Categories: Samskriti

ത്യാഗിനിയായ ഊര്‍മിള

Published by

വി.എസ്. ബാലകൃഷ്ണപിള്ള

എഴുത്തച്ഛന്റെ രാമായണം ഭക്തിരസപ്രധാനമാണ്. അതുകൊണ്ടുതന്നെ ചില കഥാപാത്രങ്ങള്‍ക്ക് ദൈവിക പരിവേഷം നല്‍കാന്‍ വേണ്ടി അമിത പ്രാധാന്യം നല്‍കിയിരിക്കുന്നു. എന്നാല്‍ തമിഴ്കൃതിയായ കമ്പരാമായണം തികച്ചും നിഷ്പക്ഷ കൃതിയാണ്. മുഖ്യകഥാപാത്രമായ ശ്രീരാമനു നല്‍കിയിട്ടുള്ള പ്രാധാന്യംതന്നെ പ്രതിനായകനായ രാവണനും നല്‍കിയിരിക്കുന്നു. എന്നാല്‍ കേരളീയര്‍ ഭക്തിരസത്തിനു പ്രാധാന്യം നല്‍കിയിട്ടുള്ള അധ്യാത്മരാമായണത്തെയാണ് അവലംബമാക്കയിട്ടുള്ളത്.

കഴിഞ്ഞ തലമുറവരെ കേരളീയ കുടുംബിനിമാര്‍ പ്രഭാതകീര്‍ത്തനമായി ചൊല്ലിയിരുന്ന ഒരു പദ്യം ചിലരെങ്കിലും ഒാര്‍ക്കുന്നുണ്ടാവും.

‘അഹല്യ ദ്രൗപതി സീതാ

താരാ മണ്ഡോദരീ തഥാ

പഞ്ചകന്യാസ്മരേ നിത്യം

മഹാപാതകനാശനും’

ഭാരതീയ വനിതാപാരമ്പര്യത്തിന്റെ വൈവിധ്യമാര്‍ന്ന പ്രതീകങ്ങളാണ് രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങള്‍. സഹധര്‍മിണി, സഹോദരി, പുത്രി, മാതാവ് എന്നിങ്ങനെയുള്ള ഓരോ അവസ്ഥകളും ഇവരില്‍ അന്തര്‍ലീനമാണ്. സീതയും മണ്ഡോദരിയും താരയും അഹല്യയുമെല്ലാം ഇന്നും ഓരോ സ്ത്രീയിലുമുണ്ട്. രാമായണ മഹാപുരാണത്തിലെ നിത്യദുഃഖിതയായ സീതയും ത്യാഗസമ്പന്നയായ ഊര്‍മിളയും  ഉത്തമകുടുംബിനിയായ മണ്ഡോദരിയും മുന്നില്‍ തുല്യപ്രഭാവത്തോടെ തെളിഞ്ഞുവരുന്നു.

സീത വ്യക്തിത്വമില്ലാത്ത ഒരു പാവം സ്ത്രീയാണെന്ന് ചിലരെങ്കിലും ധരിച്ചുവച്ചിട്ടുണ്ട്. അവര്‍ രാമായണം ശരിക്കും വായിച്ചിട്ടില്ല എന്നര്‍ത്ഥം. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയില്‍ ശ്രീരാമനെ പരുഷമായിതന്നെയാണ് സീത വിമര്‍ശിക്കുന്നത്. വാസ്തവത്തില്‍ അതിലും പരുഷമായി അതിനു മുമ്പും  സീത പറയുന്നുണ്ട്.

‘എന്തോര്‍ത്തു രാമ വൈദേഹനെ-

ന്നച്ഛന്‍ മിഥിലാധിപന്‍’’

എന്നുപോലും സീത ശ്രീരാമനെ ഓര്‍മപ്പെടുത്തുന്നു. ശ്രീരാമന്‍ മാനിനെ പിടിക്കാന്‍ പോയ വേളയില്‍ ലക്ഷ്മണനോടും അതികഠിനമായി ശകാരവാക്കുകള്‍ പറയുന്നതായി കാണാം. അഗ്നിപ്രവേശഘട്ടത്തിലെ ദൃഢനിശ്ചയഭാവം പോലും ഒരു ഉത്തമകുല സ്ത്രീക്കു ചേര്‍ന്നതാണ്.

ആചാര്യന്മാര്‍ വിധിച്ചിട്ടുള്ള നിത്യസ്മരണീയരായ പഞ്ചകന്യകകളില്‍ ലക്ഷ്മണഭാര്യയായ ഊര്‍മിള പെടുന്നില്ല. എങ്കില്‍പ്പോലും ത്യാഗസമ്പന്നരുടെ കാര്യത്തില്‍ രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങളില്‍ ഉന്നതസ്ഥാനം ഊര്‍മിളക്കു മാത്രം അവകാശപ്പെട്ടതാണ്. സീതയ്‌ക്കു രാമനെപ്പോലെയാണ് ഊര്‍മിളക്ക് ലക്ഷ്മണനും. എന്നാല്‍ രാമനു സീതയെപ്പോലെ ആയിരുന്നില്ല ലക്ഷ്മണനു ഊര്‍മിള. ശ്രീരാമനോടുള്ള അത്യാദരവുമൂലം ഭാര്യയെ വേണ്ടവിധം ശ്രദ്ധിക്കാന്‍ ലക്ഷ്മണനു കഴിഞ്ഞിരുന്നില്ല. എന്നിട്ടും ഊര്‍മിള ഒരിക്കലും ലക്ഷ്മണനോടു പരിഭവിച്ചില്ല. സീതയെപ്പോലെ ഒരു നിമിഷം പോലും കാന്തനെ പിരിയാന്‍ വയ്യാത്ത മട്ടായിരുന്നു ഊര്‍മിളയ്‌ക്കെങ്കില്‍ രാമായണകഥയുടെ ഗതിതന്നെ മാറിപ്പോകുമായിരുന്നു. ദശരഥന്‍ ശ്രീരാമനെ മാത്രമേ വനവാസത്തിനു നിയോഗിച്ചിരുന്നുള്ളൂ. ലക്ഷ്മണന് പോകേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. എന്നിട്ടും ജ്യേഷ്ഠന് അകമ്പടി സേവിക്കാന്‍ പുറപ്പെട്ട ലക്ഷ്മണന്റെ പുറകെ താനും പോകുമെന്ന് ഊര്‍മിള ശാഠ്യം പിടിച്ചില്ല. യൗവനത്തിന്റെ നല്ലകാലത്തില്‍ ഊര്‍മിള കൊട്ടാരത്തില്‍ അമ്മമാരെ ശുശ്രൂഷിച്ച് കഴിച്ചുകൂട്ടുകയാണ് ചെയ്തത്. അങ്ങനെ സീതയുടേതുപോലെ ഊര്‍മിളയുടെ വ്യക്തിത്വവും രാമായണകഥയില്‍ അനശ്വരമായി നിലനില്‍ക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by