ന്യൂദല്‍ഹി: തെരുവ് നായ്ക്കളെ തീറ്റിപ്പോറ്റുന്നവര്‍ നായ് കടി മൂലം ചെലവാകേണ്ടി വരുന്ന തുകയും തെരുവുനായ്ക്കള്‍ വാക്സിന് നല്‍കേണ്ട ചെലവും വഹിക്കേണ്ടിവരുമെന്ന അഭിപ്രായപ്രകടനവുമായി സുപ്രീംകോടതി. കേരളത്തിലെ തെരുവ് നായകളുടെ ആക്രമണം കൂടിവരുന്നതിനെതിരെ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ജെ.കെ. മഹേശ്വരിയുടെ ഈ നിരീക്ഷണം നടത്തിയത്.
ആര്‍ക്കെങ്കിലും തെരുവുനായയുടെ കടിയേറ്റാന്‍ അതിന്റെ ചെലവും തീറ്റുപ്പോറ്റുന്നവര്‍ വഹിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സെപ്തംബര്‍ 28നാണ് കോടതി അന്തിമവിധി പുറപ്പെടുവിക്കുക. അതേ സമയം തെരുവ് നായ് ഭീതിക്ക് ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. മൃഗങ്ങളുടെ അവകാശം സംരക്ഷിക്കുമ്പോള്‍ തന്നെ ജനങ്ങളുടെ സുരക്ഷയും കണക്കിലെടുക്കണമെന്ന് കോടതി പറഞ്ഞു.
“നമ്മളില്‍ അധികം പേരും നായ് സ്നേഹികളാണ്. ഞാനും നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാറുണ്ട്. ചില കാര്യങ്ങള്‍ എന്റെ മനസ്സിലേക്ക് വരുന്നു. ആളുകള്‍ തെരുവു നായ്ക്കളെ സ്നേഹിക്കുന്നതില്‍ വിരോധമില്ല. പക്ഷെ അവര്‍ ആരൊക്കെയെന്ന് കൃത്യമായി അടയാളപ്പെടുത്തണം. അല്ലാതെ ചിപ്പിലൂടെ നായ്ക്കളെ മാത്രം ട്രാക്ക് ചെയ്താല്‍ പോരാ”- ജസ്റ്റിസ് ഖന്ന നിരീക്ഷിച്ചു.
നായ്ക്കളെ തീറ്റിപ്പോറ്റുന്നവര്‍ തന്നെ തെരുവുനായ്ക്കള്‍ക്ക് വാക്സിന് നല്‍കണമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ വാക്സിന് എടുത്തവര്‍ക്കും മരണം സംഭവിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചപ്പോള്‍ ഇക്കാര്യവും വിശദമായി പരിശോധിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു. സാബു സ്റ്റീഫന്‍, ഫാ. ഗീവര്‍ഗീസ് തോമസ് എന്നിവരാണ് സുപ്രീംകോടതിയില്‍ കേസ് നല്‍കിയത്. തെരുവുനായ്ക്കളുടെ കടിയേറ്റുള്ള പരാതികള്‍ പരിശോധിക്കാന്‍ 2016ല്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും സുപ്രിംകോടതി അറിയിച്ചു.
റോഡിലൂടെ നടക്കുന്നവരെ പട്ടി കടിക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്ന് കോടതി പറഞ്ഞു. അപകടകാരികളായ പട്ടികളെ പ്രത്യേക ഷെല്‍റ്ററിലേക്ക് മാറ്റിക്കൂടെ എന്നും സുപ്രീംകോടതി ചോദിച്ചു.
അതേ സമയം തെരുവ് നായ് ശല്ല്യത്തിന് നഗരസഭാ അധികൃതരെ ഉത്തരവാദികളാക്കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി, കേരള ഹൈക്കോടതി എന്നിവയുടെ വിധികള്‍ക്കെതിരെ ചില എന്‍ജിഒകളും വ്യക്തികളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു കൂട്ടം പരാതികള്‍ സപ്രീംകോടതികള് പരിശോധിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: