ജമ്മു: മോദി സര്‍ക്കാര്‍ എടുത്തുമാറ്റിയ കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് മുന്‍ നേതാവ് ഗുലാം നബി ആസാദ്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ നിയമം എടുത്തുമാറ്റുമെന്ന് ചിലര്‍ പറയുന്നുണ്ട്. അത്തരം വാഗ്ദാനം ചെയ്യുന്നവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ അങ്ങനെ നിയമം റദ്ദാക്കാന്‍ കഴിയില്ലെന്നും അദേഹം പറഞ്ഞു. പൊള്ളയായ വാഗ്ദാനങ്ങള്‍ കൊടുക്കാന്‍ താന്‍ ഇല്ലെന്നും അദേഹം വ്യക്തമാക്കി.
പത്തുദിവസത്തിനകം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ബാരമുല്ലയില്‍ നടന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 26നാണ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം അടക്കം മുഴുവന്‍ പദവികളില്‍ നിന്നും ഗുലാം നബി ആസാദ് രാജിവെച്ചത്. സോണിയ ഗാന്ധിക്കയച്ച രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനവും ആഗസ്റ്റ് 17ന് ഗുലാം നബി ആസാദ് രാജിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: