തിരുവനന്തപുരം: വിഴിഞ്ഞത്ത് ബഹുജന സമരത്തിന് ആഹ്വാനം ചെയ്ത് ലത്തീൻ അതിരൂപത. ഇതുമായി ബന്ധപ്പെട്ട് അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ സർക്കുലർ വായിച്ചു. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ചയാണ് പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ഒരു മാസം പിന്നിട്ടിട്ടും അനുകൂല നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് അതിരൂപതയുടെ പുതിയ നീക്കം.
ഇന്നത്തെ കുർബാനയ്ക്കിടയിലാണ് ആർച്ച് ബിഷപ്പിന്റെ സർക്കുലർ പള്ളികളിൽ വായിച്ചത്. ബഹുജന സമരത്തിന് വിവിധ സംഘടനകളുടെയും ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തണം. നിരവധി തവണ ചർച്ച നടത്തിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് ഉറപ്പുകളൊന്നും ലഭിക്കുന്നില്ലെന്നും സർക്കുലറിൽ പറയുന്നു.
ഈ മാസം പതിനാലിന് മൂലമ്പള്ളിയിൽ നിന്നും ആരംഭിക്കുന്ന ബഹുജന മാർച്ചിൽ പങ്കെടുക്കണമെന്ന് രൂപതകളോട് കെസിബിസി അധ്യക്ഷനും സീ റോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൽ മാർ ആലഞ്ചേരി ആഹ്വാനം ചെയ്തിരുന്നു. 18ന് മാർച്ച് വിഴിഞ്ഞത്തെത്തും. ഇതിനിടെ തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞിയോര്‍ യൂജിന്‍ പെരേര ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ നിലപാടിന് വ്യക്തതയില്ലെന്ന് യൂജിന്‍ പെരേര പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: