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ സ്വാതന്ത്ര്യസമര സേനാനികളെ അവഹേളിക്കുകയും കോണ്‍ഗ്രസ് നേതാക്കളെ നാണം കെടുത്തുകയും ചെയ്തിരിക്കുകയാണ്. ഗാന്ധിയന്മാരും സ്വാതന്ത്ര്യസമര സേനാനികളുമായിരുന്ന പി. ഗോപിനാഥന് നായരുടെയും കെ.ഇ. മാമന്റെയും സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാമെന്ന് ഏറ്റിരുന്ന രാഹുല്‍ അതിന് തയ്യാറാവാതിരുന്നത് സ്ഥലത്ത് കാത്തുനിന്നിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ്സിന്റെ ക്ഷണമനുസരിച്ച് എത്തിച്ചേര്‍ന്ന ഗോപിനാഥന്റെയും മാമന്റെയും കുടുംബാംഗങ്ങളെയും രാഹുല്‍ അപമാനിച്ചു. രാഹുലിന്റെ വിചിത്രമായ ഈ പെരുമാറ്റത്തില്‍ രോഷാകുലരായ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും ശശി തരൂരും സ്വാതന്ത്ര്യസമരസേനാനികളുടെ ബന്ധുക്കളെ ഒരുവിധം പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു. പാര്‍ട്ടി നേതാവിന്റെ മര്യാദയില്ലാത്ത പെരുമാറ്റത്തോടുള്ള അമര്‍ഷം അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. സുധാകരന് തന്റെ രോഷം “എന്തുപറയാനാണ്’ എന്ന വാക്കില്‍ ഒതുക്കിയപ്പോള്‍, “വളരെ മോശമായിപ്പോയി’ എന്നുതന്നെ തരൂര്‍ തുറന്നടിച്ചു. ഉദ്ഘാടനത്തിനെത്താമെന്ന് തന്നോട് വാക്കു പറഞ്ഞിരുന്ന രാഹുല്‍ അവസാന നിമിഷം ദുര്‍മുഖം കാണിച്ചതില്‍ സുധാകരന് ഗാന്ധിയന്മാരുടെ ബന്ധുക്കളോട് മാപ്പുപറയേണ്ടിയും വന്നു. ഇത്തരം നടപടികള്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കുമെന്നു പറയാനും തരൂര്‍ മടിച്ചില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മറ്റു നേതാക്കളും പക്ഷേ ഇങ്ങനെയൊരു സംഭവം നടന്നതായിപ്പോലും ഭാവിച്ചില്ല. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. രാഹുലിന്റെ നിന്ദയ്ക്ക് കോണ്‍ഗ്രസ്സ് നേതൃത്വം മാപ്പുപറയണം.
നിശ്ചിത സമയത്തു തന്നെ യാത്ര സ്മൃതി മണ്ഡപത്തിനു മുന്നിലൂടെ കടന്നുപോയെങ്കിലും ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം കോണ്‍ഗ്രസ്സ് വൃത്തങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനത്തേക്ക് നടക്കുമെന്നു പറയപ്പെടുന്ന തെരഞ്ഞെടുപ്പ് പ്രഹസനവുമായി ബന്ധപ്പെട്ട് ശശി തരൂരും സുധാകരനും എടുത്തിട്ടുള്ള നിലപാടാണ് യഥാര്‍ത്ഥ പ്രശ്ന കാരണം. പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുല്‍ മത്സരിക്കാത്തപക്ഷം താന്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് തരൂര്‍ വളരെ മുന്‍പു തന്നെ പ്രഖ്യാപിച്ചതാണ്. ഇത് പാര്‍ട്ടിയിലെ ജനാധിപത്യം ശക്തിപ്പെടുത്തുമെന്നാണ് തരൂര്‍ കരുതുന്നത്. മനീഷ് തിവാരിയെപ്പോലുള്ള പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളുടെ പിന്തുണയും ഇതിനുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക പരസ്യപ്പെടുത്താത്തതില്‍ തരൂരും കൂട്ടരും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് സംസ്ഥാന ഘടകങ്ങളെ സമീപിച്ച് പട്ടിക പരിശോധിക്കാമെന്ന് പറഞ്ഞിരിക്കുകയാണ്. നെഹ്റു കുടുംബത്തില്‍നിന്ന് ആരും മത്സരിക്കുന്നില്ലെങ്കില്‍ തന്നെ ഏതെങ്കിലുമൊരു വിധേയനാവും കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. ഇയാള്‍ക്കെതിരെ മത്സരിക്കുന്നത് നെഹ്റു കുടുംബത്തിനെതിരെ മത്സരിക്കുന്നതിനു തുല്യമായാണ് സോണിയയും രാഹുലും അനുചരന്മാരും കാണുന്നത്. മുന്‍കാലത്ത് സോണിയക്കെതിരെ ജിതേന്ദ്ര പ്രസാദ പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് മത്സരിച്ച ദുരനുഭവമുണ്ടല്ലോ. അധികം വൈകാതെ ജിതേന്ദ്ര സോണിയാ കോണ്‍ഗ്രസ്സിന് അനഭിമതനാവുകയും അകാലചരമമടയുകയും ചെയ്തു. ജനാധിപത്യത്തെക്കുറിച്ച് വലിയ വായില്‍ സംസാരിക്കും. പക്ഷേ നെഹ്റു കുടുംബത്തിന്റെ ആധിപത്യം നിരുപാധികം അംഗീകരിച്ചുകൊടുക്കണം. ഇതാണ് കോണ്‍ഗ്രസ്സില്‍ പതിറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്.
അടുത്തിടെയായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും സോണിയാ കുടുംബത്തിന്റെ ഗുഡ്ബുക്കില്‍ നിന്ന് പുറത്തുപോയിരിക്കുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുപോയ ജി-23 നേതാക്കളെ അവരുന്നയിക്കുന്ന വിമര്‍ശനങ്ങള്‍ അംഗീകരിച്ച് ഉള്‍ക്കൊള്ളാമായിരുന്നുവെന്നും, താന്‍ ഈ നിര്‍ദ്ദേശം കേന്ദ്ര നേതൃത്വത്തിനു മുന്‍പാകെ വച്ചുവെങ്കിലും നിരസിക്കപ്പെടുകയായിരുന്നുവെന്നും സുധാകരന് പറയുകയുണ്ടായി. ശശി തരൂരിന് കോണ്‍ഗ്രസ്സ് അധ്യക്ഷപദവിയിലേക്ക് മത്സരിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നും, തരൂര്‍ മത്സരിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ മനഃസാക്ഷി വോട്ടു ചെയ്യുമെന്നും സുധാകരന് പ്രഖ്യാപിക്കുകയുണ്ടായി. രണ്ടുപേരും പാര്‍ട്ടിക്ക് അനഭിമതരാവാന്‍ ഇതൊക്കെ ധാരാളമായിരുന്നു. കെ.സി. വേണുഗോപാലിനെപ്പോലെ വിനീതവിധേയന്മാരായി വിടുപണി ചെയ്യേണ്ടവര്‍ മറിച്ചുചിന്തിക്കുന്നതുപോലും സോണിയാ കോണ്‍ഗ്രസ്സ് സഹിക്കില്ല. ഇതാണ് തരൂരിന്റെയും സുധാകരന്റെയും അഭ്യര്‍ത്ഥന മാനിച്ച് തിരുവനന്തപുരത്തെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ തയ്യാറാവാതിരുന്നത്. കേരളത്തിലെ പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനങ്ങള്‍ വഹിക്കുന്ന ഇരു നേതാക്കള്‍ക്കും തന്റെ അനുഭാവമില്ലെന്ന് വെളിപ്പെടുത്തുകയാണ് ഇതിലൂടെ രാഹുല്‍ ചെയ്തിരിക്കുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് കൂടുതല്‍ സീറ്റു പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം. ഇത്തരമൊരു ശ്രമത്തിന് ഇവിടുത്തെ സമുദായ സമവാക്യവും പാര്‍ട്ടി നേതാക്കളുടെ അധ്വാനവും മതിയാവും. എന്നിട്ടും അത് സ്വന്തം അക്കൗണ്ടില്‍പ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഭാരത് ജോഡോ യാത്രയുടെ പേരില്‍ കൂടുതല്‍ ദിവസം ഇവിടെ ചുറ്റിക്കറങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടുവര്‍ഷമുണ്ട്. അതുവരെ കേരളത്തിലെ കോണ്‍ഗ്രസ് ഇപ്പോഴത്തേതുപോലെ നിലനില്‍ക്കാനുള്ള സാധ്യത വളരെ കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: