മാഹി: അരനൂറ്റാണ്ടുമുമ്പ്, 30 വയസില്‍, ആത്മീയ കേന്ദ്രമായ ഹരിദ്വാര്‍ ലഹരിമരുന്നിന്റെ ലോകമാണെന്ന് നോവലിലൂടെ പറഞ്ഞ പ്രസിദ്ധ എഴുത്തുകാരന്‍ എം. മുകുന്ദന്‍ എണ്‍പതാം പിറന്നാളിന് ഗുരുവായൂരില്‍. 50 വര്‍ഷത്തിനിടെ വന്ന മനംമാറ്റത്തില്‍ മുകുന്ദന്‍ ഗുരുവായൂരില്‍ ദീപാരാധന തൊഴുതു. വാകച്ചാര്‍ത്ത് കണ്ടു, പ്രസാദമൂട്ടില്‍ പങ്കുകൊണ്ടു. ഇനിയും വരുമെന്ന ഉറപ്പു നല്‍കി മടങ്ങി. ഭാര്യ ശ്രീജയും ഒപ്പമുണ്ടായിരുന്നു. പൂരമാണ് ജന്മനക്ഷത്രം. സപ്തംബര്‍ പത്താണ് ജനനത്തീയതി. ആ ദിവസമാണ് പിറന്നാളായി ഞാന്‍ കണക്കാക്കുക. ഇത്തവണ ഗുരുവായൂരപ്പന്റെ മുന്നിലാവട്ടെ പിറന്നാളെന്ന് ആഗ്രഹിച്ചു. ഭാര്യ ശ്രീജയ്ക്കും സമ്മതം. കുറച്ച് കാലമായി ഇവിടെ വരാന്‍ ആഗ്രഹിക്കുന്നു. വളരെ സന്തോഷമാണ് ഇവിടെ വരുന്നത്, എം. മുകുന്ദന്‍ പറഞ്ഞു.
പിറന്നാള്‍ ദിനത്തില്‍ പ്രസാദ ഊട്ട് കഴിക്കാനായതിന്റെ ആഹ്ലാദവും അദ്ദേഹം പങ്കിട്ടു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അന്നലക്ഷ്മി ഹാളില്‍ ഭക്തര്‍ക്കൊപ്പമിരുന്ന് പ്രസാദ ഊട്ടു കഴിച്ചശേഷം ഇങ്ങനെ പറഞ്ഞു: ‘അത് ചോദിക്കാനുണ്ടോ. അതിഗംഭീരമല്ലേ. ഒരു പ്രത്യേക ടേസ്റ്റാണ്. സിംപിളും. പാല്‍പ്പായസവും കേമം. കൊവിഡ് കാലത്തിനുമുമ്പ് ഇവിടെവന്ന് പ്രസാദ ഊട്ട് കഴിച്ചിട്ടുണ്ട്. സുഹൃത്തിനൊപ്പമാണ് അന്ന് വന്നത്,” അദ്ദേഹം മനസ് തുറന്നു.
അവിട്ടം ദിനത്തില്‍ ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് ഭാര്യ ശ്രീജക്കൊപ്പം എം. മുകുന്ദന്‍ ഗുരുവായൂരെത്തിയത്. ദേവസ്വം ശ്രീവല്‍സം അതിഥിമന്ദിരത്തില്‍ താമസിച്ചു. വൈകിട്ട് ദീപാരാധനയ്‌ക്ക് ക്ഷേത്രത്തിലെത്തി. ഗുരുവായൂരപ്പനെ കണ്‍നിറയെ കണ്ടു. പ്രാര്‍ത്ഥിച്ചു. ഭഗവാന്റെ പ്രസാദവും വാങ്ങി. പിറന്നാള്‍ ദിനമായ ഇന്നലെ പുലര്‍ച്ചെ നാലുമണിക്കുതന്നെ ക്ഷേത്രത്തിലെത്തി ഗുരുവായൂരപ്പനെ തൊഴുതു. തിരിച്ച് റൂമിലെത്തുമ്പോള്‍ ഇഷ്ടസാഹിത്യകാരന് പിറന്നാള്‍ ആശംസയുമായി ആരാധകരുടെ നിരവധി ഫോണ്‍ വിളികളെത്തി.
ദേവസ്വത്തിനുവേണ്ടി ഭരണസമിതി അംഗം സി. മനോജ് ശ്രീവല്‍സം പൊന്നാടയണിയിച്ചു. പിറന്നാള്‍ ആശംസയും അറിയിച്ചു. രണ്ടു ദിവസം ഗുരുവായൂരില്‍ ചെലവഴിച്ച് മുകുന്ദന്‍ മടങ്ങി. ‘ഇനിയും അവസരം കിട്ടുമ്പോഴെല്ലാം ഗുരുവായൂരപ്പസന്നിധിയില്‍ വരുമെന്ന് ഉറപ്പ് നല്‍കിയാണ് ഇരുവരും പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: